വായ്പകൾ എഴുതിത്തള്ളാൻ ആവില്ലെന്നും, മൊറട്ടോറിയം അനുവദിക്കമെന്നുമാണ് കേന്ദ്രം അറിയിച്ചത്
വയനാട് ദുരന്തബാധിതരുടെ ലോൺ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ. വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഉത്തരവ് കേരളസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായ്പകൾ എഴുതിത്തള്ളാൻ ആവില്ലെന്നും, മൊറട്ടോറിയം അനുവദിക്കമെന്നുമാണ് കേന്ദ്രം അറിയിച്ചത്. ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ, എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കുന്ന ഹർജിയിലാണ് കേന്ദ്രത്തിൻ്റെ നിലപാട് കേരളം അറിയിച്ചത്.
കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ ദുരന്തബാധിതരോട് കാണിക്കുന്ന കേന്ദ്ര അവഗണനയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം നൽകി, മുതലും പലിശയും പുനഃക്രമീകരിക്കാൻ തീരുമാനമായി എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു.
ALSO READ: 'മുനമ്പത്തെ ഭൂമി വഖഫല്ല' ; വഖഫ് ട്രൈബ്യൂണലിനു മുന്നിൽ നിലപാട് മാറ്റി സിദ്ദീഖ് സേഠിൻ്റെ കൊച്ചുമക്കൾ
വയനാട്ടിലെ കടാശ്വാസത്തിനോട് കേന്ദ്രം സ്വീകരിക്കുന്ന നടപടികളിൽ വ്യക്തത വരുത്തി വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും, ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വിശദമായ വാദങ്ങളിലേക്ക് ഒന്നും പോകാതെ കേന്ദ്രം അറിയിച്ച കാര്യങ്ങൾ സർക്കാർ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. കേന്ദ്രത്തിൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. ഹർജി നാളെ പരിഗണിക്കുമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും സമയപരിധിയില്‍ വ്യക്തത വരുത്തണമെന്നും കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥന്‍ കോടതിയുടെ മുകളിലാണ് എന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത ഫ്‌ളൈറ്റില്‍ ഇവിടെ എത്തിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. വായ്പ എഴുതിത്തള്ളുന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാർ തന്നെയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ അവരുടെ നിലപാട് വ്യക്തമാക്കിയത്.