മാര്‍ച്ച് 12നും 14നും നടത്താനിരുന്ന വാര്‍ഷിക പരീക്ഷ മാറ്റി വെച്ചിരിക്കുന്നതായും സ്കൂൾ പ്രിൻസിപ്പാൾ വ്യക്തമാക്കി
കൊച്ചി കളമശേരി സെൻ്റ് പോൾസ് സ്കൂളിൽ മെനിഞ്ചൈറ്റിസ് രോഗബാധ റിപ്പോർട്ട് ചെയ്തതോടെ വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പാൾ. സ്കൂൾ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് കുട്ടികൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും സ്കൂൾ പ്രിൻസിപ്പാൾ സുനിത ബിനു അലോഷ്യസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
സ്കൂളിന് ഒരാഴ്ച്ചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 12നും 14നും നടത്താനിരുന്ന വാര്‍ഷിക പരീക്ഷ മാറ്റി വെച്ചിരിക്കുന്നതായും സ്കൂൾ പ്രിൻസിപ്പാൾ വ്യക്തമാക്കി. അതേസമയം, സ്കൂളിൽ ഇന്ന് ജില്ല ആരോഗ്യ വിഭാഗം പരിശോധന നടത്തും.
രണ്ടാം ക്ലാസ് വിദ്യാർഥിക്ക് കഴിഞ്ഞദിവസമാണ് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രണ്ട് ആശുപത്രികളിലായി ആറ് കുട്ടികൾ രോഗ ലക്ഷണവുമായി ഐസിയുവിൽ കഴിയുകയാണ്. സ്‌കൂള്‍ അധികൃതരും ആരോഗ്യവകുപ്പും വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകൾക്കുണ്ടാവുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. ഏതു പ്രായക്കാർക്കും മെനിഞ്ചൈറ്റിസ് വരാനുള്ള സാധ്യതയുണ്ട്. പ്രധാനമായും വൈറസുകളും ബാക്ടീരിയയും മൂലമാണ് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നതെങ്കിലും ഫംഗസ്, പാരസൈറ്റുകൾ, ചില ഔഷധങ്ങൾ എന്നിവ മൂലവും മെനിഞ്ചൈറ്റിസ് ഉണ്ടാകാം. മെനിഞ്ചൈറ്റിസ് മൂലം മരണം വരെ സംഭവിക്കാവുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് പ്രധാനമാണ്.