വെള്ളിയാഴ്ച വൈകീട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നതെന്നും കെഎസ്‌ഇബി അറിയിച്ചു
വടക്കൻ ജില്ലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി. ശനിയാഴ്ച വരെ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നാണ് അറിയിപ്പിൽ പറയുന്നത്. വൈകീട്ട് ആറ് മണി മുതൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം എന്നും കെഎസ്ഇബി അറിയിച്ചു.
കക്കയത്ത് ലീക്കേജ് ഉള്ളതിനാൽ വൈദ്യുതി ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്. ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് (24.04.2025) മുതൽ ശനിയാഴ്ച (26.04.2025) വരെ ഉത്തര കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
ALSO READ: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി വിതരണം ചെയ്യും; മെയ് മാസത്തില്‍ ലഭിക്കുക 3200 രൂപ
വെള്ളിയാഴ്ച വൈകീട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നതെന്നും കെഎസ്‌ഇബി അറിയിച്ചു. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുകയാണ്. വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും ആയതിനാൽ വൈകുന്നേരം 6 മണിക്കു ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.