നാലാം പ്രതി അബ്ദുൽ നാസറിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഒന്നാംപ്രതി ഷുഹൈബ് ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഷുഹൈബിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി തള്ളിയ സാഹചര്യത്തിലാണ് ഷുഹൈബ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം നാലാം പ്രതി അബ്ദുൽ നാസറിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അബ്ദുൽ നാസറിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുക.
നേരത്തെ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കൊടുവള്ളി എംഎസ് സൊല്യൂഷൻസ് ട്യൂഷൻ സെന്റർ, മലപ്പുറം മേൽമുറി മഅ്ദിൻ സ്‌കൂൾ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്യുക.
ALSO READ: അപേക്ഷ കുപ്പത്തൊട്ടിയിൽ; മന്ത്രി ആർ. ബിന്ദുവിന് നൽകിയ അപേക്ഷ റോഡരികിൽ മാലിന്യത്തിനൊപ്പം
അതേസമയം ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന നടന്നെന്നാണ് എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ വാദം. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു ഷുഹൈബ് ആരോപണവുമായി രംഗത്തെത്തിയത്. എംഎസ് സൊല്യൂഷൻസിനെ തകർക്കാൻ ഒരു പ്രധാന സ്ഥാപനം ശ്രമിക്കുന്നെന്നും അതിന്റെ ഭാഗമായാണ് കേസെന്നുമാണ് സിഇഒയുടെ ആരോപണം.
കേസിന് പിന്നിൽ പിന്നിൽ പ്രമുഖ സ്ഥാപനമുണ്ടെന്ന് ഷുഹൈബ് പറയുന്നു. കൃത്യമായ പ്ലാനോടുകൂടിയാണ് അധ്യാപകൻ ഫഹദിനെ എംഎസ് സൊല്യൂഷനിലേക്ക് അയച്ചത്. നാട്ടിലെ പ്രാദേശിക നേതാവിന് ഇത് സംബന്ധിച്ച് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. തന്റെ വാദങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഷുഹൈബ് പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ സിഇഒ മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് പുതിയ പരസ്യവുമായി ചാനൽ രംഗത്തെത്തിയതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.