fbwpx
'സ്വയം' റദ്ദാക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യം; എമ്പുരാ‍ന് നിർമാതാക്കൾ കൊടുക്കുന്ന 24 വെട്ട്
logo

ശ്രീജിത്ത് എസ്

Last Updated : 01 Apr, 2025 10:07 PM

ചിത്രത്തിലെ മുഖ്യ പ്രതിനായകനായ 'ബാബ ബൽരാജ് ബജ്റം​ഗി' എന്ന കഥാപാത്രത്തിന്റെ പേര് 'പുതിയ' എമ്പുരാനിൽ മാറും

MALAYALAM MOVIE


"ആരെയും പിണക്കാനാവില്ല. ആരെയും ഭയന്നല്ല. എമ്പുരാൻ വെട്ടാൻ തീരുമാനിച്ചത് എല്ലാവരും ഒറ്റക്കെട്ടായെടുത്ത തീരുമാനം."

സംഘപരിവാർ സൈബർ ​ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്ക് പിന്നാലെ സിനിമ റി എഡിറ്റ് ചെയ്യാൻ തീരുമാനിച്ച ശേഷം നിർമാതാവ് അന്റണി പെരുമ്പാവൂർ നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ആരുടേയും സമ്മർദത്തിന് വഴങ്ങില്ലെന്ന് പറയുമ്പോഴും 24 വെട്ടുകളാണ് (മാറ്റങ്ങളാണ്) എമ്പുരാനിൽ സ്വമേധയാ നിർമാതാക്കൾ നടത്തുന്നത്. പുതുക്കിയ വേർഷൻ ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേർത്തുവായിച്ച പല ഇമേജുകളും സംഭാഷണങ്ങളും പുതിയ കാണികൾക്ക് നഷ്ടമാകും. പലതും മ്യൂട്ട് ചെയ്യപ്പെടും.


സിനിമയിൽ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നായിരുന്നു പ്രധാന ആരോപണം. 2002 എന്ന് എഴുതി കാണിച്ചാണ് സിനിമയിലെ കലാപ ദൃശ്യങ്ങൾ അവതരിപ്പിച്ചിരുന്നത്. സിനിമ ആരംഭിക്കുമ്പോൾ ടൈറ്റിലുകള്‍‌ക്കൊപ്പം കാണിക്കുന്ന (​ഗോധ്രാ) ട്രെയിൻ അപകടത്തിന്റെ ദൃശ്യങ്ങൾ കൂടി ചേർത്തു വായിക്കുമ്പോൾ ഇത് സൂചിപ്പിക്കുന്നത് ​ഗുജറാത്ത് കലാപത്തെയാണെന്ന് വ്യക്തം. ഇത്തരത്തിൽ വർഷം എഴുതി കാണിച്ചത് പുതിയ വേർഷനിൽ ഉണ്ടാകില്ല. പകരം 'ചില വർഷങ്ങൾക്ക് മുൻപ് എന്നാക്കും. കലാപം നടക്കുന്ന തെരുവിന്‍റെ പശ്ചാത്തലത്തില്‍ പോകുന്ന ജീപ്പിന്‍റെ ദൃശ്യവും നീക്കം ചെയ്യും. പൃഥ്വിരാജ് അവതരിപ്പിച്ച സെയ്ദ് മസൂദ് പിതാവായ മസൂദുമായി നടത്തുന്ന സംഭാഷണവും വെട്ടിമാറ്റും. സിനിമയുടെ ആദ്യ മുപ്പത് മിനിറ്റിൽ വരുന്ന സ്ത്രീകൾക്കെതിരെ ഹിന്ദുത്വ കലാപകാരികൾ നടത്തുന്ന അതിക്രമ ദൃശ്യങ്ങളും പല ഭാ​ഗങ്ങളിലായി മുറിച്ചുമാറ്റപ്പെടും. ഒരു സ്ത്രീയുടെ തല ഭിത്തിയിൽ ആവർത്തിച്ചിടിക്കുന്നത് മിന്നൽ വേ​ഗത്തിലാകും ഇനി സ്ക്രീനിൽ കാണിക്കുക. മൃതദേഹങ്ങളുടെയും അതിക്രമത്തിന്റെയും മറ്റ് പല രംഗങ്ങളും മാറ്റപ്പെടും.


Also Read: എമ്പുരാൻ്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഹൈക്കോടതിയിൽ; പിന്നാലെ സസ്പെൻഷൻ


ചിത്രത്തിലെ മുഖ്യ പ്രതിനായകനായ 'ബാബ ബൽരാജ് ബജ്റം​ഗി' എന്ന കഥാപാത്രത്തിന്റെ പേര് 'പുതിയ' എമ്പുരാനിൽ മാറും. പകരം ബൽദേവ് എന്നാകും ഈ കഥാപാത്രത്തിന്റെ പേര്. ഹനുമാന്റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് വില്ലന് പേര് നൽകിയതിൽ സംവിധായകൻ പൃഥ്വിരാജ് മറുപടി നല്‍കണമെന്ന് ആർഎസ്എസ് മുഖവാരിക ഓർ​ഗനൈസർ ആവശ്യപ്പെട്ടിരുന്നു. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും വിമർശനപരമായി ഈ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ഈ കഥാപാത്രത്തിന് 'ബാബു ബജ്രംഗി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബാബുഭായ് പട്ടേലുമായും സാമ്യമുണ്ടെന്ന് വായനകൾ വന്നിരുന്നു. 36 സ്ത്രീകളും 26 പുരുഷന്മാരും 35 കുട്ടികളും ഉൾപ്പെടെ 97 മുസ്ലീങ്ങൾ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലയുടെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച വ്യക്തിയാണ് ബാബു ബജ്രംഗി.


മുൻ പത്രപ്രവർത്തകൻ ആശിഷ് ഖേതന്റെ അണ്ടർകവർ ഓപ്പറേഷനിൽ കലാപത്തിലെ തന്റെ പങ്കിനെപ്പറ്റി ബാബു ബജ്രം​ഗി വിശദീകരിക്കുന്നുണ്ട്. കൂട്ടക്കൊലയിലെ തന്റെ പങ്ക് ബജ്രംഗി ആശിഷിന്റെ സ്പൈ ക്യാമറയ്ക്ക് മുന്നിൽ സമ്മതിക്കുക ആയിരുന്നു. കൂടാതെ പൊലീസിന്റെയും അന്നത്തെ ​ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെയും പങ്കാളിത്തത്തെക്കുറിച്ചും ഇയാൾ വാചാലനാകുന്നത് ഈ ദൃശ്യങ്ങളിൽ കാണാം. 2007 ഓഗസ്റ്റ് 10ന് ബജ്രംഗിയുമായി നടന്ന ആശിഷ് ഖേതന്റെ രണ്ടാമത്തെ കൂടിക്കാഴ്ചയിലാണ് ഈ സംഭാഷണം നടന്നത്. എമ്പുരാനിലെ വില്ലന് ഈ കഥാപാത്രത്തിന്റെ പേരുമായി മാത്രമല്ല ഇയാൾ തന്നെ വിവരിക്കുന്ന കലാപത്തിലെ തന്റെ പല ഇടപെടലുകളിലും സാമ്യം കാണാം. എമ്പുരാനുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതിനു പിന്നാലെ വലിയ തോതിൽ ഈ സംഭാഷണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


എമ്പുരാനിൽ വരുന്ന മറ്റൊരു പ്രധാന മാറ്റം എൻഐഎ (നാഷണൽ ഇൻവെസ്റ്റി​ഗേഷൻ ഏജൻസി) എന്ന് പറയുന്നിടത്ത് മ്യൂട്ട് ആക്കുന്നതാണ്. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് എൻഡിഎ സർക്കാർ വിമത സ്വരങ്ങളെ അടിച്ചമർത്തുന്നുവെന്ന ആരോപണം സിനിമയും ആവർത്തിക്കുമ്പോഴാണ് ഈ ഭാ​ഗം നിശബ്ദമാക്കുന്നത്. സിനിമയിലെ ഹൈ പോയിന്റുകളിൽ ഒന്നിലാകും ഈ മ്യൂട്ട് കടന്നുവരിക. കാറിലെ നെയിം ബോർഡ്, നന്ദുവിന്റെ കഥാപാത്രത്തിന്റെ (പീതാംബരൻ) സംഭാഷണം എന്നിവ നീക്കുമ്പോഴും സീനിൽ നിന്ന് കാര്യങ്ങൾ പ്രേക്ഷക‍ർക്ക് ​ഗ്രഹിക്കാനാകും. സമകാലീന ഇന്ത്യൻ‌ രാഷ്ട്രീയ വാർത്തകൾ പിന്തുടരുന്നവർ ഡൽഹിയിലും ജാർഖണ്ഡിലും കണ്ട് ശീലിച്ച ദൃശ്യങ്ങളോട് സാമ്യം കൽപ്പിക്കപ്പെട്ട രം​ഗമാണിത്. രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂടിന്‍റെ അവിഭാജ്യ ഘടകമായ കേന്ദ്ര അന്വേഷണ ഏജൻസികളെ സിനിമയിലൂടെ പൃഥ്വിരാജ് ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നായിരുന്നു ഈ രം​ഗത്തെത്തെപ്പറ്റിയുള്ള ഓർ​ഗനൈസറിന്റെ വിമർ‌ശനം.


Also Read: ലൂസിഫര്‍; പിതാവിന്റെയും പുത്രന്റെയും ഇടയില്‍ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്, തമോഗോളങ്ങളുടെ എമ്പുരാന്‍


സിനിമയുടെ പല ഭാ​ഗങ്ങളിലായി ക്ഷേത്ര നിർമിതികൾക്ക് അടുത്തു കൂടി ട്രാക്ടറും മറ്റ് വാഹനങ്ങളും പോകുന്ന ദൃശ്യങ്ങളാണ് പിന്നെ നീക്കം ചെയ്യുക. ഇതിനു പുറമെ നന്ദി കാർഡിലാണ് വലിയ ഒരു മാറ്റം വരുന്നത്. നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ​ഗോപിയുടെ പേര് വെട്ടിമാറ്റും. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വെറും ഡ്രാമയാണെന്നായിരുന്നു കേന്ദ്രസഹമന്ത്രിയുടെ പ്രതികരണം. നടക്കുന്നത് വെറും കച്ചവടം മാത്രമാണെന്നും ജനങ്ങളെ ഇളക്കിവിട്ട് പൈസയുണ്ടാക്കുകയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ അഭിപ്രായം.


Also Read: എമ്പുരാന്റെ രാഷ്ട്രീയത്തെ ഭയക്കുന്ന സംഘപരിവാര്‍


സിനിമ കാരണം ഉണ്ടായ വിവാദങ്ങളിൽ നടത്തിയ ഖേദപ്രകടനത്തിനൊപ്പം പ്രിയപ്പെട്ടവർക്ക് വിഷമുണ്ടായെന്ന് അറിഞ്ഞെന്നും ചില ഭാ​ഗങ്ങൾ നീക്കം ചെയ്യുമെന്നും മോഹൻലാൽ അറിയിച്ചിരുന്നു. സിനിമയിൽ മൊത്തത്തിൽ വരുത്തുന്ന മാറ്റങ്ങളിൽ പലതും ഓർ​ഗനൈസർ ചൂണ്ടിക്കാണിച്ച ഹിന്ദുത്വയ്ക്കും രാജ്യത്തിന്റെ 'അഖണ്ഡത്ക്കും' എതിരായി കണക്കാക്കുന്ന ഭാ​ഗങ്ങളും ശബ്ദങ്ങളും ഇമേജുകളുമാണ്. നടൻ സൂചിപ്പിച്ച പ്രിയപ്പെട്ടവർക്ക് വിഷമമുണ്ടാക്കിയ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കുമ്പോള്‍ പ്രീതിപ്പെടുന്നത് സൈബർ ഇടങ്ങളിൽ എമ്പുരാന്റെ അണിയറ പ്രവർത്തകരെ കടന്നാക്രമിച്ച സംഘപരിവാർ സൈബർ സംഘങ്ങളെയാണ് എന്നത് ശ്രദ്ധേയമാണ്. വൻ ബജറ്റിൽ എത്തിയ ഒരു പാൻ ഇന്ത്യൻ സിനിമ ഒറ്റ ആഴ്ചയ്ക്ക് ശേഷമാണ് 'സ്വയം' സെൻസർ ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇതിന് പിന്നില്‍ സമർദങ്ങളില്ലെന്ന് നിർമാതാക്കള്‍ ആണയിടുമ്പോഴും സ്വയം സെന്‍സർഷിപ്പ് ചെയ്യലിന്‍റെ ചരിത്രം മറിച്ചാണ് പറയുന്നത്.


KERALA
വഖഫ് ബിൽ ലോക്സഭയിൽ ‌അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു; എതിർത്ത് പ്രതിപക്ഷം
Also Read
user
Share This

Popular

KERALA
KERALA
പെരുന്നാൾ ആഘോഷത്തിനായി ഗൂഡല്ലൂരിലെത്തിയ സംഘത്തിന് നേരെ കടന്നൽ ആക്രമണം; ഒരാൾ മരിച്ചു