റാന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് ആദ്യമിട്ട തുന്നൽ ഇളക്കി ഉറുമ്പുകളെ നീക്കി പത്തനംതിട്ടയിലെ ഡോക്ടർമാർ വീണ്ടും തുന്നിക്കെട്ടിയെന്ന് സുനിൽ പറയുന്നു.
പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ മുറിവ് തുന്നികെട്ടിയതിൽ വീഴ്ചപറ്റിയെന്ന പരാതിയുമായി രോഗി. മുറിവിൽ തുന്നിയ ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ബ്ലോക്ക്പടി സ്വദേശി സുനിലിൻ്റെ പരാതി. ഉറുമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് മുറിവ് വീണ്ടും സ്റ്റിച്ചിടേണ്ടി വന്നെന്നും സുനിൽ പറയുന്നു. വിഷയത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
റാന്നി ബ്ലോക്ക്പടി സ്വദേശി സുനിൽ എബ്രഹാമിന് ഇക്കഴിഞ്ഞ ഞായറാഴ്ച വെെകിട്ടാണ് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞ് വീണ് നെറ്റിയിൽ പരിക്കേറ്റത്. ഏഴു മണിയോടെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുറിവിൽ അഞ്ച് തുന്നലുകൾ ഇട്ടു. സി.ടി. സ്കാനെടുക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ യാത്രമധ്യേ മുറിവ് തുന്നിയ ഭാഗത്ത് അസഹനീയമായ വേദനയുണ്ടായെന്നാണ് സുനിൽ പറയുന്നത്.
റാന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് ആദ്യമിട്ട തുന്നൽ ഇളക്കി ഉറുമ്പുകളെ നീക്കി പത്തനംതിട്ടയിലെ ഡോക്ടർമാർ വീണ്ടും തുന്നിക്കെട്ടിയെന്ന് സുനിൽ പറയുന്നു. തുന്നിക്കെട്ടിയ ഭാഗത്ത് പുറത്തുനിന്നുള്ള എന്തോ വസ്തു ഉണ്ടായിരുന്നുവെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ചികിത്സരേഖയിൽ കുറിച്ചിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആശുപത്രി സൂപ്രണ്ടിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. പരാതി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് വൈകാതെ തന്നെ ഡിഎംഒയ്ക്ക് സമർപ്പിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.