"കൃത്യത്തിൽ പങ്കില്ലെന്ന് പറയാനാകില്ല, കയ്യോടെ പിടികൂടിയ കേസാണ്"
കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് തൃക്കാക്കര എസിപി. ലഹരി കണ്ടെടുത്തത് വിദ്യാർഥികളുടെ മുറിയിൽ നിന്നാണ്. പൂർവവിദ്യാർഥികൾക്കും പങ്കുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും തൃക്കാക്കര എസിപി പ്രതികരിച്ചു.
ഹോളി ആഘോഷം കൊഴുപ്പിക്കുന്നതിനാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടോ എന്നതിൽ അന്വേഷണം നടത്തണം. പുറത്തുള്ളവർക്ക് പങ്കുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്. പൂർവ്വവിദ്യാർഥികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞു. എസ്എഫ്ഐയുടെ വാദം തള്ളിയ പൊലീസ് അഭിരാജിന് പങ്കില്ലെന്ന് വിശ്വസിക്കാനാകില്ലെന്നും അയാളുടെ മുറിയിൽ നിന്നാണ് കണ്ടെത്തിയതെന്നും പ്രതികരിച്ചു. കൃത്യത്തിൽ പങ്കില്ലെന്ന് പറയാനാകില്ല, കയ്യോടെ പിടികൂടിയ കേസാണ്. കൊച്ചിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും പുറമെ പൊതു ഇടങ്ങളിലും ഹോട്ടലുകളിലും മറ്റും വ്യാപകമായി പരിശോധന നടത്തുമെന്നും തൃക്കാക്കര എസിപി പറഞ്ഞു.
ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിശദീകരണവുമായി എസ്എഫ്ഐ നേരത്തെ രംഗത്തെത്തിയിരുന്നു. കേസിൽ എസ്എഫ്ഐ ഭാരവാഹികൾക്ക് പങ്കില്ലെന്ന് ഏരിയ സെക്രട്ടറി ദേവരാജ് പ്രതികരിച്ചു. യഥാർഥ പ്രതി കെഎസ്‌യു പ്രവർത്തകൻ ആദിലെന്നും ആരോപിച്ചു. അഭിരാജിനെ മനഃപൂർവം കുടുക്കിയതെന്നും ഏരിയ സെക്രട്ടറി വിശദീകരിച്ചു. താൻ ഇന്നേവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജാമ്യം ലഭിച്ച അഭിരാജും പ്രതികരിച്ചു.
സംഭവത്തിൽ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളമശേരി പോളി ടെക്നിക് പ്രിൻസിപ്പൽ പ്രതികരിച്ചു. പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കും. പുറത്തു നിന്നുള്ള വിദ്യാർഥികൾ ക്യാമ്പസിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും പ്രിൻസിപ്പൽ ഐജു തോമസ് പറഞ്ഞു.
എസ്എഫ്ഐ നേതാവ് അടക്കം മൂന്ന് വിദ്യാർഥികളാണ് കേസിൽ അറസ്റ്റിലായത്. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആലപ്പുഴ സ്വദേശി ആദിത്യൻ, കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെയാണ് കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.