ന്യൂസ് മലയാളമാണ് നാട്ടിൽ തിരികെയെത്താൻ സഹായിച്ചതെന്ന് പറഞ്ഞ സിബി, ചാനലിന് നന്ദി പറയുകയും ചെയ്തു
കൂലിപ്പട്ടാളത്തിൽ നിന്ന് രക്ഷപ്പെട്ട സിബി, പ്രതി സുമേഷ് ആൻ്റണി
റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് നടക്കുന്ന റിക്രൂട്ട്മെൻ്റ് മനുഷ്യക്കടത്ത് തന്നെയെന്ന് വ്യക്തമാക്കി രക്ഷപ്പെട്ടെത്തിയ കൊല്ലം സ്വദേശി സിബി എസ്. ബാബു. തട്ടിപ്പ് നടത്തുന്നവർ കേരളത്തിൽ തന്നെയുണ്ടെന്നും സിബി ബാബു വ്യക്തമാക്കി. ന്യൂസ് മലയാളം വാർത്തയാണ് ജീവനോടെ നാട്ടിലെത്താൻ സഹായിച്ചതെന്നും സിബി പറയുന്നു. സന്ദീപ് തോമസ്, സുമേഷ് ആന്റണി, സിബി ഔസേഫ് എന്നിവരാണ് മനുഷ്യക്കടത്തിൻ്റെ പ്രധാന ഏജൻ്റുമാർ. കേസിൽ എൻഐഎ വിവരങ്ങൾ തേടിയതായും സിബി പറഞ്ഞു.
ജെയ്ൻ കുര്യൻ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയാണെന്ന് സിബി ബാബു ന്യൂസ് മലയാളത്തോട് പറഞ്ഞു. ഒന്നരമാസത്തോളം ആറ് പേരും ഒരു റൂമിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ഗ്രൂപ്പുകളാക്കി തിരിച്ചതോടെ ബിനിലും ജെയ്നും ആദ്യം യുദ്ധമേഖലയിലെത്തി. നാട്ടിൽ തിരിച്ചെത്തിയപ്പോൾ സിബിഐ ഉൾപ്പെടെയുള്ളവരുടെ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ ജനപ്രതിനിധികളൊന്നും ഇരുവരെയും രക്ഷപ്പെടുത്താൻ നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണവും സിബി ഉയർത്തുന്നുണ്ട്. ന്യൂസ് മലയാളമാണ് നാട്ടിൽ തിരികെയെത്താൻ സഹായിച്ചതെന്ന് പറഞ്ഞ സിബി, ചാനലിന് നന്ദി പറയുകയും ചെയ്തു.
ചികിത്സയിൽ കഴിയുന്ന ജെയിൻ കുര്യന്റെ ശബ്ദ സന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു. പരുക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയാണെന്നും, ഇനിയൊന്നും ശരിയാകാൻ പോകുന്നില്ലെന്നുമായിരുന്നു ജെയ്ൻ കുര്യന്റെ വാക്കുകൾ. ജെയ്ൻ കുര്യനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന പ്രതികളുടെ ചിത്രം ന്യൂസ് മലയാളം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
ALSO READ: റഷ്യൻ പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്: കൂടുതൽ പരാതി നൽകാൻ തട്ടിപ്പിനിരയായവർ
അതേസമയം റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് തട്ടിപ്പിന് ഇരയായവർ. യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രനും ബിനിൽ ബാബുവിനൊപ്പം കൂലി പട്ടാളത്തിൽ ചേർന്ന എറണാകുളം സ്വദേശി റെനിൽ തോമസ്, കൊല്ലം സ്വദേശി സിബി ബാബു എന്നിവരാണ് ഇന്ന് വിവിധ സ്റ്റേഷനുകളിലായി പരാതി നൽകുക. റഷ്യയിൽ നിന്ന് മോചിതനായി തിരികെയെത്തിയ സന്തോഷ് ഷണ്മുഖത്തിന്റെ പരാതിയിൽ തൃശ്ശൂർ സ്വദേശി സുമേഷ് ആൻ്റണിക്കെതിരെ കൊടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
റഷ്യയിലെ യുദ്ധമുഖത്ത് തൃശ്ശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടതും വടക്കാഞ്ചേരി സ്വദേശി ജെയ്ൻ കുര്യന് ഗുരുതരമായി പരുക്കേറ്റതുമായ വാർത്തകൾ പുറത്തു വന്നതോടെയാണ് തൊഴിൽ തട്ടിപ്പിനിരയായവർ പരാതി നൽകാൻ തീരുമാനിക്കുന്നത്. ദേശീയ ഏജൻസികൾ അന്വേഷിക്കുന്ന കേസ് സംസ്ഥാനതലത്തിലും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പരാതിയുമായി മുന്നോട്ടു പോകാമെന്ന് ഇവർ തീരുമാനിക്കുന്നത്.
സന്ദീപിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ സ്വദേശി സിബിയാണ് യുദ്ധത്തിൽ മരിച്ച ബിനിലിനെയും പരുക്കേറ്റ ജെയ്നിനെയും കൊല്ലം സ്വദേശി സിബി ബാബുവിനെയും പണം വാങ്ങി റഷ്യയിൽ എത്തിച്ചത്. ഇക്കാര്യങ്ങൾ കൂടി വ്യക്തമായതോടെയാണ് തട്ടിപ്പ് സംഘത്തിൽ പ്രവർത്തിച്ച മുഴുവനാളുകൾക്കെതിരെയും പരാതി നൽകാൻ യുദ്ധത്തിൽ മരിച്ച യുവാക്കളുടെ ബന്ധുക്കളും തട്ടിപ്പിന് ഇരയായ ശേഷം നാട്ടിൽ മടങ്ങിയെത്തിയവരും തീരുമാനിച്ചിരിക്കുന്നത്.