കഴിഞ്ഞ ദിവസമാണ് കുറുപ്പംപടിയിൽ രണ്ട് കുട്ടികളെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് വാർത്ത പുറത്തുവരുന്നത്
എറണാകുളം പെരുമ്പാവൂർ കുറുപ്പംപടിയിൽ അമ്മയുടെ സുഹൃത്ത് പ്രായപൂർത്തിയാവാത്ത പെൺമക്കളെ പീഡിപ്പിച്ച കേസിൽ അമ്മയെയും പ്രതി ചേർക്കാൻ പൊലീസ്. പീഡന വിവരം മൂന്ന് മാസമായി അമ്മയ്ക്ക് അറിയാമെന്ന പ്രതി ധനേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി ചേർക്കുന്നത്. കേസിൽ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൻ്റെ പകർപ്പ് ലഭ്യമായ ശേഷമാകും അമ്മയെ പ്രതി ചേർക്കുക
കഴിഞ്ഞ ദിവസമാണ് കുറുപ്പംപടിയിൽ രണ്ട് കുട്ടികളെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് വാർത്ത പുറത്തുവരുന്നത്. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്.ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നാണ് റിപ്പോർട്ട്. കേസിൽ സിഡബ്ല്യുസി ഇടപെട്ടിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടികളെ സിഡബ്ല്യുസി- അഭയ കേന്ദ്രത്തിലേക്ക് മാറ്റി പഠന സഹായമടക്കം ഉറപ്പാക്കും.
കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതി രണ്ട് വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ അമ്മയെ കാണാനെത്തുന്ന സമയങ്ങളിലാണ് ഇയാൾ ലൈംഗിക ചൂഷണം ചെയ്‌തത്. പെൺകുട്ടികളോട് അവരുടെ സുഹൃത്തുക്കളെ എത്തിച്ചു നൽകാൻ ഇയാൾ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. തുടർന്ന് പെൺകുട്ടികളിലൊരാൾ തന്‍റെ സുഹൃത്തിന് ഇതുമായി ബന്ധപ്പെട്ടെഴുതിയ കത്താണ് വലിയ വഴിത്തിരിവായത്.
കത്തിനെക്കുറിച്ച് ഇതേ ക്ലാസിലെ അധ്യാപികയുടെ മകൾ അമ്മയുടെ ശ്രദ്ധയിൽ പെടുത്തി. അധ്യാപിക നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.