സ്വർണ്ണക്കടത്ത് ബന്ധത്തിന് തെളിവില്ലെന്നും, കവടിയാറിലെ ആഡംബര വീട് നിർമ്മാണത്തിന് ബാങ്ക് വായ്പ എടുത്തെന്നും വിജിലൻസ് കണ്ടെത്തി
എം.ആർ. അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. പി.വി അൻവർ എംഎൽഎ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വിജിലൻസ്. സ്വർണ്ണക്കടത്ത് ബന്ധത്തിന് തെളിവില്ലെന്നും, കവടിയാറിലെ ആഡംബര വീട് നിർമ്മാണത്തിന് ബാങ്ക് വായ്പ എടുത്തെന്നും വിജിലൻസ് കണ്ടെത്തി. റിപ്പോർട്ട് ഒരാഴ്ചക്കകം ഡിജിപിക്ക് കൈമാറും.
അതേസമയം, വിവാദങ്ങൾക്കിടയിലും എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. നടപടിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭ അംഗീകരിച്ചത്. 2025 മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തോടെയാകും അജിത് കുമാർ ഡിജിപിയായി ചുമതലയേൽക്കുക. തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അജിത് കുമാർ.
മാധ്യമസ്ഥാപനമായ മറുനാടൻ മലയാളി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്തെന്ന ആരോപണം, സ്വർണകടത്തുമായി ബന്ധപ്പെട്ട പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾ, കവടിയാറിലെ വസതിയുമായി ബന്ധപ്പെട്ട വിഷയം, മലപ്പുറം മരംമുറി വിവാദം, മലപ്പുറം എസ്‌പി സുജിത് ദാസുമായി ചേർന്ന് നടത്തിയ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെ അഞ്ച് വിഷയങ്ങളിൽ അജിത് കുമാറിനെതിരെ പ്രത്യേക സംഘത്തിൻ്റെ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ നിലവിൽ അജിത് കുമാറിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.
നേരത്തെ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ, സർക്കാർ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കിയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥാനക്കയറ്റം നൽകുന്ന നടപടിയാണുണ്ടായിരിക്കുന്നത്. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടിങ്ങിയ ഐപിഎസ് സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് ശുപാർശ നൽകിയത്.