ജോലിയിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ഏത് സാഹചര്യത്തിലാണ് കത്ത് നൽകിയത് എന്നതിലാണ് വിശദീകരണം തേടുന്നത്
തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനത്തിൽ കഴകക്കാരൻ ബി.എ. ബാലുവിനോട് ക്ഷേത്രം ദേവസ്വം വിശദീകരണം തേടും. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ജോലിയിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ഏത് സാഹചര്യത്തിലാണ് കത്ത് നൽകിയത് എന്നതിലാണ് വിശദീകരണം തേടുന്നത്.
ജാതി വിവേചനം നടന്നതായി ബോർഡിന് പരാതി ലഭിച്ചിട്ടില്ല എന്ന് ചെയർമാൻ സി.കെ. ഗോപി അറിയിച്ചു. ബാലുവോ ബന്ധപ്പെട്ട ആരും തന്നെ ജാതി വിവേചനം സംബന്ധിച്ച് പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ ബോർഡ് പരിശോധിക്കും. രണ്ടാഴ്ച കൂടി ലീവ് നീട്ടണമെന്ന് ബാലു കത്ത് നൽകിയിരുന്നു. ഓഫീസ് നിർവഹണത്തിന്റെ ഭാഗമായി അത് പരിഗണിക്കും. കഴകം ജോലിയിൽ നിലനിർത്തുക എന്ന സർക്കാരിൻറെ നിലപാട് കൂടൽമാണിക്യം ദേവസ്വം നിർവഹിക്കും. ഓഫീസ് ജോലിയിലേക്ക് മാറ്റണമെന്ന ബാലുവിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ചെയർമാൻ സി.കെ. ഗോപി അറിയിച്ചു.
ALSO READ: കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി
കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ബി.എ. ബാലു നേരത്തെ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. ഇനി കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക ജോലി ചെയ്യില്ലെന്നും, ഞാൻ കാരണം അവിടെ ഒരു പ്രശ്നം ഉണ്ടാകരുതെന്നും, ബാലു പറഞ്ഞു. "ദേവസ്വം ഓഫീസ് ജീവനക്കാരനായി തുടരാനാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഇന്ന് ദേവസ്വത്തിന് അപേക്ഷ നൽകും. അംഗീകരിച്ചില്ലെങ്കിൽ നാട്ടിലേക് മടങ്ങും", ബാലു വ്യക്തമാക്കി. കഴക ജോലി ചെയ്യുന്നതിൽ എതിർപ്പ് പ്രതീക്ഷിച്ചില്ല. മാർച്ച് 6 ന് ദേവസ്വം കത്ത് നൽകിയപ്പോഴാണ് എതിർപ്പ് അറിഞ്ഞത്. എതിർപ്പ് അറിഞ്ഞപ്പോൾ ജോലി ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. വീട്ടുകാർക്കും ഇതേ അഭിപ്രായമാണ് ഉണ്ടായിരുന്നത്. ദേവസ്വമാണ് ഓഫീസ് സ്റ്റാഫായി തുടരാൻ പറഞ്ഞതെന്നും ബാലു പറഞ്ഞു.