കേന്ദ്രസർക്കാരിനെതിരെ ത്രിഭാഷാ നയത്തിൽ തുടങ്ങിയ പോര് ഡിഎംകെ സർക്കാർ കൂടുതൽ ശക്തമാക്കുകയാണ്
മണ്ഡല പുനർനിർണയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ച യോഗം നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തി. തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. അതേസമയം, തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ സംസ്ഥാനത്ത് നാളെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
കേന്ദ്രസർക്കാരിനെതിരെ ത്രിഭാഷാ നയത്തിൽ തുടങ്ങിയ പോര് ഡിഎംകെ സർക്കാർ കൂടുതൽ ശക്തമാക്കുകയാണ്. ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തോട് ഒറ്റയ്ക്ക് ഏറ്റുമുട്ടുന്നതിന് പകരം ബിജെപി ഇതര സംസ്ഥാനങ്ങളുടെ പിന്തുണയും സ്റ്റാലിൻ തേടിയിട്ടുണ്ട്. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നാളെ ചെന്നൈയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ട്. സ്റ്റാലിൻ്റെ ക്ഷണം സ്വീകരിച്ച് പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി.
കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഐഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു. മണ്ഡല പുനർനിർണയ നീക്കത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഐഎം നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും യോഗത്തിനെത്തും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും യോഗത്തിൽ പങ്കെടുക്കില്ല. പകരം പ്രതിനിധികളെ അയയ്ക്കും.
കേന്ദ്രത്തിന് മേൽ കൂടുതൽ സമ്മർദം ചെലുത്തുക എന്നതാണ് വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടുന്നതിലൂടെ സ്റ്റാലിൻ ലക്ഷ്യമിടുന്നത്. ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡലം പുനര്‍നിര്‍ണയിച്ചാല്‍ ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് പ്രധാന ആശങ്ക. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കൂടിയാലോചിക്കാൻ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും യോഗത്തിലേക്ക് ക്ഷണിച്ചത്.
അതേസമയം, സ്റ്റാലിൻ വിളിച്ച് ചേർക്കുന്ന യോഗത്തെ വിമർശിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി. യഥാർഥ പ്രശ്നം മറയ്ക്കാനുള്ള നാടകമാണ് യോഗമെന്ന് അണ്ണാമലൈ വിമർശിച്ചു. യോഗം തുടങ്ങുന്ന 10 മണിക്ക് തമിഴ്നാട്ടിൽ കരിങ്കൊടി പ്രതിഷേധത്തിനും അണ്ണാമലൈ ആഹ്വാനം ചെയ്തു.