മുന്നണി നേതാക്കളുടെ പ്രചരണ തീയതി യോഗത്തിൽ തീരുമാനിക്കും. മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ വൈകാതെ മൂന്ന് മണ്ഡലങ്ങളിലും പ്രചരണത്തിനെത്തും
ഉപതെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ ഇടതുമുന്നണി യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നരയ്ക്ക് എകെജി സെൻ്ററിലാണ് യോഗം ചേരുക. തെരഞ്ഞെടുപ്പ് പ്രചരണം തന്നെയാണ് യോഗത്തിൻ്റെ പ്രധാന അജണ്ട. മുന്നണി നേതാക്കളുടെ പ്രചരണ തീയതി യോഗത്തിൽ തീരുമാനിക്കും. മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ വൈകാതെ മൂന്ന് മണ്ഡലങ്ങളിലും പ്രചരണത്തിനെത്തും. ഓരോ മണ്ഡലങ്ങളിലും ഉന്നയിക്കേണ്ട പ്രചരണ വിഷയങ്ങളും ഇടതുമുന്നണി യോഗം ചർച്ച ചെയ്യും. പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി പി. സരിനെ തീരുമാനിച്ചതും യോഗത്തിൽ ചർച്ചയാകും.
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് പാർട്ടി വിട്ടെത്തിയ സരിനെ സിപിഎം പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കുകയായിരുന്നു. പാർട്ടിക്കാരനല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വൻ സ്വീകരണമാണ് സരിന് ലഭിച്ചത്. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബും പാർട്ടിവിടുന്ന കാര്യം അറിയിച്ചത്. 2021ല്‍ ഷാഫി ജയിച്ചത് ഇടത് വോട്ടുകള്‍ കൊണ്ടാണെന്നും, ഇത്തവണ ആ വോട്ടുകള്‍ യുഡിഎഫിന് നിഷേധ വോട്ടുകളാകുമെന്നുമുള്ള സരിൻ്റെ പ്രസ്താവന വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ സിപിഎം ജില്ലാ നേതാക്കൾ സരിനെ താക്കിതു ചെയ്തു. പ്രചരണവേളയിൽ ഇത്തരം വിവാദ പ്രസ്താവനകൾ ഉന്നയിക്കരുതെന്നാണ് സിപിഎമ്മിൻ്റെ നിർദേശം. നേത്യത്വത്തോട് ആലോചിക്കാതെയുള്ള സരിൻ്റെ പ്രസ്താവനകൾ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.