ഭീകരപ്രവർത്തനം നേരിടാൻ കേന്ദ്ര സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പിന്തുണ അറിയിച്ചതായി പ്രതിപക്ഷ നേതാവ് മല്ലികാജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തമാക്കി
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സുരക്ഷ വീഴ്ച ആരോപിച്ച് പ്രതിപക്ഷം. പഹൽഗാമിൽ എന്തുകൊണ്ടാണ് സിആർപിഎഫ് ഇല്ലാതിരുന്നതെന്ന് എഐഎംഐഎ നേതാവ് അസദുദീൻ ഒവൈസി ചോദ്യമുന്നയിച്ചു. വെടിവെപ്പ് ഉണ്ടായി ഒരു മണിക്കൂറിന് ശേഷമാണ് സുരക്ഷാ സേന എത്തിയതെന്നും ഇത് സുരക്ഷാ വീഴ്ചയെയാണ് സൂചിപ്പിക്കുന്നത് എന്നും ഒവൈസി ചൂണ്ടിക്കാട്ടി. ഒവൈസിയെ കൂടാതെ സുരക്ഷാ വീഴ്ച ഉന്നയിച്ചെന്ന് ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും അറിയിച്ചു.
യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതിൽ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കണണമായിരുന്നു എന്നും അവർ ആവശ്യപ്പെട്ടു. ഭീകര പ്രവത്തനങ്ങൾ നേരിടാൻ രാജ്യം ഒറ്റക്കെട്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. ഇതിനായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾ പിന്തുണ അറിയിച്ചുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഭീകര പ്രവർത്തനം നേരിടാൻ സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പിന്തുണ അറിയിച്ചതായി പ്രതിപക്ഷ നേതാവ് മല്ലികാജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തമാക്കി.
പഹൽഗാമിലേത് ഭാരതീയരുടെ ആത്മാവിന് നേരെ ഉണ്ടായ ആക്രമണമെന്ന് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. എല്ലാ ഭീകരരെയും പിന്തുടർന്ന് ചെന്ന് ശിക്ഷിക്കുമെന്നും ആ ശിക്ഷ അവർക്ക് സ്വപ്നത്തിൽ പോലും കാണാൻ പറ്റില്ലെന്നും മോദി പറഞ്ഞിരുന്നു. ലോക നോതാക്കളും സിനിമാ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേരാണ് ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് രംഗത്തെത്തിയത്.
ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് അതില്‍ ഏറ്റവും നിര്‍ണായകമായ നീക്കം. കരാർ റദ്ദാക്കിയതോടെ പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും. കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം പാകിസ്ഥാന് നല്‍കുക ദൂരവ്യാപക പ്രതിസന്ധിയാണ്. ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്നുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലും, സമീപകാലത്ത് പാക് പ്രകോപനം കൂടി വരുന്ന പശ്ചാത്തലത്തിലും കൂടിയാണ് ഈ കടുത്ത നീക്കം. കൂടാതെ പാകിസ്ഥാനികള്‍ക്ക് ഇനി വിസ നൽകില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ വാഗാ ബോര്‍ഡറിലെ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങ് നിര്‍ത്താന്‍ ആലോചനയുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. വാഗാ അതിര്‍ത്തിയും വ്യോമപാതയും അടച്ചു കൊണ്ടാണ് പാകിസ്ഥാൻ മറുപടി അറിയിച്ചത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പാകിസ്ഥാൻ നടപടിയെടുത്തത്. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയോടുള്ള പ്രതികരണമായിട്ടാണ് ഈ നീക്കം.
28 പേരാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരിയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ ഭീകരെ കണ്ടെത്തുന്നതിനായി സൈന്യം തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.