തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനം തകരാറിലായതാണ് മരണകാരണം എന്ന് തിരിച്ചറിഞ്ഞു
ദുരൂഹതയൊഴിയാതെ ജമ്മുകശ്മീർ രജൗരിയിലെ ബദാൽ ഗ്രാമം. കഴിഞ്ഞ ഡിസംബറിലാണ് ഗ്രാമത്തിൽ ദുരൂഹസാഹചര്യത്തിൽ ആളുകളെ മരിച്ച നിലയിൽ കണ്ടെത്താൻ തുടങ്ങിയത്. ഇതുവരെ 17 ഓളം പേരാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത്. മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് വിഷാംശമാണ് മരണകാരണമെന്ന് വ്യക്തമായത്. എന്നാൽ വിഷാംശം ഏറ്റതിലും ദുരൂഹത നിലനിൽക്കുകയാണ്.
മൂന്ന് കുടുംബങ്ങളിൽ പെട്ട 17 പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇതിൽ 13 പേർ കുട്ടികളായിരുന്നു. ഒരു ഗർഭിണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഗ്രാമത്തിൽ വിവാഹാഘോഷത്തിൽ പങ്കെടുത്തവരാണ് മരണത്തിനിരയായത്. വിവാഹവീട്ടിലെ ഗൃഹനാഥനടക്കം അഞ്ച് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് മരണം എന്നായിരുന്നു രജൗരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ആദ്യനിഗമനം. പിന്നീട് അയല്‍പ്പക്കത്തെ രണ്ടു കുടുംബങ്ങളില്‍ നിന്നായി 12 പേര്‍ കൂടി സമാനമായ ലക്ഷണങ്ങളോടെ മരിച്ചതോടെ അജ്ഞാത രോഗമാകാം മരണ കാരണമെന്ന നിഗമനത്തിലേക്ക് മെഡിക്കൽ സംഘമെത്തി.
എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനം തകരാറിലായതാണ് മരണകാരണം എന്ന് തിരിച്ചറിഞ്ഞു. പിന്നാലെ മരണകാരണം വൈറസോ ബാക്ടീരിയയോ അല്ലെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള വ്യക്തമാക്കി. തുടർന്ന് നടത്തിയ പരിശോധനകളിൽ മരിച്ചവരുടെ മൃതദേഹത്തിൽ വിഷ പദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി.
ചണ്ഡീഖഡിലെ പിജിഐഎംഇആറിൽ നടത്തിയ പഠനത്തിലാണ് ശരീരത്തിൽ അലുമിനിയം, കാഡ്മിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്. ലഖ്നൗ CSIR- IITR നടത്തിയ പരിശോധനയിൽ ആൽഡികാർബ് സൾഫേറ്റ്, അസറ്റാമിപ്രിഡ്, ഡൈതൈൽഡിത്തിയോകാർബമേറ്റ്, ക്ലോർഫെനാപ്പിർ എന്നീ വിഷ വസ്തുക്കളും കണ്ടെത്തിയതായി മന്ത്രി സക്കീന ഇറ്റൂ നിയമസഭയിൽ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സംഭവത്തിൽ സിബിഐ അന്വേഷണ വേണമെന്ന് എംഎൽഎമാർ നിയമസഭയിൽ ആവശ്യപ്പെട്ടു.