അതത് രാജ്യക്കാരുടെ കുവൈത്ത് എംബസി മുഖേനയായിരിക്കും പണം കൈമാറുക
കുവൈത്ത് മംഗഫിലെ തൊഴിലാളി താമസ കെട്ടിടത്തിൽ 46 ഇന്ത്യക്കാർ ഉൾപ്പെടെ 50 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ തീപിടുത്തത്തിൽ ഇരയായവരുടെ കുടുംബത്തിന് കുവൈത്ത് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇവരുടെ കുടുംബത്തിന് 15,000 ഡോളർ( 12.5 ലക്ഷം രൂപ) വീതം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം. പല രാജ്യങ്ങളിൽ നിന്നുള്ളവർ മരണപ്പെട്ടതിനാൽ അതത് രാജ്യക്കാരുടെ കുവൈത്ത് എംബസി മുഖേനയായിരിക്കും പണം കൈമാറുന്നത്. നാലുദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ 12നായിരുന്നു മംഗഫ് നഗരത്തിലെ ഏഴ് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ ഗാർഡ് റൂമിലെ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രവാസി മലയാളിയുടെ ഉടമസ്ഥതതിയിലുള്ള ഈ കെട്ടിടത്തിൽ 196 കുടിയേറ്റ തൊഴിലാളികളായിരുന്നു താമസിച്ചത്. മരിച്ച മറ്റ് മൂന്ന് പേർ ഫിലിപ്പിനോകളാണ്. ഇരകളിൽ ഒരാളുടെ ഐഡൻ്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.തീപിടുത്തത്തിൽ നാശനഷ്ടമുണ്ടായവരുടെ കുടുംബങ്ങൾക്ക് തുക വിതരണം ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട എംബസികൾ ഉറപ്പാക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്യുമെന്ന് മാധ്യമങ്ങൾ പറയുന്നു.
അതേസമയം തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ ഉടമക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടുണ്ട്. കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ക്രിമിനൽ എവിഡൻസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് പരിശോധന നടത്തുന്നതുവരെ കെട്ടിട ഉടമ, കാവൽക്കാരൻ, തൊഴിലാളികൾ പണി ചെയ്തിരുന്ന കമ്പനിയുടെ ഉടമ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് ഉത്തരവിട്ടത്. സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിൻ്റെ ഫലമാണെന്നായിരുന്നു തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിച്ച മന്ത്രി പറഞ്ഞത്. സമാനമായ ലംഘനങ്ങൾ ഉടനടി പരിഹരിക്കാനും ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ തടയുന്നതിനും എല്ലാ കെട്ടിടങ്ങൾ സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കുവൈത്ത് മുനിസിപ്പാലിറ്റിക്ക് അദ്ദേഹം നിർദ്ദേശം നൽകി.