ഇയാളുടെ കാറിൽ നിന്നും സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അതിനാൽ ഭീകരാക്രമണ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല
ജർമനിയിൽ ക്രിസ്തുമസ് മാർക്കറ്റിലേക്ക് കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണം അഞ്ചായി. പരുക്കേറ്റ 68 പേരില്‍ പത്തിലധികം പേരുടെ നില ഗുരുതരമാണ്. അന്വേഷണ സംഘം ഭീകരാക്രമണ സാധ്യത തള്ളിയിട്ടില്ല.
മധ്യകിഴക്കൻ ജർമനിയിലെ സാക്സണി-അൻഹാൾട്ടിലെ മാഗ്ഡെബെർഗില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന കാർ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ രണ്ടുപേരുടെ മരണം വെള്ളിയാഴ്ച തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി ശനിയാഴ്ച മരിച്ചതായി ജർമ്മന്‍ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നു. ഇതോടെ മരണസംഖ്യ അഞ്ചായി. പരുക്കേറ്റ 60 ഓളം പേരില്‍ പത്തിലധികം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോർട്ട്.
ഒരു കറുത്ത ബിഎംഡബ്ല്യു ജനക്കൂട്ടത്തിനിടയിലൂടെ അതിവേഗം പാഞ്ഞുകയറുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെർ സ്പീഗൽ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും, അതുകൊണ്ട് ഇത്തരത്തിലുള്ള കൂടുതൽ അപകടമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും, പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാർ ഓടിച്ചിരുന്ന സൗദി സ്വദേശിയായ ഡോക്ടർ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ കാറിൽ നിന്നും സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അതിനാൽ ഭീകരാക്രമണ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
50 കാരനായ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്നാണ് പൊലീസ് പുറത്തുവിട്ട പ്രാഥമിക വിവരം. എന്നാല്‍ അപകടം ആസൂത്രിതമാണെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വാഹനം വാടകയ്ക്ക് എടുത്തതാണെന്ന കണ്ടെത്തലാണ് ഈ സംശയത്തിൻ്റെ അടിസ്ഥാനം.
തീവ്രവലതുപക്ഷ ആശയങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന ചില സാമൂഹികമാധ്യമ പോസ്റ്റുകള്‍ ഇയാള്‍ പങ്കുവെച്ചതായി പറയപ്പെടുന്നു. ഇതുസംബന്ധിച്ച് ജർമനിക്ക് ജാഗ്രതാ നിർദേശം നല്‍കിയിരുന്നു എന്ന് സൗദി വിദേശകാര്യ മന്ത്രാലയം റോയിട്ടേഴ്സിനോട് പ്രതികരിച്ചു. 2006 ല്‍ ജർമനിയിലേക്ക് കുടിയേറിയ ഇയാള്‍ക്ക് പെർമനൻ്റ് വിസയുണ്ടെന്നാണ് വിവരം.