ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബെംഗളൂരുവിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ ശ്രദ്ധേയമായി നിതീഷ് റാണയുടെ അവിശ്വസനീയമായ ജഗ്ലിങ് ക്യാച്ച്. ആർസിബിയുടെ മലയാളി താരം ദേവ്‌ദത്ത് പടിക്കലിനെ പുറത്താക്കാൻ റാണ നടത്തിയ ഫീൽഡിങ് ശ്രമമാണ് കാണികളിൽ ചിരി പടർത്തുന്നത്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബെംഗളൂരുവിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഫിലിപ് സോൾട്ടും വിരാട് കോഹ്‌ലിയും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസ് നേടാൻ അവർക്കായി.
പിന്നീടായിരുന്നു 95 റൺസിൻ്റെ കോഹ്ലി-പടിക്കൽ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിറന്നത്. സ്കോർ ബോർഡിൽ 156 റൺസെത്തി നിൽക്കെ കോഹ്ലി വീണു. പിന്നാലെ 16.1 ഓവറിൽ ദേവ്ദത്ത് പടിക്കലിൻ്റെ ഊഴവുമെത്തി. സന്ദീപ് ശർമയുടെ പന്തിൽ നിതീഷ് റാണയ്ക്ക് ചിരിപടർത്തുന്ന ക്യാച്ച് സമ്മാനിച്ചാണ് മലയാളി താരം മടങ്ങിയത്.
മിഡ് വിക്കറ്റ് പൊസിഷനിൽ ഫീൽഡ് ചെയ്തിരുന്ന റാണയ്ക്ക് അനായാസം കൈപ്പിടിയിൽ ഒതുക്കാമായിരുന്ന ക്യാച്ചായിരുന്നെങ്കിലും, അഞ്ച് വട്ടം കയ്യിൽ തട്ടിത്തെറിച്ച്... നിലത്തു വീഴുമെന്ന് തോന്നിപ്പിച്ച ശേഷം അവസാന ശ്രമത്തിലാണ് നെഞ്ചോട് ചേർത്ത് പിടിച്ചുനിർത്താനായത്.