വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ റെഡ് അലേർട്ടും, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറിയിപ്പ് പുറത്തുവിട്ടതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കേരളത്തിലെ എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗനവാടി, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലാണ് കളക്ടറുടെ നടപടി.
മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ കോട്ടയത്ത് നിയന്ത്രണങ്ങൾ കടുപ്പിപ്പിച്ച് ജില്ലാ ഭരണകൂടം ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഡിസംബർ 4 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. താലൂക്ക് കേന്ദ്രങ്ങളിലും കളക്ട്രേറ്റിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിലും ഖനന പ്രവർത്തനങ്ങൾക്കും ഈ മാസം നാല് വരെ നിരോധനം ഏർപ്പെടുത്തി.
ALSO READ: സംസ്ഥാനത്ത് മഴ ശക്തമാകും; 6 ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രതാ നിർദേശം
റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല തീർഥാടകർക്ക് പത്തനംതിട്ട ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. തീർഥാടകർ രാത്രി പമ്പാ നദിയിൽ കുളിക്കാൻ ഇറങ്ങരുതെന്നും, വനത്തിൽ ശക്തമായ മഴയുള്ളതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ശബരിമല തീർഥാടകരൊഴികെ ഉള്ളവരുടെ മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. രാവിലെയും മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർഥാടകരെ കടത്തിവിടില്ല. മലയോരമേഖലയായ അത്തിക്കയം, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കൂടുതൽ അളവിൽ മഴ ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, ഇല്ലിക്കൽകല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഡിസംബർ നാല് വരെയാണ് നിയന്ത്രണം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട -വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം ഏർപ്പെടുത്തി. അതേസമയം, ശക്തമായ മഴയെ തുടർന്ന് ശബരിമല എരുമേലി അട്ടിവളവിനു സമീപം മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ടീമും, ക്യുക്ക് റസ്പോൺസ് ടീം അംഗങ്ങളും ചേർന്ന് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു
റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അവധിയെടുത്ത റവന്യൂ വകുപ്പ് ജീവനക്കാർ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ നിർദേശം നൽകി. ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്ത നിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുവാൻ എല്ലാ റവന്യൂ ഓഫീസുകളും സജ്ജമാകണമെന്നും മന്ത്രി നിർദേശിച്ചു. പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കാൻ തയ്യാറാകണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.