കോവൂരിൽ നിന്ന് പാലാഴിയിലേക്ക് പോകുന്ന എംഎൽഎ റോഡിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ തൊട്ടരികിലെ ഓടയിലേക്ക് വീഴുകയായിരുന്നു
കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. കോവൂർ ഓമശേരി താഴത്ത് കുളത്തുംപൊയിൽ ശശി(60)യാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് പുലരുവോളം തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. ശശിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്നലെ രാത്രി പെയ്ത കനത്ത മഴയ്ക്കിടെയാണ് സംഭവം. കോവൂരിൽ നിന്ന് പാലാഴിയിലേക്ക് പോകുന്ന എംഎൽഎ റോഡിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ തൊട്ടരികിലെ ഓടയിലേക്ക് വീഴുകയായിരുന്നു. വീണഭാഗത്ത് കാര്യമായ വെള്ളം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് മറ്റു ഭാഗങ്ങളിൽ നിന്ന് കുത്തിയൊഴുകിയെത്തിയ വെള്ളത്തിൽപ്പെടുകയായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സുമെത്തി ഉടൻ തെരച്ചിൽ തുടങ്ങിയെങ്കിലും കനത്ത മഴയും ഇരുട്ടുമാണ് വെല്ലുവിളിയായത്. ബീച്ച് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തെരച്ചിൽ തുടർന്നു. താഴ്ന്ന പ്രദേശമായതിനാൽ കനത്ത മഴയിൽ പ്രദേശത്താകെ വെള്ളമുയർന്നിരുന്നു. ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് നിന്നാണ് ഇപ്പോൾ ശശിയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. രാത്രി പ്രദേശത്തോട്ടാകെ വെള്ളം കെട്ടികിടന്നതിനാൽ തെരച്ചിൽ അസാധ്യമായിരുന്നെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.