ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റെനെയ് മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു
കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ഇടക്കാല ജാമ്യം. രണ്ടാം പ്രതി മൃദംഗ വിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീം, നാലാം പ്രതി കൃഷ്ണകുമാർ, അഞ്ചാം പ്രതി ബെന്നി എന്നിവർക്കാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതി മൃദംഗ വിഷൻ എംഡി നിഘോഷ് , മുന്നാം പ്രതി ഓസ്കാർ ഇവന്റസ് സ്ഥാപന ഉടമ ജിനേഷ് എന്നിവരോട് ജനുവരി രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് മറ്റ് പ്രതികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ വിശദമായ വാദം ജനുവരി മൂന്നിന് കേൾക്കും.
അതേസമയം, ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്നുള്ള സംയുക്ത മെഡിക്കല്‍ ടീം വിലയിരുത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കൽ സംഘവുമായി ആശയവിനിമയം നടത്തി. എംഎല്‍എയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും പിന്നീട് ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകളും യോഗം വിലയിരുത്തി. വരും ദിവസങ്ങളിലെ ചികിത്സാ പദ്ധതിയെപ്പറ്റി യോഗത്തിൽ ചര്‍ച്ച ചെയ്തു. ഓരോ വിദഗ്ധ ഡോക്ടറും അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചു. അണുബാധയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ആരോഗ്യ മന്ത്രിയെ കൂടാതെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റെനെയ് മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഉമ തോമസ് പറയുന്ന കാര്യങ്ങളോട് പ്രതികരിച്ചുവെന്നും കാലുകള്‍ അനക്കാന്‍ പറഞ്ഞപ്പോള്‍ അനക്കിയെന്നും ചിരിക്കാന്‍ പറഞ്ഞപ്പോള്‍ ചിരിച്ചുവെന്നും ഡോക്ടര്‍ കൃഷ്ണനുണ്ണി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് എടുത്ത എക്‌സ്‌റേയിലും നേരിയ പുരോഗതി കാണിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു.
Also Read: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി: ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും
കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണാണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരുക്കേറ്റത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി സംഘടിപ്പിച്ച 'മൃദംഗനാദം മൃദംഗവിഷൻ' മെഗാ ഭരതനാട്യം അരങ്ങേറുന്നതിനു മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്.