അമേരിക്കൻ, ഫ്രഞ്ച് പ്രസിഡൻ്റുമാർ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്
ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ, ഫ്രഞ്ച് പ്രസിഡൻ്റുമാർ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ലബനനിൽ വെടിനിർത്തൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്നാണ് ലബനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രഖ്യാപനം വളരെ വേഗത്തിൽ തന്നെ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലബനനിൽ വെടിനിർത്തൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വിജയത്തിന് തൊട്ടടുത്താണെന്നും എന്നാൽ പ്രഖ്യാപനം ഉണ്ടാകുന്നതു വരെ കാത്തിരിക്കാമെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കേർബി പ്രതികരിച്ചു.
ALSO READ: ഗാസയിലെ ഹമാസ് ആക്രമണം; ജനങ്ങളോട് മാറി താമസിക്കാൻ ഉത്തരവിട്ട് ഇസ്രയേല്‍
അതേസമയം ലബനനിലെ വെടിനിർത്തൽ ചർച്ചകൾ ഇതിനകം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഫ്രാൻസും വ്യക്തമാക്കി. വെടിനിർത്തലുമായി ബന്ധപ്പെട്ട കരാർ ഇന്ന് ഇസ്രയേൽ ക്യാബിനറ്റ് ചർച്ച ചെയ്യുമെന്നും കരാറിന് അംഗീകാരം നൽകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തയ്യാറായിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും കഴിഞ്ഞ ദിവസങ്ങളിൽ ഇരുപക്ഷവും ആക്രമണം ശക്തമാക്കിയിരുന്നു.