ആവശ്യമെങ്കിൽ മാത്രമേ അഭിനേതാക്കളെ വീണ്ടും വിളിപ്പിക്കൂവെന്നും കമ്മീഷണർ അറിയിച്ചു
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും പൊലീസിന്റെ ക്ലീൻ ചിറ്റ്. അന്വേഷണത്തിൽ ഇരുവർക്കുമെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. ആവശ്യമെങ്കിൽ മാത്രമേ അഭിനേതാക്കളെ വീണ്ടും വിളിപ്പിക്കൂവെന്നും കമ്മീഷണർ അറിയിച്ചു.
മറ്റു സിനിമാ താരങ്ങൾ ആരും വന്നതായി കണ്ടെത്തിയിട്ടില്ലെന്നും ടെലിവിഷൻ മേഖലയിലെ ആർട്ടിസ്റ്റുമാരിൽ ഒരാൾ ഹോട്ടലിൽ എത്തിയിരുന്നുവെന്നും പുട്ടാ വിമലാദിത്യ പറഞ്ഞു. എന്നാൽ ഈ വ്യക്തി ലഹരി പാർട്ടിക്ക് വന്നതായി ഇതുവരെ സൂചനയില്ല. വിദഗ്ധ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ആവശ്യമുണ്ടെങ്കിൽ മാത്രമേ കേസുമായി ബന്ധപ്പെട്ട് ഇരുവരെയും ഇനി വിളിപ്പിക്കുകയുള്ളൂ. എന്നാൽ നടൻ ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിൻ്റെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ലഹരി പാർട്ടികൾ നടന്നതായി സംശയിക്കുന്ന ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും.
ഓം പ്രകാശ് പ്രതിയായ ലഹരി മരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ നിന്നും ഇരു താരങ്ങൾക്കും ലഹരിക്കേസിൽ പങ്കുള്ളതായി പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇവരെ കൂടാതെ മറ്റു സിനിമാ താരങ്ങൾ മരട് ക്രൗൺ പ്ലാസ ഹോട്ടലിൽ എത്തിച്ചേർന്നതായി കണ്ടെത്താനും പൊലീസിന് സാധിച്ചിട്ടില്ല.
ഓം പ്രകാശിന്റെ മുറിയിൽ നിന്ന് ലഭിച്ച പാക്കറ്റിന്റെ വിശദമായ പരിശോധനാ ഫലം വന്ന ശേഷം മാത്രമെ കേസിൽ രാസ ലഹരി ഉൾപ്പെട്ടിട്ടുണ്ടോ എന്ന നിഗമനത്തിൽ പൊലീസിന് എത്തിച്ചേരാൻ ആവുകയുള്ളൂ. എന്നാൽ ശ്രീനാഥ് ഭാസിയും കേസിൽ പോലീസ് കരുതൽ തടങ്കിലിൽ വച്ചിരുന്ന ബിനു ജോസഫും നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണമുണ്ടാക്കും. ഇരുവരുടെയും മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉള്ള സാഹചര്യത്തിലാണ് പുനർ പരിശോധന. പണം കടം നൽകിയതാണെന്ന് ശ്രീനാഥ് ഭാസി മൊഴി നൽകിയപ്പോൾ ശ്രീനാഥുമായി ചില ബിസിനസുകൾ ഉണ്ടെന്നും ഈ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്നുമാണ് ബിനു ജോസഫിൻ്റെ മൊഴി. ലഹരി പാർട്ടികൾ നടന്നതായി സംശയിക്കുന്ന ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും പോലീസിൻ്റെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ ഏഴിനാണ് കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഓം പ്രകാശിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓം പ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്.
ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. 13,63. 21 NDPS ആക്ട് പ്രകാരമാണ് കേസ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്ന് പൊലീസ് കൊക്കെയ്ൻ പിടികൂടിയിരുന്നു. പ്രതികൾക്ക് ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.