fbwpx
മാർട്ടിൻ സ്കോസെസി: മോഡേൺ ​ഗ്യാങ്സ്റ്റർ സിനിമയുടെ അപ്പോസ്തലന്‍
logo

ശ്രീജിത്ത് എസ്

Posted : 13 Feb, 2025 07:03 PM

ഗ്യാങ്സ്റ്റേഴ്സ് എന്ന് പറഞ്ഞ് സ്കോസെസി കാണിക്കുന്നവർ ആരും ഇല്യുമിനാറ്റിമാരല്ല

HOLLYWOOD


ദുർബലനും, ആസ്ത്മ രോഗിയുമായ ആ കുട്ടി അച്ഛന്റെ കൈകൾ പിടിച്ച് അമേരിക്കയിലെ ലിറ്റിൽ ഇറ്റലിയിലെ തെരുവുകളിലുടെ നടന്നു. എങ്ങും തിരക്ക്, വണ്ടികളുടെ നീണ്ട ഹോണടികൾ, നിരത്തിലൂടെ നടന്നു നീങ്ങുന്ന ​ഗ്യാങ്സ്റ്റേഴ്സും ലൈം​ഗിക തൊഴിലാളികളും....വീട്ടിലോ, ഇതിൽ നിന്ന് നേരെ വിപരീതമായ അന്തരീക്ഷം. അതൊരു സിസിലിയൻ ഫാമിലിയാണ്. ആഴത്തിലുള്ള കത്തോലിക്കാ വിശ്വാസികൾ. സി​ഗരിറ്റിന്റെ കട്ടി പുകയ്ക്കൊപ്പം പാപ ബോധവും മതവിശ്വാസവും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ ഒളിച്ചിരിക്കാൻ പറ്റിയ രണ്ടിടങ്ങൾ അവൻ കണ്ടെത്തി. ഒന്ന് ദി റോക്സി എന്ന സിനിമാ തിയേറ്റർ. ഒരു ആസ്തമാ രോ​ഗിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല വിനോദം അവിടെ നിന്ന് അവനൊപ്പം കൂടി, സിനിമ.


അവന് അഭയ കേന്ദ്രമായ മറ്റൊരു ഇടം സെന്റ് പാട്രിക്സ് കത്തീഡ്രലാണ്. അവിടുത്തെ ആത്മീയത നിറഞ്ഞ അന്തരീക്ഷം അവന്റെ മനസിനെ തണുപ്പിച്ചു. അതുകൊണ്ട് കൂടിയാക്കാം അവൻ സെമിനാരിയിൽ ചേർന്നു. അവൻ ഒരു പുരോഹിതനാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ദൈവത്തേക്കാൾ മുന്നേ അവന് സിനിമയുടെ വിളി വന്നു. മറ്റുള്ളവരോടൊപ്പം ഓടിയെത്താൻ കഴിയാത്ത ആ ശെമ്മാച്ചൻ, തന്റെ കയ്യിൽ ക്യാമറ എടുത്തു.

‌വർഷങ്ങൾ കടന്നുപോയി, 2020. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള അക്കാദമി അവാർഡ് വാങ്ങിയ ശേഷം പാരസൈറ്റ് സംവിധായകൻ ബോങ് ജൂൺ ഹോ തനിക്കൊപ്പം നോമിനേഷനിലുണ്ടായിരുന്ന ഓരോ സംവിധായകർക്കും നന്ദി അറിയിച്ചു. അതിൽ ഒരു സംവിധായകന്റെ പേര് അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അയാൾ ആ സദസ്സിൽ തന്നെയുണ്ടായിരുന്നു. ചിരിക്കുന്ന കണ്ണുകളുള്ള കട്ടിക്കണ്ണടക്കാരനായ ലിറ്റിൽ ഇറ്റലിയിലെ ആ കുട്ടി. മാർട്ടിൻ സ്കോസെസി. അന്നയാളുടെ പ്രായം 78.

Also Read: ഫ്രാൻസിസ് ഫോ‍ർഡ് കൊപ്പോള: ഉന്മാദിയായ സിനിമാക്കാരന്‍


മോഡേൺ ​ഗ്യാങ്സ്റ്റർ സിനിമയുടെ അപ്പോസ്തലനായിട്ടാണ് സ്കോസെസി വാഴ്ത്തപ്പെടുന്നത്. എന്നാൽ അതിന് അപ്പുറത്തും പരപ്പുള്ളതാണ് അയാളുടെ ഫിലിമോ​ഗ്രഫി. 26 ഫീച്ചർ ഫിലിമുകൾ,16 ഡോക്യുമെന്ററികൾ. പിന്നെ നിരവധി ഷോർട്ട് ഫിലിമുകളും. തന്റെ എല്ലാ സിനിമകളിലും സ്കൊസേസി അമേരിക്കയിലെ ഇരുണ്ട തെരുവുകളുടെ ഊർജം നിറച്ചു. രാജ്യത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയെ തന്റേതായ രീതിയിൽ ആവിഷ്കരിച്ചു.

1976, വിയറ്റ്നാം യുദ്ധവും വാട്ടർ​ഗേറ്റ് അഴിമതിയും അപ്പോഴും ജനമനസിൽ നിന്ന് മാഞ്ഞിരുന്നില്ല. രാഷ്ട്രീയത്തോട് അവർക്കുള്ള വിശ്വാസം നഷ്ടമായിക്കഴിഞ്ഞിരുന്നു. ഒരു തരം അരാജകത്വമായിരുന്നു തെരുവുകളിൽ. ക്രൈം റേറ്റ് ക്രമാതീതമായി ഉയർന്നിരുന്നു. അപ്പോഴാണ് പോൾ ഷ്രേഡർ ഒരു തിരക്കഥയുമായി സ്കോസെസിയെ സമീപിക്കുന്നത്. ഏകാന്തനായ, ലക്ഷ്യബോധമില്ലാത്ത, ഇൻസോമേനിയാക് ആയ ഒരു വിയറ്റ്നാം വെറ്റിന്റെ കഥ. പേര് ടാക്സി ഡ്രൈവർ.

സിനിമയും അതിലെ റോബർട്ട് ഡി നീറോ അവതരിപ്പിച്ച ട്രാവിസ് ബിക്കിൾ എന്ന കഥാപാത്രവും അന്നത്തെ അമേരിക്കയുടെ പ്രതീകമായിരുന്നു.
വർണവെറിയുടെ ആദർശവൽക്കരിച്ച സിദ്ധാന്തങ്ങളല്ല ട്രാവിസിൽ ഉണ്ടായിരുന്നത്. കറുത്ത വംശജരോട് ട്രാവിസിനുള്ള അസ്വസ്ഥത ഉപബോധമനസ്സിൽ ഉറഞ്ഞു കൂടിയതാണ്. അയാൾ ഒരു ഒറ്റപ്പെട്ട തുരുത്താണ്. അപ്രവചനീയമായ കഥാപാത്രം. സിനിമ ചിത്രീകരിച്ചിരിക്കുന്നത് തന്നെ ഈ ഓഫ് ബാലൻസ് സക്രീനിൽ വരത്തക്കവിധമാണ്.

സിനിമയിൽ ട്രാവിസ് ഫോൺ ചെയ്യുന്ന ഒരു രം​ഗമുണ്ട്. അത് ആ കഥാപാത്രത്തെ സംബന്ധിച്ച് വളരെ വിഷമകരമായ സന്ദർഭമാണ്. ആ നിമിഷം സ്കോസെസി തന്റെ ക്യാമറ ട്രാവിസിൽ നിന്നും ഒഴിഞ്ഞ ഇടനാഴിയിലേക്ക് തിരിക്കുന്നു. പശ്ചാത്തലത്തിൽ ട്രാവിസിന്റെ കോൾ. ആരോ ഇപ്പോൾ ഫ്രെയിമിലേക്ക് കടന്നു വരുമെന്ന തോന്നൽ. എന്നാൽ ആരും വരുന്നില്ല. കഥാപാത്രത്തിന്റെ വേദനയുടെ ആഴവും, ഇടനാഴിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംഷയും ഒരേപോലെ പ്രേക്ഷകനെ അനുഭവിപ്പിക്കാനാണ് സംവിധായകൻ ആ സീൻ ഇത്തരത്തിൽ ചിത്രീകരിച്ചത്. ഈ ഷോട്ടാണ് സ്കോസെസിക്ക് അദ്യം കിട്ടിയത്. ആ നിമിഷം അയാൾ തീരുമാനിച്ചു. ഇതാണ് ടാക്സി ഡ്രൈവറുടെ സ്റ്റൈൽ.


Also Read: സ്റ്റീവൻ സ്പിൽബ‍​ർ​ഗ്: ഭാവനാകാശത്ത് കഥകൾ മെനയുന്ന ചലച്ചിത്രകാരൻ


ഇത്തരത്തിൽ വ്യത്യസ്തമായ സിനിമാറ്റിക് ശൈലി സ്കൊസേസിയുടെ എല്ലാ പടങ്ങളിലും കാണാം. ചലനാത്മകമായ കഥപറച്ചിലും കടുപ്പമേറിയ യാഥാർഥ്യ ബോധവും കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന മനശാസ്ത്രവും സംവിധായകന്റെ വിഷ്വൽ സ്റ്റൈലുമായി കൂടിച്ചേരുന്നു. കുറ്റകൃത്യം, ധാർമ്മികത, വിശ്വാസം, അധികാരത്തിനായുള്ള പോരാട്ടങ്ങൾ എന്നിങ്ങനെയുള്ള പ്രമേയങ്ങളും വിഷ്വൽ ലാം​ഗ്വേജും ആവർത്തിക്കുമ്പോൾ പോലും പുതുമ നിലനിർത്തുന്നുണ്ട് സ്കോസെസി പടങ്ങളിൽ. അതിനു കാരണം ടെക്നിക്കിന്റെയും ഫിലോസഫിയുടെയും സമന്വയമാണ്. പിന്നെ കണ്ട് പരിചയിച്ച ജീവിതങ്ങളോടുള്ള കൂറും.


പ്രേക്ഷകനുള്ളിൽ ഊർജവും കഥയുമായി ഒരു അടുപ്പവും സൃഷ്ടിക്കാൻ ആ സംവിധായകന് തനത് വഴിയുണ്ട്. ലോംഗ് ട്രാക്കിംഗ് ഷോട്ടുകൾ, ചടുലമായ ഡോളി മൂവ്‌മെന്റുകൾ, ഹാൻഡ്‌ഹെൽഡ് ക്യാമറകൾ അങ്ങനെ പലതും. ഉദാഹരണത്തിന് 1990ൽ ഇറങ്ങിയ ഗുഡ്‌ഫെല്ലസിലെ പ്രശസ്തമായ കോപാകബാന സീൻ. സ്കോസെസിയുടെ ഐക്കോണിക് സീക്വൻസുകളിൽ ഒന്നാണിത്. റേ ലിയോട്ടയുടെ ഹെൻറി ഹിൽ തന്റെ പങ്കാളിയുമായി കോപകബാന നൈറ്റ്ക്ലബ്ബിലേക്ക് പിൻവാതിലിലൂടെ പ്രവേശിക്കുന്നിടം തൊട്ട് തുടങ്ങുന്ന ഒരു ലോങ് ട്രാക്കിംഗ് ഷോട്ടാണിത്. സാങ്കേതികമായും ആഖ്യാനപരമായും ഈ രംഗത്തിന് പ്രാധാന്യമേറെയാണ്. മൂന്ന് മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ രം​ഗം പ്രേക്ഷകരെ ഹെൻറിയുടെ ലോകത്തേക്ക് വലിച്ചടുപ്പിക്കുന്നു.

വളരെ സങ്കീർണമാണ് ഈ ഷോട്ടിന്റെ കൊറിയോ​ഗ്രഫി. ഇടുങ്ങിയ ഇടനാഴികളിലൂടെ, തൊഴിലാളികളെ മറികടന്ന്, അടുക്കളയിലേക്കും ഒടുവിൽ ക്ലബ്ബിലേക്കും ക്യാമറ ഹെൻറിയെയും പങ്കാളിയേയും പിന്തുടരുന്നു. സ്ഥലം മാറുന്നതിനൊപ്പം ലൈറ്റിങ്ങിലും വലിയ മാറ്റങ്ങൾ വരുന്ന പോക്ക്. എന്നാൽ ഈ ഷോട്ട് വളരെ ആയാസരഹിതവും സ്വാഭാവികവുമായാണ് പ്രേക്ഷകന് തോന്നുക. അതിന് കാരണം, കഥാപാത്രങ്ങളുടെയും ക്യാമറയുടെയും ഓരോ ചലനവും സൂക്ഷ്മമായി ആസൂത്രണം ചെയ്തിരുന്നു എന്നതാണ്.


ഇത്തരം സിനിമാറ്റോ​ഗ്രഫി ടെക്നിക്കുകൾ മാത്രമല്ല സ്കോസെസി സിനിമ. റാപ്പിഡ് ഫയർ എഡിറ്റിങ്ങ് കൊണ്ട് കൂടി സമ്പന്നമാണ് അദ്ദേഹത്തിന്റെ സിനിമകൾ. കഥാപാത്രത്തിന്റെ മനോനില എടുത്തുകാണിക്കാനായി സിനിമകളിൽ പലപ്പോഴും ഫാസ്റ്റ് കട്ടുകൾ, പെട്ടെന്നുള്ള ട്രാൻസിഷനുകൾ, ഫ്രീസ് ഫ്രെയിമുകൾ എന്നിവ സ്കോസെസി ഉൾപ്പെടുത്തുന്നു.

ദി വുൾഫ് ഓഫ് വാൾസ്ട്രീറ്റിലെ ലിയനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച ജോർദാൻ ബെൽഫോർട്ടിന്റെ ജീവിതത്തിലെ അമിതാവേശം, വേഗതയും ദ്രുതഗതിയിലുള്ള കട്ടുകൾ ഉപയോ​ഗിച്ചാണ് സംവിധായകൻ സൃഷ്ടിച്ചെടുക്കുന്നത്. ഇനി ഫ്രീസ് ഫ്രെയിമുകൾ എടുത്താൽ ​ഗുഡ്ഫെല്ലാസ് തുടങ്ങുന്നത് തന്നെ യുവാവായ ഹെൻറി ഹില്ലിന്റെ ഒരു ഫ്രീസ് ഫ്രെയിമിലുള്ള വോയിസ് ഓവറോട് കൂടിയാണ്. As far back as I can remember, I always wanted to be a gangster എന്ന് ഹെൻറി പറയുന്നിടത്ത് പ്രേക്ഷകൻ സിനിമയിൽ ഹുക്ക് ആയിക്കഴിഞ്ഞു.


Also Read: കെ.ജി. ജോർജ്: മലയാളിയിലെ കാണിയെ വെല്ലുവിളിച്ച തന്‍റേടി


മറ്റൊരു സ്കോസെസി ടെക്നിക്കാണ് ഈ വോയിസ് ഓവർ. ഒരു കഥാപാത്രത്തിന്റെ മനസ്സിലേക്ക് ഉൾക്കാഴ്ച നൽകാനായിട്ടാണ് സ്കോസെസി പലപ്പോഴും ഈ സങ്കേതം ഉപയോഗിക്കുന്നത്. ഇത് പ്രേക്ഷകരെ കഥാപാത്രത്തിന്റെ യാത്രയിൽ പങ്കാളികളാക്കുന്നു. ഇത്രയും തന്നെ പ്രാധാന്യമുണ്ട് സിനിമകളിലെ സം​ഗീതത്തിനും. റോക്ക്, ബ്ലൂസ്, ക്ലാസിക്കൽ എന്നിവയുടെ ഒരു ലയമാണ് അദ്ദേഹത്തിന്റെ സിനിമകൾ. കഥ പറച്ചിലിന്റെ വൈകാരികതയെ സഹായിക്കുന്നതിനൊപ്പം വേ​ഗതയും നൽകുന്നുണ്ട് സം​ഗീതം. മീൻ സ്ട്രീറ്റ്സിലെ ജോണി ബോയിയുടെ എൻട്രിക്കൊപ്പം പ്ലേ ചെയ്യുന്ന ദി റോളിങ് സ്റ്റോണിന്റെ 'ജംപിങ് ജാക്ക് ഫ്ലാഷ്' എന്ന ​ഗാനം ആ കഥാപാത്രത്തിന്റെ വിമത സ്വഭാവത്തെ വരച്ചിടുന്നുണ്ട്.



തീമാറ്റിക്കലി നോക്കി കഴിഞ്ഞാൽ മതപരവും അസ്തിത്വപരവുമായ ലെയറുകൾ മിക്കവാറും സ്കോസെസി സിനിമകളുടെയും പ്രത്യേകതയാണ്. ദസ്തയേവ്‌സ്‌കിയുടെ നോട്ട്സ് ഫ്രം ദി അണ്ടർ​ഗ്രൗണ്ടിൽ നിന്നാണ് അദ്ദേഹം ടാക്സി ഡ്രൈവറിലേക്ക് ക്രിയാത്മകമായി പ്രവേശിക്കുന്നത്. ദസ്തയേവ്‌സ്‌കിയേക്കാൾ കുറ്റവും ശിക്ഷയും എഴുത്തിൽ കൊണ്ടു വന്ന മറ്റൊരു എഴുത്തുകാരനില്ല. അപ്പോൾ തന്നെ സ്കോസെസി സിനിമകളിൽ നിറയുന്ന കത്തോലിക്കാ കുറ്റബോധത്തിന്റെയും കഥാപാത്രങ്ങളുടെ ധാർമ്മിക പോരാട്ടങ്ങളുടെയും കാരണം വ്യക്തമാണ്. അത് സംവിധായകന്റെ തത്ത്വചിന്തയാണ്, വ്യക്തിത്വമാണ്.


സ്കൊസേസിയുടെ നായകന്മാർ അതുകൊണ്ട് തന്നെ സംതൃപ്തരല്ല. അവരെ എപ്പോഴും എന്തെങ്കിലും തരത്തിലുള്ള ആ​ഗ്രഹങ്ങൾ അല്ലെങ്കിൽ പ്രതികാരം നയിച്ചുകൊണ്ടിരിക്കും. സീനുകളിൽ നിന്ന് സീനുകളിലേക്ക് വികസിക്കുന്ന അവരുടെ ജീവിതം ഒരു ഘട്ടത്തിൽ ചില അസ്തിത്വ പ്രതിസന്ധിയിൽ ചെന്നുപെടും. ട്രാവിസ് ബിക്കിളിനെ പോലെ.


സ്കോസെസിയുടെ ഇത്തരം ശൈലിയാണ് അദ്ദേഹത്തിന്റെ സിനിമയെ കേവലം ക്രൈം ഡ്രാമ ഴോണറിൽ നിന്ന് ഉയർത്തുന്നത്. 2019 ൽ ഇറങ്ങിയ ഐറിഷ്മാൻ യഥാർത്ഥ സംഭവങ്ങളിൽ വേരൂന്നിയ സ്ലോ പേസിലുള്ള ഒരു ക്രൈം ഡ്രാമയാണ്. അതിൽ യാഥാർഥ്യ ബോധമുണ്ട്. ​ഗ്യാങ്സ്റ്റേഴ്സ് എന്ന് പറഞ്ഞ് സ്കോസെസി കാണിക്കുന്നവർ ആരും ഇല്യുമിനാറ്റിമാരല്ല. അവർ സാധാരണ മനുഷ്യരാണ്. സമൂഹത്തിന്റെ ഉപഉൽപ്പന്നമാണ്. യഥാർഥ ജീവിതങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള ഈ സിനിമകൾ ചരിത്രപരമായ കൃത്യത പുലർത്തിയാണ് അവരോട് നീതികാട്ടുന്നത്. ആ കൃത്യത 81ാം വയസിൽ സംവിധാനം ചെയ്ത കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂണിൽ വരെ സ്കൊസേസി പുലർത്തുന്നുണ്ട്.

ഇത്രയും വർഷം മനോഹരമായ സിനിമകൾ ചെയ്തു എന്നത് മാത്രമല്ല സ്കൊസേസിയെ മാസ്റ്ററായി പരി​ഗണിക്കാൻ കാരണം. കൊമേഷ്യലി അത്ര വലിയ ഹിറ്റുകളോ സംവിധാനം ചെയ്ത സിനിമകൾ എല്ലാം മാസ്റ്റർപീസുകളോ അല്ല. അക്കാദമി അവാർഡുകളുടെ എണ്ണത്തിൽ അയാൾ മുൻപനും അല്ല. പിന്നെന്തുകൊണ്ട്? അതിന് നമ്മൾ ആദ്യം പറഞ്ഞ ഓസ്ക്കർ വേദിയിലേക്ക് തിരികെ പോണം. എന്തിനാണ് ബോങ് ജൂൺ-ഹോ സ്കൊസേസിയെ പ്രത്യേകമായി പരാമർശിച്ചത്?

ബോങ്ങിനെ നിരന്തരം പ്രചോദിപ്പിച്ചത് സ്കോർസെസി സിനിമകളാണ്. അതിലുപരിയായി തന്റെ ഫിലിം മേക്കിങ് മന്ത്രമായി ബോങ് കരുതുന്നത് സ്കൊസേസിയുടെ വാക്കുകളാണ്- The most personal is the most creative. അതാണ് തന്നോട് അടുത്ത നിൽക്കുന്ന കഥകളിലേക്ക് തിരിയാൻ ബോങ്ങിനെ പ്രേരിപ്പിച്ചത്. അക്കാദമി അവാർഡ് ഏറ്റുവാങ്ങിയ ശേഷം ബോങ്ങിന് സ്കോസെസിയുടെ ഒരു കത്തും കിട്ടി.

എനിക്ക് സിനിമ വളരെ ഇഷ്ടമായി. നിങ്ങൾ വളരെ നല്ലൊരു ജോലിയാണ് ചെയ്തിരിക്കുന്നത്. ഇനി ചെറിയ ഒരു ബ്രേക്കെടുകൂ. എന്നിട്ട് അടുത്ത പടത്തിന്റെ പണികൾ ആരംഭിക്കൂ. ഈ വാക്കുകളിലുണ്ട് സ്കോസെസി. അയാൾ നല്ല സിനിമയുടെ ആരാധകനാണ്. അയാൾ സിനിമയ്ക്കായാണ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് ഫിലിം സ്റ്റോക്കിന്റെ കേടുപാടുകൾ കൊണ്ടോ, ശരിയായ അർക്കൈവിങ്ങിന്റെ അഭാവം മൂലമോ, നഷ്ട്ടപ്പെടാൻ സാധ്യതയുള്ള പല ക്ലാസിക് സിനിമകളും സ്കോസെസിയുടെ നേതൃത്വത്തിൽ റീസ്റ്റോർ ചെയ്യുന്നത്. 2007 മുതൽ അദ്ദേഹം ഇന്ത്യ, ബം​ഗ്ലാദേശ്, സെന​ഗൽ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി സിനിമകൾ പ്രിസർവ് ചെയ്ത് അന്താരാഷ്ട്ര വേദികളിലേക്ക് എത്തിക്കുന്നുണ്ട്. സത്യജിത് റേയുടെ അപു ത്രയവും അരവിന്ദന്റെ കുമ്മാട്ടിയും എല്ലാം പുതു ജീവൻ കണ്ടെത്തിയത് ഈ പ്രൊജക്ടിലൂടെയാണ്.

ഇനി... സ്കോസെസി എന്ന ഫിലിം മേക്കറെപ്പറ്റി ഒറ്റവാചകത്തിൽ പറയണമെങ്കിൽ അതിനും ഒരു സ്കോസെസി ഫ്ലേവർ കൊടുക്കണം. ഒരു ഫ്രീസ് ഫ്രെയിം. അതിൽ കട്ടിക്കണ്ണടയും കട്ടിപുരികവുമുള്ള സ്കോസെസി. പശ്ചാത്തലത്തിൽ അയാളുടെ ഏറ്റവും പുതിയ സിനിമാ സെറ്റ്. പിന്നെ ഒരു വോയിസ് ഓവറും. As far back as I can remember, I always wanted to be a filmmaker. 

NATIONAL
വാട്‌സ്ആപ്പ് ഇമേജ് ഡൗൺലോഡ് ചെയ്ത യുവാവിന് പണി കിട്ടി; അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 2 ലക്ഷത്തിലേറെ രൂപ
Also Read
user
Share This

Popular

KERALA
IPL 2025
നന്മയ്ക്കും നീതിക്കും വേണ്ടിയുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന ഓർമപ്പെടുത്തൽ; ഈസ്റ്റർ ആശംസയുമായി മുഖ്യമന്ത്രി