സമൂഹ മാധ്യമങ്ങളിലെ അപമാനം സഹിക്കാനാകാത്തതിനെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്ന് ഡോക്ടര്‍
ഡോ സന്ദീപ് ഘോഷ്
കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷ് രാജിവെച്ചു. സമൂഹ മാധ്യമങ്ങളിലെ അപമാനം സഹിക്കാനാകാത്തതിനെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. തന്‍റെ പേരില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നുവെന്നും ഡോക്ടര്‍ ആരോപിച്ചു.
മെഡിക്കല്‍ കോളേജ് സെമിനാര്‍ ഹാളില്‍ വെച്ചാണ് രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടും മുന്‍പ് യുവതി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വിദ്യാര്‍ഥിനിയെ കുറ്റപ്പെടുത്തി ഡോ.ഘോഷ് സംസാരിച്ചു എന്നായിരുന്നു വിദ്യാര്‍ഥികളുടെ ആരോപണം. എന്നാല്‍ ഘോഷ് ഇത് നിരസിച്ചു.
"എന്നെ മാറ്റാനായി വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുകയായിരുന്നു. പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. ഞാന്‍ അത്തരം പരാമര്‍ശങ്ങളൊന്നും നടത്തിയിരുന്നില്ല, ഡോ സന്ദീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച കുട്ടി മകളെപ്പോലെയാണെന്നും ഒരു രക്ഷിതാവെന്ന നിലയിലാണ് രാജിയെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാവ് സുവേന്ദു അധികാരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ലക്ഷ്യം വെച്ച് നിരവധി പ്രസ്താവനകള്‍ നടത്തിയിരുന്നു. പ്രിന്‍സിപ്പലിന്‍റെ രാജിയും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിക്ക് വെളിയില്‍ നിന്നുള്ള വ്യക്തിയാണിതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ALSO READ: കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം; കൊലപാതകത്തിന് ശേഷം വീട്ടിലെത്തി വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി പ്രതി
വിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. റസിഡന്‍റ് ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്കിലാണ്. അതേസമയം, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഡോ. ബുള്‍ബുള്‍ മുഖോപാധ്യയയെ പുതിയ മെഡിക്കല്‍ സൂപ്രണ്ടും വൈസ് പ്രിന്‍സിപ്പലുമായി നിയമിച്ചു.