രാജ്യമൊട്ടാകെ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്‍ തീയേറ്ററിലെത്താന്‍ ഇനി മൂന്ന് ദിവസം കൂടിയെ ബാക്കിയുള്ളൂ
സിനിമയുടെ പിറകെ താന്‍ പോവാറില്ലെന്നും സിനിമ തന്നിലേക്ക് വരുന്നതാണെന്നും മോഹന്‍ലാല്‍. എസ്.എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. എമ്പുരാനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രമോഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
'വെറുതെ ചിന്തിച്ചിട്ട് കാര്യമില്ല. അത് സംഭവിക്കണം. ഞാന്‍ ഹാപ്പനിങ്‌സില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. ഇപ്പോള്‍ നാളെ ഇരുന്ന് ഞാന്‍ ചിന്തിക്കുകയാണ്, എമ്പുരാന്‍ പോലെ ഒരു സിനിമ ചെയ്യണം എന്ന്. അത് സംഭവിക്കണമെന്നില്ല. എന്റെ ജീവിതത്തില്‍ ഉടനീളം ഞാന്‍ ഹാപ്പനിങ്‌സില്‍ വിശ്വസിച്ച ആളാണ്. ഞാന്‍ നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. നല്ല സംവിധായകര്‍ക്കൊപ്പം. പിന്നെ സംസ്‌കൃതത്തില്‍ ഒരു നാടകം ചെയ്തിട്ടുണ്ട്. ആര്‍ക്കും പെട്ടന്ന് നാളെ പോയി ഒരു നാടകം ചെയ്യാന്‍ സാധിക്കണമെന്നില്ല. അതെല്ലാം സംഭവിക്കണം. ഞാന്‍ കഥകളിയെ കുറിച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്, വാനപ്രസ്ഥം. പിന്നെ ഇരുവര്‍, എമ്പുരാന്‍, ലൂസിഫര്‍. ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഒരിക്കലും അതിന് പിറകെ പോകാറില്ല. അതെല്ലാം എന്നിലേക്ക് വരുകയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ കാത്തിരിക്കും', മോഹന്‍ലാല്‍ പറഞ്ഞു.
ALSO READ: 'എമ്പുരാനില്‍ ഉള്ളത് ഇതുവരെ കാണാത്ത ലാലേട്ടന്‍ അല്ല'; അത് ചെയ്യാന്‍ കഴിയില്ലെന്ന് പൃഥ്വിരാജ്
അതേസമയം രാജ്യമൊട്ടാകെ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്‍ തീയേറ്ററിലെത്താന്‍ ഇനി മൂന്ന് ദിവസം കൂടിയെ ബാക്കിയുള്ളൂ. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മാര്‍ച്ച് 27നാണ് ചിത്രം ലോകവ്യാപകമായി പ്രേക്ഷകരിലേക്ക് എത്തുക. മാര്‍ച്ച് 21 രാവിലെ 9 മണി മുതല്‍ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോ ആപ്പില്‍ മാത്രം ഒരു ലക്ഷത്തിന് അടുത്ത് ടിക്കറ്റുകളാണ് വിറ്റുപോയത്. 24 മണിക്കൂറില്‍ ആറര ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇതോടെ മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ക്കാന്‍ എമ്പുരാന് സാധിച്ചു.
എമ്പുരാനില്‍ പുതിയ മോഹന്‍ലാല്‍ ഉണ്ടാകില്ലെന്ന് പൃഥ്വരാജ് സുകുമാരന്‍ അറിയിച്ചു. 'ലാലേട്ടനെ പോലെ ഒരു നടനെ പുതിയ രീതിയില്‍ കാണിക്കാന്‍ ഒരു സംവിധായകനും സാധിക്കില്ല. 47 വര്‍ഷമായി അദ്ദേഹത്തിന്റെ 400 സിനിമകളോളം നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. ഇതുവരെ നിങ്ങള്‍ കാണാത്ത ഒരു ലാലേട്ടനെ ഒന്നും എനിക്ക് സിനിമയിലൂടെ കൊണ്ടുവരാന്‍ ആവില്ല. അതെന്റെ കയ്യില്‍ അല്ല ഉള്ളത്. ഞാന്‍ എന്റെ സിനിമയോടും കഥാപാത്രത്തോടും സത്യസന്ധമായി നില്‍ക്കുകയാണ് ചെയ്്തിട്ടുള്ളത്. ഇനി നിങ്ങള്‍ കാണുന്നത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സിനിമയുടെ കാന്‍വാസെല്ലാം മലയാള സിനിമ ഇതുവരെ കാണാത്ത രീതിയില്‍ ഉള്ളതായിരിക്കും. അതല്ലാതെ ഒരു പുതിയ ലാലേട്ടനെ ഒന്നും കാണാന്‍ പോകുന്നില്ല. പഴയ ലാലേട്ടന്‍ തന്നെയാണ് എമ്പുരാനില്‍ ഉള്ളത്', പൃഥ്വിരാജ് ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.