ഇന്ന് വൈകിട്ടാണ് എംബിഎ ഫിനാൻസ് മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. പറഞ്ഞതിനും ഒരു ദിവസം മുമ്പ് ഫലം പുറത്തുവിട്ടു
കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് പുനഃപരീക്ഷ നടത്തിയതിന് പിന്നാലെ മൂന്നാം സെമസ്റ്റർ എംബിഎ വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ടാണ് എംബിഎ ഫിനാൻസ് മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. പറഞ്ഞതിനും ഒരു ദിവസം മുമ്പ് ഫലം പുറത്തുവിട്ടു. ഉത്തരക്കടലാസ് നഷ്ടപ്പെട്ട 71 വിദ്യാർഥികളിൽ 65 പേരാണ് പരീക്ഷ എഴുതിയത്.
കഴിഞ്ഞ ദിവസമാണ് ഉത്തരക്കടലാസുകൾ നഷ്ടമായതിനെ തുടർന്നു കേരള സർവകലാശാല നടത്തിയ എംബിഎ മൂന്നാം സെമസ്റ്റർ പുനഃപരീക്ഷ പൂർത്തിയായത്. 65 പേരാണ് പരീക്ഷയ്ക്കെത്തിയത്. ആറ് കേന്ദ്രങ്ങളിലായായി ആയിരുന്നു പരീക്ഷ നടന്നത്. പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി 22ന് വീണ്ടും പരീക്ഷ നടത്തുമെന്നും സർവകലാശാല അറിയിച്ചിരുന്നു. 71 പേരുടെ ഉത്തരക്കടലാസുകളായിരുന്നു അധ്യാപകൻ്റെ കയ്യിൽ നിന്നും നഷ്ടമായത്. എംബിഎ മൂന്നാം സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണു നഷ്ടപ്പെട്ടത്.
അതേസമയം, ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടേക്കും. വൈസ് ചാൻസലർ ആണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. വിസിക്ക് അന്വേഷണ സമിതി റിപ്പോർട്ട് നൽകി. സംഭവത്തിൽ അധ്യാപകൻ വീഴ്ച വരുത്തി. മൊഴിയിലും വൈരുധ്യമുണ്ട്. വിഷയത്തിൽ പൊലീസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പുനഃപരീക്ഷയ്ക്ക് ചെലവായ തുക സഹകരണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഈടാക്കാനും തീരുമാനമായി. കേന്ദ്രീകൃത മൂല്യനിർണയം ഉറപ്പാക്കും. സർവകലാശാലയുമായി അഫിലിയെറ്റ് ചെയ്ത എല്ലാ അധ്യാപകർക്കും പ്രത്യേക ഐഡി നൽകും. അധ്യാപക നിയമനത്തിനുള്ള യോഗ്യത മാനദണ്ഡം പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മെയില്‍ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ജനുവരിയില്‍ നഷ്ടപ്പെട്ടത്. പാലക്കാട് വെച്ച് ബൈക്കില്‍ സഞ്ചരിക്കവേയാണ് അധ്യാപകന്റെ പക്കല്‍ നിന്നും വീഴ്ച ഉണ്ടായത്. 2022-2024 ബാച്ച് വിദ്യാര്‍ഥികളുടെതായിരുന്നു ഉത്തരക്കടലാസ്.