സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ഉത്തരവാദിത്തം നിറഞ്ഞതാണ്. പാർട്ടിയുടെ കരുത്ത് വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും കെ.കെ. രാഗേഷ് പ്രതികരിച്ചു.
കണ്ണൂരിൽ പാർട്ടിക്കുണ്ടായ വളർച്ച സ്വാഭാവികമായി ഉണ്ടായതല്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ കെ.കെ. രാഗേഷ്. പോരാട്ടങ്ങളിലൂടെയാണ് പാർട്ടി വളർന്നത്. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ഉത്തരവാദിത്തം നിറഞ്ഞതാണ്. പാർട്ടിയുടെ കരുത്ത് വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും കെ.കെ. രാഗേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ALSO READ: കെ.കെ. രാഗേഷ് പുതിയ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി
പോരാട്ടങ്ങളിലൂടെയാണ് ജില്ലയിൽ പാർട്ടി വളർന്നത്. ഭിന്നിപ്പിക്കലിനെതിരെ പാർട്ടി ചെറുത്ത് നിൽക്കും. ജന്മിത്വത്തിനും സാമ്രാജിത്വത്തിനുമെതിരായ അത്യുജ്വല പോരാട്ടങ്ങളുടെ ഭൂമികയാണ് കണ്ണൂർ ജില്ല. ഉത്തരവാദിത്തം നിറഞ്ഞ ചുമതലയെന്ന പൂർണ ബോധ്യമുണ്ടെന്നും കെ.കെ. രാഗേഷ് പറഞ്ഞു. പാർട്ടി കേന്ദ്രങ്ങളിലടക്കം വിശ്വാസത്തിന്റെ മുഖം മൂടിയണിഞ്ഞ് വർഗീയത എത്തുന്നുണ്ട്. അതിനെ പ്രതിരോധിക്കുക ലക്ഷ്യം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജി വെച്ചെന്നും കെ.കെ. രാഗേഷ് അറിയിച്ചു.
നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിനെ ഇന്ന് രാവിലെ ചേർന്ന നിർണായക ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്ന കെ.കെ. രാഗേഷ് നേരത്തെ രാജ്യസഭാ എംപിയായും പ്രവർത്തിച്ചിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിൻ്റെ ഭാഗമായും കെ.കെ. രാഗേഷ് പ്രവർത്തിച്ചിരുന്നു. മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന കർഷക സമരത്തിലും ഡൽഹി കേന്ദ്രീകരിച്ച് സജീവമായി ഇടപെട്ടിരുന്നു.
ALSO READ: അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണം; അടിയന്തര റിപ്പോർട്ട് തേടി വനംമന്ത്രി
എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പി ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ പി ജയരാജൻ, കെ കെ ശൈലജ എന്നിവർ പങ്കെടുത്ത ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് കെ കെ രാഗേഷിന്റെ പേര് നിർദേശിച്ചത്. എം പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി നിർദേശം അംഗീകരിച്ചു. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനേയും തെരഞ്ഞെടുത്തു. എം. കരുണാകരനാണ് പുതിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം.