സംഭവത്തിൽ കെഎസ്‌യു രാഷ്‌ട്രീയം കലർത്തുന്നില്ലെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു
അലോഷ്യസ് സേവ്യർ
കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്. ലഹരിക്ക് കടിഞ്ഞാണിടാൻ സർക്കാരിന് കഴിയുന്നില്ല. എവിടെ നിന്നാണ് ലഹരി വരുന്നത് എന്ന് കണ്ടെത്തണമെന്ന് കെഎസ്‌യു പ്രസിഡന്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് കെഎസ്‌യു ഒപ്പമുണ്ടെന്നും അലോഷ്യസ് സേവ്യർ അറിയിച്ചു.
സംഭവത്തിൽ കെഎസ്‌യു രാഷ്‌ട്രീയം കലർത്തുന്നില്ലെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. റെയ്ഡിലൂടെ ലഹരി പിടികൂടിയ സർക്കാരിന്റെ ആർജവത്തെ അഭിനന്ദിക്കുന്നു. കണ്ണിൽ പൊടിയിടാനാകരുത് നടപടി. പരസ്പരം കരിവാരിതേക്കുന്ന സമീപനം അല്ല വേണ്ടത്. പോളിടെക്നിക്കിലെ ലഹരിപദാർത്ഥ വേട്ടയിൽ കെഎസ്‌യുക്കാർ ഉണ്ടെങ്കിൽ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യട്ടെ. കെഎസ്‌യുക്കാർ ഉണ്ടെങ്കിൽ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യട്ടെയെന്നും ആരോപണ വിധേയരായവരുടെ കെഎസ്‌യു ബന്ധം പരിശോധിക്കുമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.
കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എസ്എഫ്ഐ നേതാവ് അടക്കം മൂന്ന് വിദ്യാർഥികളാണ് കേസിൽ അറസ്റ്റിലായത്. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആലപ്പുഴ സ്വദേശി ആദിത്യൻ, കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെയാണ് കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാവാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തതെന്നാണ് തൃക്കാക്കര എസിപി പറയുന്നത്. ഹോളി ആഘോഷം കൊഴുപ്പിക്കുന്നതിനാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടോ എന്നതിൽ അന്വേഷണം നടത്തണം. പുറത്തുള്ളവർക്ക് പങ്കുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്. പൂർവ്വവിദ്യാർഥികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസിപി പറഞ്ഞു. എന്നാൽ കേസിൽ അറസ്റ്റിലായ അഭിരാജിനെ കുടുക്കിയതാണെന്നാണ് എസ്എഫ്ഐയുടെ വാദം. യഥാർഥ പ്രതി കെഎസ്‌യു പ്രവർത്തകൻ ആദിലാണെന്നും എസ്എഫ്ഐ ഏരിയ സെക്രട്ടറി ദേവരാജ് ആരോപിച്ചു. താൻ ഇന്നേവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജാമ്യം ലഭിച്ച ശേഷം അഭിരാജും പ്രതികരിച്ചു.