'ഭീഷണിപ്പെടുത്തി നിശബ്ദരാക്കുക എന്നത് സിപിഎമ്മിൻ്റെ സ്ഥിരം പരിപാടിയാണെന്നും താൻ അതിന് വഴങ്ങുന്ന ആളല്ല എന്നും മനു തോമസ് പറഞ്ഞു
പി ജയരാജനെതിരെ വീണ്ടും കടുത്ത വിമർശനവുമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ല മുൻ പ്രസിഡൻ്റ് മനു തോമസ്. "കണ്ണൂരിൽ വ്യക്തി പൂജയും വ്യക്തി ആരാധനയും ഇപ്പോഴും നടക്കുന്നുണ്ട്. വ്യക്തി പൂജ പാടില്ലെന്ന് പാർട്ടി കർശന നിലപാടെടുത്തപ്പോൾ പി ജയരാജൻ്റെ 'പിജെ ആർമി' മാറി 'റെഡ് ആർമി' ആയി എന്നു മാത്രമേയുള്ളൂ." മനു തോമസ് പറഞ്ഞു. ഭീഷണിപ്പെടുത്തി നിശബ്ദരാക്കുക എന്നത് സിപിഎമ്മിൻ്റെ സ്ഥിരം പരിപാടിയാണെന്നും അതിന് വഴങ്ങുന്ന ആളല്ല താനെന്നും മനു തോമസ് വ്യക്തമാക്കി.
സിപിഎമ്മിൻ്റെ കണ്ണൂർ രാഷ്ട്രീയം കേരളം ചർച്ച ചെയ്യുന്നത് ഇതാദ്യമല്ല. എന്നാൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്‍റും സിപിഎം മുൻ ജില്ലാ കമ്മറ്റി അംഗവുമായ മനു തോമസ് പാർട്ടി അംഗത്വം ഉപേക്ഷിച്ച് പുറത്ത് വന്ന് ഗുരുതര ആക്ഷേപങ്ങൾ ഉന്നയിച്ചപ്പോൾ സിപിഎമ്മിൽ ഉയർന്ന് വന്നത് വലിയ പ്രതിസന്ധിയാണ്. പി ജയരാജനെ ചൂണ്ടി കണ്ണൂരിൽ വ്യക്തി പൂജയും ആരാധനയും ഇപ്പോഴും ഉണ്ടെന്നായിരുന്നു മനു തോമസിൻ്റെ പുതിയ വിമർശനം. ഭീഷണിപ്പെടുത്തൽ ഇവരുടെ ഒരു സ്ഥിരം പരിപാടിയാണെന്നും മനു കൂട്ടിച്ചേർത്തു.
ക്വട്ടേഷനും സ്വർണ്ണക്കടത്തുമെല്ലാം നിയന്ത്രിക്കുന്നവരെക്കുറിച്ച് പാർട്ടി കമ്മറ്റിയിൽ ചർച്ച ചെയ്തപ്പോള്‍ നേരിട്ട കളിയാക്കലും പരിഹാസവും മനു തോമസ് തുറന്ന് പറഞ്ഞിരുന്നു. ഒപ്പം, ഇപ്പോഴുള്ള നടപടികളിൽ തിരുത്തൽ വരുത്തിയാൽ പാർട്ടിക്ക് പൊതു സമൂഹത്തിൽ വിശ്വാസ്യത വർധിക്കുമെന്നുകൂടി മനു ഓർമ്മിപ്പിക്കുന്നുണ്ട് .