ആനന്ദകുമാറിൻ്റെ ജാമ്യാപക്ഷ ഹൈക്കോടതി തള്ളി.
പകുതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിന്‍റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി നൽകിയ ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.
പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം നൽകി 122 പേരിൽ നിന്ന് 60000 വീതവും 52 പേരിൽ നിന്ന് 30000 വീതവും 127 പേരിൽ നിന്ന് തയ്യൽ മെഷീൻ നൽകാനെന്ന് പറഞ്ഞ് 11.31 ലക്ഷവും തട്ടിയെടുത്തെന്ന കേസിലാണ് എൻ.ജി.ഒ കോൺഫെഡറേഷൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ആനന്ദകുമാർ അറസ്റ്റിലായത്. താൻ നിരപരാധിയാണെന്നും പണം തട്ടിപ്പ് ആരോപണവുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ഹർജിയിലെ വാദം. എന്നാൽ ജാമ്യം നൽകരുതെന്നും അന്വേഷണം നടക്കുകയാണെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് ജാമ്യപേക്ഷ തള്ളിയത്.