ആശാ സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആർജെഡിയുടെ പ്രധാന ആവശ്യം
ആശാ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് എൽഡിഎഫ് യോഗത്തില്‍ ആവശ്യമുന്നയിച്ച് സഖ്യകക്ഷിയായ ആർജെഡി. ആശാ സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആർജെഡിയുടെ പ്രധാന ആവശ്യം. ഈ വിഷയത്തിൽ ആർജെഡിയുടെ നിലപാടിനെ പിന്തുണച്ച് സിപിഐയും രംഗത്തെത്തി.
ആശാ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സര്‍ക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചാല്‍ അതനുസരിച്ചുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി മുന്നണിയുടെ യോഗത്തിൽ നിലപാടറിയിച്ചു.
അതേസമയം, സമരം തുടങ്ങി 39ാം ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പട്ടതോടെയാണ് സമര സമിതി നിരാഹാര സമരം തുടങ്ങാൻ തീരുമാനിച്ചത്. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കാൻ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ എത്തിയിട്ടുണ്ട്. ആശമാരുടെ സമരത്തെച്ചൊല്ലി നിയമസഭയും ഇന്ന് പ്രക്ഷുബ്ധമായി.