fbwpx
കെ.ജി. ജോർജ്: മലയാളിയിലെ കാണിയെ വെല്ലുവിളിച്ച തന്‍റേടി
logo

ശ്രീജിത്ത് എസ്

Posted : 01 Feb, 2025 06:24 PM

പ്രേക്ഷകന് തലച്ചോറും ഉണ്ട് എന്ന് വിശ്വസിക്കുന്ന അപൂർവം സിനിമാക്കാരിൽ ഒരാൾ- കെ.ജി. ജോർജ്

MALAYALAM MOVIE


മാറഞ്ചേരിക്കാരൻ മുഹമ്മദ് ബാപ്പു എന്ന പാർസി മുഹമ്മദിന് ഒരു ആ​ഗ്രഹം. ഒരു സിനിമ പിടിക്കണം. അയാൾ അക്കാലത്ത് ബോംബെയിൽ വലിയ ബിസിനസ്സും അധോലോകവും ഒക്കെയായി നടക്കുകയാണ്. ആയിടയ്ക്കാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു കഥ മുഹമ്മദിന്റെ കണ്ണിൽപ്പെടുന്നത്. എഴുതിയിരിക്കുന്നത് ഒരു സൈക്കോ! അതേ മലയാളത്തിലെ ആദ്യ മനശാസ്ത്ര പംക്തിക്കാരൻ സൈക്കോ മുഹമ്മദ്. പിന്നെ ഒന്നും നോക്കിയില്ല. പാർസി മുഹമ്മദ് നേരെ പൂനെയിലുള്ള സൈക്കോയുടെ അടുത്തെത്തി കഥ സിനിമ ആക്കിയാലോ എന്ന ആശയം കൈമാറി. തിരക്കേറിയ ആ മനശാസ്ത്രജ്ഞൻ അയാളെ അനുഭാവപൂർവം പരി​ഗണിച്ച് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തുക്കളെ ഒക്കെ കൊണ്ട് പരിചയപ്പെടുത്തി. ബോംബയിലെത്തിയിട്ടും പാർസി ഇടയ്‌ക്കൊക്കെ ഫോൺവിളിച്ച് സിനിമാക്കഥ എന്തായി എന്നുതിരക്കും. ഒടുവിൽ സൈക്കോ മുഹമ്മദ് ഒരു കഥയെഴുതി. അക്കാലത്ത് മുന്നിലെത്തിയ ഒരു കേസ് തന്നെയാണ് കഥാതന്തു.



മദ്രാസ് എഗ്മൂർ സ്റ്റേഷൻ പരിസരത്തുനിന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ ഒരാളെ ആരോ മിലിറ്ററി ആസ്​പത്രിയിൽ എത്തിക്കുന്നു. ബോധം വന്നപ്പോൾ അയാൾക്ക് സ്വന്തം ഊരും പേരും ഒന്നും അറിയില്ല. സൈക്കോ അനാലിസിസിൽ അയാളുടെ പൂർവകഥ വെളിയിൽ വരുന്നു. ചാല മാർക്കറ്റിലേക്ക് തുണി വാങ്ങാൻ സ്‌കൂട്ടറിൽ പോയ ആൾ മനസ്സിന്റെ സമനില തെറ്റി മദിരാശിയിലെത്തിയതാണ്. കഥ എഴുതി, പലായനം എന്ന് പേരുമിട്ടു. സാധനം തിരക്കഥയാക്കാൻ റെയിൽവേയിൽ ജോലി ചെയ്തിരുന്ന പമ്മനെ ഏൽപ്പിക്കുന്നു. ​ഗൗതമൻ എന്നൊരാളെയാണ് സംവിധായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ പലയിടം കറങ്ങി ആ തിരക്കഥ എത്തിപ്പെടുന്നത് എഫ്ടിഐഐയിൽ നിന്നും പഠിച്ചിറങ്ങിയ ഒരു തിരുവല്ലാക്കാരനിലാണ്. രാമു കാര്യാട്ടിന്റെ അസിസ്റ്റന്റ്. ഒരു ​ഗൗരവക്കാരൻ. പ്രേക്ഷകന് തലച്ചോറും ഉണ്ട് എന്ന് വിശ്വസിക്കുന്ന അപൂർവം സിനിമാക്കാരിൽ ഒരാൾ- കെ.ജി. ജോർജ്.


Also Read: സ്റ്റീവൻ സ്പിൽബ‍​ർ​ഗ്: ഭാവനാകാശത്ത് കഥകൾ മെനയുന്ന ചലച്ചിത്രകാരൻ


കെ.ജി. ജോർജ് തിരക്കഥയെ കീറിമുറിച്ച് പഠിച്ച് അതിന്റെ മനശാസ്ത്രപരമായ ലെയറിന് ചേരുന്ന ഒരു വിഷ്വൽ സ്ട്രക്ച്ചർ തയ്യാറാക്കി. പലായനം എന്ന പേര് ഉറൂബ് സ്വപ്നാടനം എന്ന് മാറ്റി. ആ പേര് പിന്നീട് മലയാള സിനിമാ ചരിത്രത്തിന്റെ തന്നെ ഭാ​ഗമായി. അവിടെ നിന്നാണ് മലയാളത്തിന്റെ ജോർജ്ജാശാന്റെ തുടക്കം.

ബ്ലാക്ക് ആൻഡ് വൈറ്റിലാണ് സ്വപ്നാടനം ഇറങ്ങിയത്. മാതൃകാ കുടുംബം എന്ന ധാരണയെ ജോർജ് തകർക്കാൻ തുടങ്ങിയത് ഈ സിനിമയിൽ നിന്നുമാണ്. അതുവരെ മലയാള സിനിമയിൽ കണ്ടു പരിചയിക്കാത്ത ആവർത്തിക്കുന്ന സ്വപ്ന ദൃശ്യങ്ങളും മായക്കാഴ്ചകളും കൊണ്ട് സമ്പന്നമായിരുന്നു ഈ സിനിമ. കഥാപാത്രങ്ങളെക്കാൾ അവരുടെ മാനസിക തലത്തിന് പ്രാധാന്യം നൽകുന്ന നറേറ്റീവാണ് ഇതിൽ ജോർജ് സ്വീകരിച്ചിട്ടുള്ളത്. ഷോട്ടുകളുടെ സെലക്ഷൻ പോലും പുതിയതായിരുന്നു. പ്രധാന കഥാപാത്രമായ ​ഗോപിയുടെ മുറിയിലെ വലിയ കണ്ണാടിയെ അതിവിദ​ഗ്ധമായി ഉപയോ​ഗിച്ചിരിക്കുന്നത് പല സീനുകളിലും കാണാം. ഇന്ന് ഇത്തരം മിറർ സീനുകൾ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോ​ഗിക്കുമ്പോൾ പ്രത്യേക ഉദ്ദേശ്യത്തോടെ മാത്രമാണ് ജോർജ് അത്തരം ഷോട്ടുകളെ സമീപിച്ചത്.

കെ.ജി. ജോർജിന്റെ ഒരു പ്രധാന പ്രത്യേകതയായി കാണുന്ന അഭിനേതാക്കളെ കഥാപാത്രങ്ങളായി മാറ്റുന്ന വിദ്യയുടെ തുടക്കവും സ്വപ്നാടനത്തിൽ നിന്നാണ്. ചിത്രത്തിൽ ​ഗോപിയുടെ വേഷം ചെയ്ത ഡോ. മോഹൻദാസ് ഒരു നടനായിരുന്നില്ല. അയാളിൽ നിന്നും മികച്ച പ്രകടനം ജോർജ് പുറത്തെത്തിക്കുകയായിരുന്നു. നിരവധി റിഹേഴ്സലുകളിൽ കൂടിയാണ് ഇത് സംവിധായകൻ സാധിച്ചെടുക്കുന്നത്. ആ സിനിമയിലെ പ്രകടനം മോഹൻദാസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ നേടിക്കൊടുത്തു. താര ജാഡകളുടെ പുറംമൂച്ചുകളിൽ നിന്ന് തന്റെ കഥാപാത്രങ്ങളെ രക്ഷിച്ചെടുക്കാൻ കെ.ജി. ജോർജിന് സാധിച്ചത് ഈ ട്രെയിനിങ്ങിൽ നിന്നാകണം.



സ്വപ്നാടനം ആവർത്തിക്കാൻ പിന്നീട് കുറച്ച് വർഷങ്ങൾ കെ.ജി. ജോർജിന് സാധിച്ചില്ല. കൊമേഷ്യലിയും ക്രിട്ടിക്കലിയും അദ്ദേഹത്തിന്റെ സിനിമകൾ പരാജയപ്പെട്ടുകൊണ്ടിരുന്നു. 1980ലാണ് അദ്ദേഹത്തിന്റെ രണ്ടാം വരവ്. മേള. നായക കഥാപാത്രമായ ​ഗോവിന്ദനെ അവതരിപ്പിക്കുന്നത് രഘു. ഒപ്പം മമ്മൂട്ടിയും. സർക്കസിലെ ക്ലൗണായ ​ഗോവിന്ദൻകുട്ടി ക്ലൗൺ ജി വിൻഡേ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഏറെക്കാലത്തിന് ശേഷം നാട്ടിലെത്തുന്ന ​ഗോവിന്ദൻ അവിടെ സ്റ്റാറാകുന്നു. നീളക്കുറവിന്റെ പേരിൽ നാട്ടുകാരിൽ പലരും പരിഹസിക്കുമ്പോഴും തന്റെ കയ്യിലെ പണം കൊണ്ട് ​ഗോവിന്ദൻ അവരുടെ നാവ് അടപ്പിക്കുന്നു. നാട്ടിൽ നിന്ന് ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച് ​അയാൾ കൂടെകൂട്ടുന്നു. എന്നാൽ സർക്കസ് കൂടാരത്തിൽ തിരികെ എത്തുന്ന ​ഗോവിന്ദൻ തന്നെയും ബൈക്കറായ മമ്മൂട്ടിയുടെ വിജയനെയും താരതമ്യപ്പെടുത്താൻ തുടങ്ങുന്നു. ഭാര്യക്ക് താൻ വെറും കോമാളിയായോ എന്ന് അയാൾക്ക് തോന്നുന്നു. അതേ സംശയ രോ​ഗം. ജോർജ് തന്റെ തട്ടകത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു.


Also Read: ഫ്രാൻസിസ് ഫോ‍ർഡ് കൊപ്പോള: ഉന്മാദിയായ സിനിമാക്കാരന്‍


പിന്നീട് അദ്ദേഹം പ്രേക്ഷകന് മനോ​ഹരമായ ചിത്രങ്ങളുടെ ഒരു നിര തന്നെ സമ്മാനിച്ചു. ലേഖയുടെ മരണം മുതൽ മറ്റൊരാൾ വരെ. കഥ കൊണ്ട് കരുത്താർജിക്കുന്ന ജോർജിനെയാണ് നമുക്ക് ഈ സിനിമകളിൽ കാണാൻ സാധിക്കുന്നത്. പ്രത്യക്ഷത്തിലും പരോക്ഷത്തിലും സോഷ്യൽ കമന്ററികൾ കൂടിയാണ് വ്യത്യസ്ത ഴോണറുകളിലുള്ള ഈ സിനിമകൾ. മാത്രമല്ല രണ്ട് തട്ടിൽ നിന്നിരുന്ന നിരൂപകരെയും പ്രേക്ഷകനെയും ത്രിപ്തിപ്പെടുത്തുന്ന ഒരു വേ​ഗത കണ്ടെത്താനും അദ്ദേഹത്തിന് സാധിച്ചു. ഇന്നും കലാമൂല്യമുള്ള മുൻനിര ചിത്രങ്ങൾ പിന്തുടരുന്നത് ഈ പേസാണ്.


സ്ട്രക്ച്ചർ, സൈക്കോളജി, സോസൈറ്റി എന്നീ ആസ്പെക്ടുകളിലൂടെ കെ.ജി. ജോർജ് സിനിമകളെ വിശകലനം ചെയ്താൽ ഈ സംവിധായകൻ എത്ര വലിയ സ്വാധീന ശക്തിയാണെന്ന് മനസിലാക്കാം.



ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം എന്നീ സിനിമകൾ എടുക്കാം. രണ്ട് ഴോണറുകളിലുള്ള സിനിമകൾ. സ്ത്രീപക്ഷ സിനിമ എന്ന് പറയുമ്പോൾ ഇടംവലം നോക്കാതെ എല്ലാവരും ചൂണ്ടിക്കാട്ടുന്ന ചിത്രമാണ് ആദാമിന്റെ വാരിയെല്ല്. സിനിമ തുടങ്ങുന്നതു തന്നെ "ഉള്ളിലുറഞ്ഞത് കണ്ണുനീർ എങ്കിലും മുല്ലപ്പൂ പോലെ ചിരിക്കുന്നവൾ" എന്ന ​വരികളുടെ പശ്ചാത്തലത്തിൽ തെരുവുകളിൽ നിറഞ്ഞു നിൽക്കുന്ന പേരറിയാത്ത അനേകം സ്ത്രീകളെ കാട്ടിക്കൊണ്ടാണ്. ആലീസ്, വാസന്തി, അമ്മിണി എന്നീ മൂന്ന് സ്ത്രീകളിലൂടെയാണ് കഥ വികസിക്കുന്നത്. ഇവർ പ്രതിനിധീകരിക്കുന്നത് സമൂഹത്തിലെ മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളെയാണ്. സിനിമയുടെ അവസാനം ഇവർ പൊളിക്കുന്നത് പുരുഷന്റെ ഭാവനയിൽ സ്ത്രീകളേക്കൂടി ഉൾപ്പെടുത്തി നിർമിക്കുന്ന സദാചാര ചട്ടക്കൂടുകളെയാണ്.

ആശയം ​ഗംഭീരം. വെറുതെ കഥാപ്രസം​ഗം നടത്തി അത് കാണിക്കുന്നതിൽ ഒരു ത്രില്ലില്ലോ?

പ്രിയപ്പെട്ട ഫ്ലീബാ​ഗ് ആരാധകരെ ഫോർത്ത് വാൾ ബ്രേക്കിങ്ങിന് അപ്പുറത്തും സിനിമയിൽ ചിലത് സംഭവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ത്രീ കഥാപാത്രങ്ങൾ സംവിധായകനെയും ക്യാമറെയും കടന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. അത്തരത്തിലൊരു പരീക്ഷണം വരുന്നത് സിനിമയെ ഒരു ടെക്സ്റ്റായി കാണുന്ന മനസിൽ നിന്നാണ്. അതേ മനസാണ് പഞ്ചവടിപ്പാലം എന്ന സോഷ്യൽ സറ്റയർ എടുക്കുന്നത്.


Also Read: SERIES REVIEW | ബ്ലാക്ക് വാറന്റ്: ചാൾസ് ശോഭരാജ്, രം​ഗ, ബില്ല , മുതൽപ്പേ‍ർ വന്നുപോകുന്ന തിഹാർ ഡ്രാമ


ഒരു വലിയ സിനിമയാണ് പഞ്ചവടിപ്പാലം. ഒരുപാട് കഥാപാത്രങ്ങൾ. എല്ലാവർക്കും ക്യാരിക്കേച്ചർ സ്വഭാവം. കെ.ജി. ജോർജ് സ്റ്റൈലിൽ ഒരു ദുരന്തപര്യവസാനവും. ഈ ഫോർമുല വലിയ അപകടം പിടിച്ചതാണ്. സിനിമ ശ്രദ്ധിച്ചാൽ ഒരു കാര്യം നിങ്ങൾക്ക് മനസിലാകും. ഓരോ ഫ്രെയിമും ഒരു കോമിക് സ്ട്രിപ്പിന്റെ രൂപത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ സ്ഥാനം, സ്ഥലങ്ങൾ, അവരുടെ ചലനങ്ങൾ എല്ലാം ആ കോമിക് ചട്ടക്കൂടിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അഭിനേതാക്കൾ അഴിഞ്ഞാടി എന്ന് തോന്നുമെങ്കിലും അവർ പ്രത്യേക ഒരു മീറ്റർ പാലിക്കുന്നത് സൂക്ഷ്മ നിരീക്ഷണത്തിൽ കാണാം. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു സറ്റയർ വിജയിക്കുന്നത് അത് സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാ​ഗമാകുമ്പോഴാണ്. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോഴും അഴിമതികൾ പൊങ്ങിവരുമ്പോഴും പഞ്ചവടിപ്പാലം റെഫറൻസ് ഇപ്പോഴും കടന്നു വരുന്നത് സിനിമയുടെ വിജയത്തിന്റെ തെളിവാണ്. ഉദാഹരണത്തിന് പാലാരിവട്ടം പാലം ആഴിമതിയെപ്പറ്റി ഹൈക്കോടതി പരമാർശിച്ചത് പഞ്ചവടിപ്പാലത്തെ ഉദാഹരിച്ചുകൊണ്ടാണ്.




ഇനി ഇതിന് നേരെ വിരുദ്ധമായ ഒരു അന്തരീക്ഷത്തിലേക്ക് പോകാം. നമ്മൾ കാണുന്നത് മധ്യതിരുവിതാംകൂറിലെ ഒരു ധനിക ക്രൈസ്തവ കുടുംബത്തെയാണ്. ഇരകൾ എന്ന ഈ സിനിമയിൽ പാലക്കുന്നേൽ മാത്യൂസിന്റെ ഇളയ സന്തതിയായ ബേബിയിലൂടെ നമ്മൾ ആ വീടിന് ഉള്ളിലൂടെ സഞ്ചരിക്കുന്നു. ഒരു തരത്തിൽ സമൂഹത്തിന് ഉള്ളിലെ പുഴുക്കുത്തുകളിലൂടെയും അസ്തിത്വ പ്രശ്നങ്ങളിലൂടെയുമാണ് ആ യാത്ര. മനശാസ്ത്രപരമായും പൊളിറ്റിക്കലായും സംസാരിക്കുന്ന സിനിമ. ഇതിൽ ബേബി എന്ന കഥാപാത്രത്തിന് മനസിലാകുക അക്രമത്തിന്റെ ഭാഷ മാത്രമാണ്. അതിനു കാരണം അയാളുടെ കുടുംബാന്തരീക്ഷമാണ്. സമൂഹത്തിലെ വയലൻസിനെ അതിന്റെ ഉറവിടത്തിൽ നിന്ന് തന്നെ ജോർജ് കണ്ടെത്തുന്നു. ആ കണ്ടെത്തൽ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത് സിനിമയിലെ ദൃശ്യസംവിധാനത്തിലൂടെയാണ്. പകലും രാത്രിയും പാലക്കുന്നേൽ വീട് വ്യത്യാസപ്പെട്ടിരിക്കും. സിനിമയുടെ ടോണിലൂടെയാണ് ഈ വ്യത്യാസത്തെ ജോർജ് അവതരിപ്പിക്കുന്നത്. ബേബിക്ക് ചുറ്റും എപ്പോഴും ഒരു പിരിമുറുക്കം പ്രേക്ഷകന് അനുഭവിക്കാൻ സാധിക്കും.


ഇതേ പിരിമുറുക്കം മറ്റൊരാളിലെ കൈമളിലും യവനികയിലെ അയ്യപ്പനിലുമുണ്ട്. വയലൻസിന്റെ പല ഭാവങ്ങളാണ് ഈ കഥാപാത്രങ്ങൾ. അയ്യപ്പനിൽ അരാജകത്വത്തിൽ നിന്നും ബേബിയിൽ സ്വത്വ പ്രതിസന്ധിയിൽ നിന്നും വയലൻസ് ഉണ്ടാകുമ്പോൾ സമൂഹത്തിന് മറുപടി കൊടുക്കാൻ ബാധ്യസ്ഥനാണ് എന്ന തോന്നലാണ് കരമനയുടെ കൈമളിനെ അക്രമകാരിയാകുന്നത്. അയാളുടെ ഭാര്യ ഒരു മെക്കാനിക്കുമായി ഇറങ്ങിപോകുന്നു. താൻ പരിഹാസ്യനാകുന്നോ എന്ന തോന്നൽ, തന്റെ കുറവുകൾ, ഇങ്ങനെ പലതരം ചിന്തകളാണ് കൈമളിന്റെ ഉള്ളിലൂടെ കടന്ന് പോകുന്നത്. ഒടുവിൽ ഭാര്യ തിരികെ എത്തും മുൻപ് നെഞ്ചിൽ കത്തി ആഴ്ത്തി മരിക്കുന്നതിൽ പോലും മറ്റൊരാളുടെ നോട്ടം എന്ന ഭയമുണ്ട്. ആ ഭയം പുരുഷന്റെ ഭയമാണ്. ഭാര്യയുടെ കാമനകൾ തന്നിൽ തുടങ്ങി തന്നിൽ തീരുന്നില്ല എന്ന തോന്നലിൽ നിന്നുണ്ടാകുന്ന ഭയം.

എന്നാൽ അയ്യപ്പനിൽ ഇത്തരം ഭയം അല്ല നമ്മൾ കാണുന്നത്. സ്ത്രീകളെ അടക്കി ഭരിക്കുന്ന അയ്യപ്പൻ സമൂഹത്തിന്റെ സ്വാഭാവികമായ പാകപ്പെടുത്തലുകളിൽ വികസിച്ച മുരടിച്ച ചിന്താ​ഗതികളുള്ള ഒരു മനുഷ്യൻ മാത്രമാണ്. ഇത്ര പൂർണനായി അല്ലെങ്കിൽ പോലും അയാളെ നമ്മൾ പല സിനിമകളിലും കണ്ടിട്ടുമുണ്ട്. എന്നാൽ യവനിക പോലൊരു സിനിമ നമ്മൾ കണ്ടിട്ടുണ്ടായിരുന്നില്ല. കഥ പറയുന്ന രീതിയാണ് യവനികയെ വ്യത്യസ്തമാക്കിയത്. അകിറ കുറസോവ 1950ൽ റാഷമോനിൽ പരീക്ഷിച്ച നറേറ്റീവ് ടെക്നിക്ക് ആണ് യവനികയിൽ ജോർജ് കൊണ്ടുവരുന്നത്. ഒരു നാടക കമ്പനിയിലെ കൊലപാതകത്തെ അവിടുത്തെ ജീവനക്കാരുടെ കാഴ്ചപ്പാടിലൂടെയാണ് മറനീക്കിക്കൊണ്ടുവരുന്നത്. നാടകക്കാർ പറയുന്നത് സത്യമോ കള്ളമോ എന്ന സംശയമുണ്ടാകുന്നു. ആ മൾട്ടിപ്പിൾ പേർസ്പെക്ടീവിൽ കഥ പലകുറി മാറുന്നു. ഒരോ കഥാപാത്രത്തിനും പല മുഖങ്ങൾ വരുന്നു. അതാണ് ഈ ടെക്നിക്കിന്റെ ഒരു ​ഗുണവും. അപ്രതീക്ഷിതമായ ഒരു കണ്ടെത്തലും യവനികയിൽ ഇല്ല. എന്നാൽ ആ കണ്ടെത്തലിലേക്ക് എത്തിയ രീതി. അത് പ്രേക്ഷകനെ മുള്ളേൽ നിർത്തിയെന്ന് മാത്രമല്ല. ഒരു ഹൂ ഡണ്ണിറ്റ് ഡ്രാമയ്ക്ക് അപ്പുറത്തേക്ക് ഒരു മാനവും സിനിമയ്ക്ക് കൈവരുന്നുണ്ട്.

ചുരുക്കത്തിൽ ചുമ്മാ കപ്പലണ്ടിയും കൊറിച്ച് സിനിമ കണ്ടോണ്ടിരുന്ന മലയാളി പ്രേക്ഷകനെ ചിന്തിപ്പിക്കാൻ കെ.ജി. ജോർജ് പരിശീലിപ്പിച്ചു. ഫ്രോയിഡിനെയും യുങ്ങിനെയും തിരക്കഥകളിൽ ഒളിപ്പിച്ചു. ഇങ്ങനെ സിനിമയുടെ വ്യാകരണം തിരുത്താൻ അയാളെ ആരും ചുമതലപ്പെടുത്തിയിരുന്നില്ല. അയാൾ അത് അറിയാതെ ചെയ്തതാണെന്ന മിഥ്യാധാരണയുമില്ല. തന്റേടിയായ അത്മവിശ്വാസമുള്ള ഒരു മനുഷ്യൻ പൂർണ ബോധ്യത്തോടെ എടുത്ത തീരുമാനങ്ങളാണ് ഓരോ ജോർജ് സിനിമയും. എനിക്ക് സിനിമ ഇങ്ങനെ എടുക്കാനാണ് ഇഷ്ടം എന്ന് അയാൾ പറയാതെ പറഞ്ഞുകൊണ്ടിരുന്നു. നിങ്ങൾ ഇത്തരം സിനിമകൾ കാണണം എന്ന് അയാൾ ഒരു ഏകാധിപതിയെ പോലെ പ്രേക്ഷകനോട് കൽപ്പിച്ചു. ഫലമോ..മലയാളിക്ക് ഒരു പ്രത്യേക സിനിമ ആസ്വാദനം ശീലമായി. അങ്ങനെ എല്ലാമൊന്നും വർക്കാവാതെ ആയി!



KERALA
പള്ളികളിൽ കൂരിയ കലാപത്തിന് നേതൃത്വം നൽകുന്നു, ഗുണ്ടായിസം തുടർന്നാൽ തിരിച്ചടിക്കും: അൽമായ മുന്നേറ്റം
Also Read
user
Share This

Popular

KERALA
KERALA
വയനാട് വെള്ളമുണ്ടയിലെ അരുംകൊല; യുപി സ്വദേശികളായ ദമ്പതികൾ അറസ്റ്റില്‍