നിലവിൽ 30 ഓളം കേസുകളിൽ പ്രതിയായ ഓം പ്രകാശിന് ലഹരിക്കേസിൽ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്
ഞായറാഴ്ച മരട് പൊലീസിൻ്റെ രഹസ്യാന്വേഷണ സംഘം കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പായി ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഈ മുറിയിൽ എത്തിയിരുന്നതായി റിപ്പോർട്ട്. താരങ്ങൾ മടങ്ങിയതിന് പിന്നാലെയാണ് ഈ റൂമിൽ നിന്ന് കൊക്കെയ്ൻ്റെ കവർ പൊലീസ് കണ്ടെടുത്തത്.
താരങ്ങൾ വന്ന് പോയതിന് ശേഷമാണ് കൊച്ചി ഡാൻസാഫ് ടീമും മരട് പൊലീസും ഓം പ്രകാശിൻ്റെ റൂമിൽ റെയ്ഡ് നടത്തുകയും ലഹരി വസ്തുക്കൾ പിടികൂടുകയും ചെയ്തത്. നാല് ലിറ്റർ വിദേശമദ്യവും കൊക്കയിന്‍ പൗഡറും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓം പ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പിടികൂടിയത്.
കേസിൽ ഓം പ്രകാശ് രണ്ടാം പ്രതിയും ഷിഹാസ് ഒന്നാം പ്രതിയുമാണ്. നിലവിൽ 30 ഓളം കേസുകളിൽ പ്രതിയായ ഓം പ്രകാശിന് ലഹരിക്കേസിൽ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ALSO READ: ഓം പ്രകാശിനെതിരായ ലഹരിക്കേസ്: റിമാൻഡ് റിപ്പോർട്ടിൽ പ്രയാഗ മാർട്ടിൻ്റേയും ശ്രീനാഥ് ഭാസിയുടേയും പേരുകൾ
കൊക്കെയ്ൻ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കളുടെ ഉപയോഗം കൊച്ചി നഗരം കേന്ദ്രീകരിച്ച് വർധിച്ചുവരുന്നത് ആശങ്കയാകുന്നുണ്ട്. സമാനമായ 157 ലഹരി കേസുകൾ അടുത്തിടെ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. മയക്കുമരുന്നുകളുടെ കിങ് എന്നാണ് കൊക്കെയ്ൻ അറിയപ്പെടുന്നത്.
താരങ്ങളേയും ചോദ്യം ചെയ്യും?
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് വിശദമായി അനേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ്. സുദർശൻ അറിയിച്ചു. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പ്രതികളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന സിനിമാ താരങ്ങളെയും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
ജാമ്യം ലഭിച്ചതെങ്ങനെ?
ഓം പ്രകാശിനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്ന് അഭിഭാഷകൻ പറഞ്ഞു. കൊക്കെയ്ൻ ഉണ്ടായിരുന്ന കവർ പിടിച്ചെടുത്തെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എത്രത്തോളം ലഹരി മരുന്ന് ഉണ്ടായിരുന്നുവെന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ഓം പ്രകാശിനെതിരെ ചുമത്തിയിരുന്നത്.