പോപ്കോണിന് 5 മുതൽ 18 ശതമാനം വരെ നികുതി വർധനവ്
ഇൻഷുറൻസുകളെ ജിഎസ്‌ടി പരിധിയിൽ നിന്നും ഒഴിവാക്കുന്നതിൽ 55-ാമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിലും തീരുമാനമായില്ല. ഫുഡ് ഡെലിവറി ആപ്പുകളുടെ ജിഎസ്‌ടി സംബന്ധിച്ചും സമിതി തീരുമാനമെടുത്തില്ല. അതേസമയം, ഇന്ത്യയിൽ ഉപയോഗിച്ച കാറുകൾക്കും പോപ്കോണിനും ജിഎസ്‌ടി വർധിക്കും.
ഉപയോഗിച്ച കാറുകൾ യൂസ്ഡ് കാർ കമ്പനികളിൽ നിന്നും വാങ്ങിയാൽ ജിഎസ്ടി നിരക്ക് കൂടും. ഇലക്‌ട്രിക് വാഹനങ്ങൾ ഉൾപ്പെടെ പഴയതും ഉപയോഗിച്ചതുമായ കാറുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് ഉയർത്തിയത്. പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് 5 ശതമാനമാണ് ജിഎസ്‌ടി. വ്യോമയാന ഇന്ധനത്തെ ജിഎസ്‌ടി പരിധിയിലുൾപ്പെടുത്തണമെന്ന ആവശ്യം കൗൺസിൽ തള്ളി.
ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾക്കുള്ള ജിഎസ്‌ടി ഇളവ് ജനുവരിയിൽ നടക്കുന്ന യോഗത്തിൽ വീണ്ടും പരിഗണിക്കും. ഇ കൊമേഴ്സ് വഴിയുള്ള ഭക്ഷണ വിതരണത്തിലെ ജിഎസ്‌ടി സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും തീരുമാനമെടുത്തില്ല.
പോപ്കോണിന് 5 മുതൽ 18 ശതമാനം വരെ നികുതി ഈടാക്കും. കാരമൽ പോപ്കോണിന്റെ ജിഎസ്ടി 18 ശതമാനമായി ഉയർത്തി. പഞ്ചസാര ചേർത്ത ഉൽപന്നങ്ങൾക്ക് നിലവിൽ ഉയർന്ന നിരക്കുണ്ടെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. ജീൻ തെറാപ്പിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. ഫോർട്ടിഫൈഡ് നെല്ലിൻ്റെ നിരക്ക് 5 ശതമാനം കുറച്ചു. കർഷകർ വിൽക്കുന്ന കുരുമുളകിനും ഉണക്കമുന്തിരിക്കും ജിഎസ്‌ടി ഒഴിവാക്കി. വായ്പ തിരിച്ചടവ് വൈകിയതിന് ബാങ്കുകൾ ഈടാക്കുന്ന പിഴയ്ക്ക് ജിഎസ്ടി ചുമത്തില്ലെന്നും ധനമന്ത്രി അറിയിച്ചു.
ലോംഗ് റേഞ്ച് സർഫസ് എയർ മിസൈലുകളുടെ ഉപകരണങ്ങൾക്കും സോഫ്റ്റ്‌വേറുകൾക്കുമുള്ള നികുതി ഇളവ് നീട്ടി. ചെറുകിട കമ്പനികളുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നതിനായി പുതിയ രജിസ്ട്രേഷൻ പ്രക്രിയ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. കേരള മാതൃകയിൽ പ്രളയ സെസ് ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ നടപടിക്രമങ്ങളും സംവിധാനവും നിർണയിക്കാൻ മന്ത്രിമാരുടെ സമിതിയും രൂപീകരിച്ചു.