2023ൽ ആൺകുട്ടികൾക്ക് ഏറ്റവുമധികം റജിസ്റ്റർ ചെയ്യുന്ന പേരും മുഹമ്മദ് എന്ന് തന്നെയാണ്
വില്യം ഷേക്സിപിയർ ഏകദേശം 427 വർഷങ്ങൾക്ക് മുൻപാണ് തൻ്റെ ട്രാജഡികളിലൊന്നായ റോമിയോ ആൻഡ് ജൂലിയറ്റിൽ, ഒരു പേരിൽ എന്താണ് ഇത്ര വലിയ കാര്യമെന്ന പരമപ്രധാനമായ ചോദ്യം ഉന്നയിക്കുന്നത്. എന്നാൽ, ഇന്ന് ബ്രിട്ടനിലെ കുഞ്ഞുങ്ങൾക്ക് നാമകരണം ചെയ്ത പേരുകളുടെ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ഏറ്റവുമധികം പ്രസക്തമായി മാറുന്ന ചോദ്യവും അതാണ്. ഇംഗ്ലണ്ടിലും വെയിൽസിലും നവജാത ശിശുവിന് ഔദ്യോഗികമായി നാമകരണം ചെയ്യുന്നതിൽ ഏറ്റവും പ്രചാരമുള്ള പേര് മുഹമ്മദ് ആണെന്നാണ് യുകെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിടുന്ന ഏറ്റവും പുതിയ കണക്ക്. ക്രിസ്ത്യൻ രാജ്യമായ ബ്രിട്ടനിൽ ആദ്യമായി ഒരു ഇസ്ലാമിക പേര് നാമകരണ പട്ടികയിൽ ഒന്നാം സ്ഥാനം നേടുന്നതിനാൽ, അത്ഭുതത്തോടെയാണ് ലോകം ഈ വസ്തുതയെ നോക്കിക്കാണുന്നത്.
2023ൽ മാത്രം 4600 നവജാത ശിശുക്കൾക്കാണ് ഔദ്യോഗികമായി മുഹമ്മദ് എന്ന പേര് രജിസ്റ്റർ ചെയ്തത്. അതിൽ ഏറ്റവുമധികം മുഹമ്മദ് എന്ന് പേരിട്ടത് ആൺകുട്ടികൾക്കാണ്. 2023ൽ ആൺകുട്ടികൾക്ക് ഏറ്റവുമധികം രജിസ്റ്റർ ചെയ്ത പേരും മുഹമ്മദ് എന്ന് തന്നെയാണ്. 2022ൽ പ്രചാരമുള്ള പേരുകളുടെ പട്ടികയിൽ മുഹമ്മദിൻ്റെ സ്ഥാനം രണ്ടാമതായിരുന്നു. ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്ക് പ്രകാരം, വളരെ കാലമായി ഏറ്റവുമധികം പ്രചാരമുണ്ടായിരുന്ന നോവ എന്ന പേരിനെ പിന്തള്ളിയാണ് മുഹമ്മദ് ഒന്നാം സ്ഥാനം നേടിയത്.
ALSO READ: ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ? ഈ നാല് കാര്യങ്ങൾ ശീലമാക്കിയാൽ സുഖമായുറങ്ങാം
എന്നാൽ, മുഹമ്മദ് എന്ന പേരുമായി ബന്ധപ്പെട്ട ട്രെൻഡ് ഏതാനും വർഷങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു എന്നും, 2016 മുതൽ പ്രചാരമുള്ള പത്ത് പേരുകളുടെ പട്ടികയിൽ മുഹമ്മദ് ഉൾപ്പെട്ടിരുന്നുവെന്നും ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. മുഹമ്മദ് എന്ന പേര് മൊഹമ്മദ്, മൊഹമ്മത് എന്നൊക്കെയായും വളരെയധികം നാമകരണം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, വ്യത്യാസമുള്ള സ്പെല്ലിങ്ങുകളെ വ്യത്യസ്ത പേരുകളായി തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്.
മുഹമ്മദ് എന്ന പേരിന് ലഭിച്ച പ്രചാരത്തിന് പിന്നിലെ കാരണങ്ങൾ
- സ്തുതിക്കുക, പ്രശംസിക്കുക തുടങ്ങിയ അർഥങ്ങൾ വരുന്ന 'ഹമ്മദ്' എന്ന വാക്കിൽ നിന്നാണ് മുഹമ്മദ് എന്ന വാക്ക് ഉടലെടുത്തത്. പ്രവാചകനായ നബിയെ സൂചിപ്പിക്കുന്ന പദം കൂടിയാണ് മുഹമ്മദ്. ആഴത്തിലുള്ള സാംസ്കാരികവും മതപരവുമായി പ്രാധാന്യമുള്ള പേരാണ് മുഹമ്മദ്.
- യുകെയിലുടനീളം മുസ്‌ലീം സമുദായങ്ങളുടെ വർധനവിനെയും, കുടിയേറ്റത്തെയും കൂടി സൂചിപ്പിക്കുന്നതാണ് മുഹമ്മദ് എന്ന പേരിൻ്റെ ജനപ്രീതിയെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുസ്ലീം ജനസംഖ്യ 2001 മുതൽ ഇരട്ടിയിലധികമായി വർധിച്ചതായി ദി നാഷണൽ റിപ്പോർട്ട് ചെയ്തു. യുകെയിലെ മുസ്ലീം ജനസംഖ്യ 2001ൽ 1.5 മില്യൺ ആയിരുന്നെങ്കിൽ, 2011ൽ അത് 2.7 മില്യണായും, 2011ൽ 3.9 മില്യണായും വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
- യുകെയിൽ സ്‌പോർട്‌സ്, സിനിമ, സംഗീതം എന്നിവയിൽ നിന്നുള്ള സെലിബ്രിറ്റി പേരുകൾ ട്രെൻഡുകളെ സ്വാധീനിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യുകെ അത്ലറ്റ് മൊഹമ്മദ് ഫറാ, ഇതിഹാസ ബോക്സർ മുഹമ്മദ് അലി, ഫുട്ബോൾ താരം മുഹമ്മദ് സലാ എന്നിവരുടെ പേരുകളിൽ നിന്നുമാകാം മുഹമ്മദ് എന്ന പേരിന് പ്രചാരം ലഭിച്ചതെന്നും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: 'വേളി' തന്നെ വള്ളിയായി മാറുമ്പോൾ ; ഫ്ലാഷ് വെഡിങ് തരംഗത്തിൽ കബളിക്കപെടുന്ന ചൈനീസ് യുവാക്കൾ
പട്ടികയിലെ മറ്റ് പേരുകൾ
നോവ, ഒലിവർ, ജോർജ്, ലിയോ, ആർതർ, ലൂക്ക, തിയോഡർ, ഓസ്കർ, ഹെൻറി എന്നിവയാണ് ആൺകുട്ടികളുടേതായി ആദ്യ പത്തിൽ ഇടം പിടിച്ചിരിക്കുന്ന മറ്റ് പേരുകൾ. പെൺകുട്ടികളിൽ, ഒലീവിയ, അമേലിയ, ഇസ്ല, ലില്ലി, ഫ്രേയ, അവ, ഇവി, ഫ്ലോറൻസ്, വില്ലോ, ഇസബെല്ല എന്നീ പേരുകൾക്കാണ് പ്രചാരം. പെൺകുട്ടികളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഒരേ പേരുകൾ തന്നെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഹേസൽ, ലില്ല, ഓട്ടം, നെവാ, റയ, ജാക്സ്, എൻസോ, ബോധി എന്നീ പേരുകളാണ് ആദ്യ നൂറ് പട്ടികയിലേക്ക് എത്തിയ പുതിയ പേരുകൾ.