23 മലയാളികളുടെയും ഒരു കർണാടക സ്വദേശിയുടെയും 7 തമിഴ്നാട് സ്വദേശികളുടെയും മൃതദേഹങ്ങളുമായി ഇന്ത്യൻ വ്യോമസേന വിമാനം പുറപ്പെട്ടു
കുവൈത്തില്‍ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പത്തരയോടെ എത്തിക്കും. 23 മലയാളികളുടെയും ഒരു കർണാടക സ്വദേശിയുടെയും 7 തമിഴ്നാട് സ്വദേശികളുടെയും മൃതദേഹങ്ങളുമായി കുവൈത്തില്‍ നിന്നും പ്രാദേശിക സമയം 3.30 നാണ് ഇന്ത്യൻ വ്യോമസേന വിമാനം പുറപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് വിമാനത്തിലുണ്ട്.
വിമാനത്താവളത്തിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരായ വീണ ജോർജ്ജ്, പി രാജീവ്, റോഷി അഗസ്റ്റിൻ, കെ രാജു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എം എൽ എമാർ എന്നിവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. ഇന്നലെ കുവൈറ്റിലേക്ക് പുറപ്പെടാനായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനാൽ യാത്ര ഉപേക്ഷിക്കുകയായിരുന്നു.
കർണാടക - തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയിൽ വെച്ചായിരിക്കും കൈമാറുക. വിമാനത്താവളത്തിലെ അര മണിക്കൂർ പൊതുദർശനത്തിനു ശേഷം ഓരോ മൃതദേഹവും പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കും. ആംബുലൻസുകൾക്ക് അകമ്പടിയായി പൈലറ്റ് വാഹനവും ഉണ്ടാകും.
തീപിടിത്ത സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത് 176 ഇന്ത്യക്കാരാണ്. ഇതിൽ 33 പേർ ഇപ്പോൾ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിക്കുന്നത്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കേരള സർക്കാർ അഞ്ച് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ ഉടമ, NBTC ഗ്രൂപ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലിയും എട്ട് ലക്ഷം രൂപവീതം ധനസഹായവും ഉറപ്പാക്കുമെന്ന് അറിയിച്ചു. അതിനുപുറമെ യൂസഫ് അലി, രവി പിള്ള എന്നീ വ്യവസായികളും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.