fbwpx
"ലോകത്തിലെ അനീതികളും അസമത്വങ്ങളും കണ്ട് വേദനിച്ച മനുഷ്യന്‍"; അനുശോചനം അറിയിച്ച് എം.എ. ബേബി
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Apr, 2025 03:00 PM

''യേശു ക്രിസ്തുവിന്റെ അടിസ്ഥാന കാഴ്ചപ്പാട് പിന്തുടര്‍ന്ന എക്കാലത്തെയും മഹാനായ മാര്‍പാപ്പ ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം, ഫ്രാന്‍സിസ് മാര്‍പാപ്പ ആണെന്നാണ് ഞാന്‍ കരുതുന്നത്''

KERALA


ലോകത്തിലെ അസമത്വങ്ങളും അനീതികളും കണ്ട് വേദനിച്ച ഒരു മനുഷ്യനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരാകും പിന്‍ഗാമികളായി വരുന്നതെന്ന് കരുതുന്നതായും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് എം.എ. ബേബി പറഞ്ഞു.

പാവങ്ങളുടെ പാപ്പ എന്ന് അദ്ദേഹത്തെ നമുക്ക് നിസംശയം വിളിക്കാം. തികച്ചും അസാധാരണനായ മാര്‍പാപ്പയായിരുന്നു അദ്ദേഹമെന്നും എം.എ. ബേബി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് ഉണ്ടായില്ലെന്നും എം.എ. ബേബി പറഞ്ഞു.


ALSO READ: "മാതൃകാ വ്യക്തിത്വത്തിന് ഉടമ, ലോകജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു"; ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി


'യേശു ക്രിസ്തു നിന്ദിതര്‍ക്കും പീഡിതര്‍ക്കുമൊപ്പമായിരുന്നു. മനുഷ്യ സ്‌നേഹമായിരുന്നു യേശു ക്രിസ്തുവിന്റെ അടിസ്ഥാന കാഴ്ചപ്പാട്. ആ കാഴ്ചപ്പാട് പിന്തുടര്‍ന്ന എക്കാലത്തെയും മഹാനായ മാര്‍പാപ്പ ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഫ്രാന്‍സിസ് മാര്‍പാപ്പ ആണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ അപോസ്തലിക് എക്‌സോര്‍ട്ടേഷനില്‍ അദ്ദേഹം പറഞ്ഞു, ആരും നോക്കാനില്ലാതെ വഴിയരികില്‍ പട്ടിണി കിടന്ന ഒരു മനുഷ്യന്‍ ആള്‍ മരിച്ചാല്‍, അദ്ദേഹത്തെക്കുറിച്ചെഴുതാന്‍ മാധ്യമങ്ങള്‍ക്കൊന്നും സമയമുണ്ടായില്ലെന്ന് വരും. എന്നാല്‍ ഓഹരി കമ്പോളത്തില്‍ എന്തെങ്കിലും ഉയര്‍ച്ച താഴ്ചകളുണ്ടായാല്‍ മാധ്യമങ്ങള്‍ ഉടനെ അത് വലിയ പ്രാധാന്യത്തില്‍ ചര്‍ച്ച ചെയ്യും. താന്‍ ജീവിക്കുന്ന ലോകത്തിലെ അസമത്വങ്ങളും അനീതികളും കണ്ട് വേദനിച്ച ഒരു മനുഷ്യനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരാകും ഇനിയും അദ്ദേഹത്തിന്റെ പിന്‍ഗാമികളായിട്ട് വരുന്നത് എന്ന് ആശിക്കുകയാണ്,' എം.എ. ബേബി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.


അദ്ദേഹം 88 വയസു വരെ ജീവിച്ചിരുന്നെങ്കില്‍ പോലും അദ്ദേഹം ഇനിയും ആരോഗ്യത്തോടെ നമുക്കൊപ്പം കുറേ നാള്‍ കൂടി ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അതുണ്ടായില്ല. അതില്‍ ദുഃഖവും അനുശോചനവുമുണ്ട്. അദ്ദേഹം ഇന്ത്യസന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പലകാരണങ്ങള്‍ കൊണ്ടും അതിന് സാധിച്ചില്ല. തികച്ചും അസാധാരണനായ ഒരു മനുഷ്യനായിരുന്നു മാര്‍പാപ്പ. പാവങ്ങളുടെ പാപ്പ എന്ന് അദ്ദേഹത്തെ നമുക്ക് നിസംശയം വിളിക്കാം. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് നെതന്യാഹുവിനോ പാശ്ചാത്ത ശക്തികള്‍ക്കോ ഇഷ്ടപ്പെടാത്ത തരത്തിലാണ് അദ്ദേഹം തുറന്ന് സത്യസന്ധമായി പല കാര്യങ്ങളും പറഞ്ഞത്. അതുകൊണ്ട് തന്നെ തികച്ചും അസാധാരണനായ മാര്‍പാപ്പയായിരുന്നു അദ്ദേഹം എന്നും എം.എ. ബേബി പറഞ്ഞു.


ALSO READ: ഫ്രാന്‍സിസ് മാർപാപ്പ; വൈവിധ്യങ്ങളുടെ രാഷ്ട്രീയം സംസാരിച്ച പോപ്പ്


വത്തിക്കാന്‍ സാന്താമാര്‍ത്തയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസ് ആശുപത്രി വാസം കഴിഞ്ഞ് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ച് വരികയായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ അഞ്ചാഴ്ചയോളം ആശുപത്രിയിലായിരുന്നു. പിന്നീട് 38 ദിവസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മാര്‍പാപ്പ സ്വവസതിയിലേക്ക് തിരിച്ചെത്തിയത്. മാര്‍ച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഇന്നലെ ഈസ്റ്റര്‍ ദിനത്തിലാണ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.



1936 ഡിസംബര്‍ 16ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറീസിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്. ബ്യൂണസ് അയേഴ്‌സിന്റെ ആര്‍ച്ച് ബിഷപ്പായിരുന്ന ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോ, വത്തിക്കാന്റെ പരമപദത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന നാമം സ്വീകരിച്ച് എത്തിയത് 2013ലാണ്. ശാരീരിക അവശതകള്‍ മൂലം, ബെനഡിക്ട് 16ാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതോടെയായിരുന്നു അത്. 600 വര്‍ഷത്തിനിടെ രാജിവച്ച ആദ്യത്തെ മാര്‍പാപ്പയാണ് ബെനഡിക്ട് 16ാമന്‍. ഇതോടെ പതിവു പ്രോട്ടോക്കോളുകള്‍ തിരുത്തി നടന്ന ബാലറ്റില്‍ 2013 മാര്‍ച്ച് 13ന് കത്തോലിക്കാ സഭയുടെ 266ാമത് മാര്‍പാപ്പയായി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെട്ടു.

WORLD
ഇനി ഇല്ല ആ യാത്ര; ഇന്ത്യന്‍ വിശ്വാസികളുടെ ആഗ്രഹം ബാക്കിയായി
Also Read
user
Share This

Popular

WORLD
KERALA
WORLD
"അദ്ദേഹം അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് തോന്നി"; മാർപാപ്പയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ച് വാൻസ്