വനിതാ പ്രീമിയര്‍ ലീഗ്; കപ്പടിച്ച് മുംബൈ ഇന്ത്യന്‍സ്; തുടര്‍ച്ചയായ മൂന്നാം ഫൈനലും തോറ്റ് ഡല്‍ഹി
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 06:30 AM

2023ല്‍ മുംബൈയോടും കഴിഞ്ഞവര്‍ഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടുമായിരുന്നു ഡല്‍ഹിയുടെ തോല്‍വി

CRICKET


വനിതാ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. കലാശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കിയത്. അതേസമയം, തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി ഫൈനലില്‍ പരാജയപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹിയുടെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സില്‍ അവസാനിച്ചു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡല്‍ഹിയുടെ തുടക്കം ഗംഭീരമായിരുന്നു. ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ചാണ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ആക്രമിച്ചു കളിച്ച ലാന്നിങ് പക്ഷേ, രണ്ടാം ഓവറിലെ അവസാന പന്തില്‍ വീണു. നാറ്റ് സീവര്‍ ബ്രണ്ടിന്റെ ഓഫ് കട്ടറാണ് ലാന്നിങ്ങിന്റെ കുറ്റി തെറിപ്പിച്ചത്. ഒമ്പത് പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 13 റണ്‍സായിരുന്നു ലാന്നിങ്ങിന്റെ സമ്പാദ്യം. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ മുംബൈ പിന്നെയും ഡല്‍ഹിയെ ഞെട്ടിച്ചു. നാല് റണ്‍സെടുത്ത ഷെഫാലി വര്‍മ (4) ഷബ്നിം ഇസ്മായിലിന്റെ ഓഫ് കട്ടറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ടീം സ്കോര്‍ 17ല്‍ നില്‍ക്കെ രണ്ട് വിക്കറ്റ് വീണതോടെ, ഡല്‍ഹി പരുങ്ങലിലായി. പിന്നാലെയെത്തിയ ജെസ് ജൊനാസന്‍ 13 റണ്‍സെടുത്ത് മടങ്ങി. മധ്യനിരയില്‍ ജെമീമ റോഡ്രിഗസ് (30) പൊരുതി നിന്നെങ്കിലും, അമേലിയ കെര്‍ സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കി. അന്നാബെല്‍ സതര്‍ലന്‍ഡ് (2), സാറാ ബ്രൈസ് (5) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.


ALSO READ: ഡൽഹി ക്യാപിറ്റൽസ് vs മുംബൈ ഇന്ത്യൻസ്; വനിതാ പ്രീമിയർ ലീഗ് കലാശപ്പോരില്‍ സജ്നയും മിന്നുവും നേര്‍ക്കുനേര്‍


ഒരറ്റത്ത് പിടിച്ചുനിന്ന മരിസാന്നെ കാപ്പ് ആണ് ഡല്‍ഹി ഇന്നിങ്സിനെ ചുമലേറ്റിയത്. എന്നാല്‍, പതിനെട്ടാം ഓവറില്‍ ബ്രണ്ട് മത്സരത്തിന്റെ ഗതി മാറ്റി. 26 പന്തില്‍ 40 റണ്‍സെടുത്തുനിന്ന മരിസാന്നെയെ ബ്രണ്ട് ഹെയ്‌ലി മാത്യൂസിന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ബ്രണ്ട് ശിഖ പാണ്ഡെയുടെ കുറ്റിയും പിഴുതു. മലയാളി താരം മിന്നു മണി (4) ഹെയ്‌ലി മാത്യൂസിന്റെ പന്തില്‍ സജന സജീവന് ക്യാച്ച് കൊടുത്ത് മടങ്ങി. അവസാന ഓവറുകളില്‍ നിക്കി പ്രസാദ് (പുറത്താകാതെ 25) ഡല്‍ഹിയുടെ പ്രതീക്ഷകള്‍ ആളിക്കത്തിച്ചെങ്കിലും, വിജയലക്ഷ്യത്തിലേക്ക് എത്താനായില്ല. മൂന്ന് റണ്‍സുമായി ചരണിയും പുറത്താകാതെ നിന്നു. മുംബൈക്കായി ബ്രണ്ട് മൂന്ന് വിക്കറ്റ് നേടി. അമേലിയ കെര്‍ രണ്ടും, ഷബ്നിം, ഹെയ്‌ലി, സൈക എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറില്‍ യസ്തിക ഭാട്ടിയയും(8) അഞ്ചാം ഓവറില്‍ ഹെയ്‌ലി മാത്യൂസും (3) പുറത്തായി. മൂന്നാം വിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗറും നാറ്റ് സീവര്‍ ബ്രണ്ടും ചേര്‍ന്നാണ് മുംബൈ ഇന്നിങ്സിന് ജീവന്‍ പകര്‍ന്നത്. സ്കോര്‍ 103ല്‍ എത്തിനില്‍ക്കെ, 28 പന്തില്‍ 30 റണ്‍സെടുത്ത ബ്രണ്ട് മടങ്ങി. ഒരറ്റത്ത് അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ കൗര്‍ പൊരുതുമ്പോഴും, മികച്ച കൂട്ടുകെട്ടിന് പങ്കാളിയാകാന്‍ മുംബൈ നിരയില്‍ ആര്‍ക്കും കഴിഞ്ഞില്ല. അമേലിയ കെര്‍(2), മലയാളി താരം സജന സജീവന്‍ (0), കമാലിനി (10) എന്നിവര്‍ നിരാശപ്പെടുത്തി. പതിനെട്ടാം ഓവറില്‍ ടീം സ്കോര്‍ 118 റണ്‍സിലെത്തി നില്‍ക്കെയാണ് കൗറിന്റെ വിക്കറ്റ് വീണത്. 44 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 66 റണ്‍സാണ് കൗര്‍ നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സിലെത്തുമ്പോള്‍, അമന്‍ജോത് കൗറും (14), സംസ്കൃതി ഗുപ്തയും (8) പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി മരിസാന്നെ കാപ്പ്, ജെസ് ജൊനാസന്‍, ചരണി എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അന്നാബെല്‍ സതര്‍ലന്‍ഡ് ഒരു വിക്കറ്റും നേടി. ഒരോവര്‍ മാത്രം എറിഞ്ഞ മലയാളി താരം മിന്നു മണി പത്ത് റണ്‍സ് വഴങ്ങി.


തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ ഫൈനല്‍ കളിച്ച ഒരേയൊരു ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 2023ല്‍ മുംബൈയോടും കഴിഞ്ഞവര്‍ഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടുമായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ഓസ്ട്രേലിയക്കായി ഏഴ് വിശ്വ കിരീടങ്ങൾ ചൂടിയ മെഗ് ലാന്നിങ്ങിന് ഡല്‍ഹിക്കായി കിരീടം നേടാനുള്ള ഭാഗ്യം ഇക്കുറിയും തുണച്ചില്ല. അതേസമയം, 2023ല്‍ കിരീടം നേടിയ മുംബൈയുടെ രണ്ടാം കിരീടമാണിത്.

KERALA
നാട് നടുങ്ങിയിട്ട് എട്ട് മാസം; ആശങ്കകള്‍ക്ക് അറുതിയില്ലാതെ ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍
Also Read
Share This