ഒരു പതിറ്റാണ്ടു മുന്നേ ഇന്ത്യയുടെ കൗമാര ടീമിലൂടെയാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ജേഴ്സിയണിഞ്ഞത്
2024ൽ ഏറ്റവും ഹാപ്പിയായ മലയാളി ആരാണെന്ന് ചോദിച്ചാൽ അതിനുള്ള മറുപടി സഞ്ജു സാംസൺ എന്നായിരിക്കും. ഒരു പതിറ്റാണ്ടു മുന്നേ ഇന്ത്യയുടെ കൗമാര ടീമിലൂടെയാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ജേഴ്സിയണിഞ്ഞത്.
2014 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യ അണ്ടർ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. വർഷം 2025ൽ എത്തുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരമാണ് സഞ്ജു. തന്നെ എതിർത്തിരുന്നവരെ പോലും ആരാധകരാക്കി മാറ്റാൻ 2024ലെ സഞ്ജുവിൻ്റെ ചില വെടിക്കെട്ട് ഇന്നിങ്സുകൾ മാത്രം മതിയായിരുന്നു എന്നതാണ് സത്യം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങൾ കൂട്ടത്തോടെ കളി മതിയാക്കാൻ ഒരുങ്ങവെ മലയാളികളുടെ അഭിമാന താരത്തിന് കൂടുതൽ ഫോർമാറ്റുകളിൽ നിറയെ അവസരങ്ങൾ കൈവരുമെന്ന് തന്നെ പ്രതീക്ഷിക്കാം. പുതുവർഷ തലേന്ന് സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. രണ്ടര ലക്ഷത്തോളം ലൈക്കുകൾ ഈ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
ALSO READ: വിരമിക്കാൻ തയ്യാറെടുത്ത് രോഹിത് ശർമ; കോഹ്ലിക്കും എക്സിറ്റ് പ്ലാൻ ഒരുക്കണമെന്ന് മുൻ താരം
2024ലേക്കുള്ള തൻ്റെ തിരിഞ്ഞുനോട്ടമാണ് താരം വീഡിയോ രൂപത്തിൽ പങ്കുവെച്ചത്. "സ്വയം വിശ്വസിക്കാൻ എന്നെ പ്രാപ്തനാക്കിയ വർഷമാണ് 2024. അടുത്ത വർഷം എന്താകുമെന്ന് നിങ്ങൾക്ക് ഇപ്പോൾ പറയാനാകില്ലല്ലോ. റിങ്കു പറയുന്നത് പോലെ എല്ലാം ദൈവത്തിൻ്റെ പദ്ധതിയാണ്.." സഞ്ജു കുറിച്ചു. ഇതിന് താഴെ ടി20 ടീമിൻ്റെ നായകൻ സൂര്യകുമാർ യാദവും "സ്പെഷ്യൽ" എന്ന് കമൻ്റിട്ടിട്ടുണ്ട്.