നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം
പ്രേംചന്ദ് അഗര്‍വാള്‍
ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.
ബോധപൂർവം തന്നെ ലക്ഷ്യം വയ്ക്കുന്ന തരത്തിൽ പ്രചരണങ്ങളുണ്ടായെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് പ്രേംചന്ദ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. "സംസ്ഥാന രൂപീകരണത്തിനായുള്ള പോരാട്ടത്തിനിടയിൽ പൊലീസ് എന്നെ ലാത്തികൊണ്ട് മർദിച്ചു. എന്റെ പ്രസ്താവനകളെ വളച്ചൊടിച്ച് ആളുകൾ എന്നെ ലക്ഷ്യംവെച്ചു. എന്നോട് ഇങ്ങനെ പെരുമാറിയതിൽ ഞാൻ അഗാധമായി ദുഃഖിതനാണ്", പ്രേംചന്ദ് പറഞ്ഞു. ധാമിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെയും ഉത്തരാഖണ്ഡിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്ന കാര്യങ്ങളെയും പ്രേംചന്ദ് പ്രശംസിച്ചു. സംസ്ഥാനത്തിന്റെ വളർച്ചയാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനു വേണ്ടതെല്ലാം ചെയ്യുമെന്നും പറഞ്ഞ ധാമി അതിനായിട്ടാണ് രാജിവയ്ക്കുന്നതെന്നും അറിയിച്ചു. പ്രേംചന്ദ് അഗർവാളിന്റെ രാജി സ്വീകരിച്ച മുഖ്യമന്ത്രി അംഗീകാരത്തിനായി കത്ത് ഗവർണർക്ക് കൈമാറി.
ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികൾക്ക് (ഗിരി നിവാസികൾക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോൺഗ്രസ് എംഎൽഎ മദൻ സിങ് ബിഷിത്തുമായി ഉണ്ടായ തർക്കത്തിനിടയിലായിരുന്നുവിത്. ബിഷിത് മദ്യലഹരിയിൽ സഭയിലെത്തുന്നുവെന്ന് മുൻപ് പ്രേംചന്ദ് ആരോപിച്ചിരുന്നു.
Also Read: സർവകലാശാല ഗ്രൗണ്ടിൽ നിസ്കരിച്ചു; മീററ്റിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്
സഭയിലെ പ്രസ്താവനയ്ക്ക് പിന്നാലെ ധനമന്ത്രി ഗിരി നിവാസി വിരുദ്ധ സമീപനമാണ് പുലർത്തുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാൻ മന്ത്രി നടത്തിയ പ്രസ്താവനകൾ കൂടുതൽ വിവാദങ്ങൾക്ക് കാരണമായി. രാജസ്ഥാനിൽ നിന്നും മധ്യപ്രദേശിൽ നിന്നും ഉള്ളവരാണ് കുന്നുകളിൽ താമസിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ കൂട്ടിച്ചേർക്കൽ. മന്ത്രിയുടെ പ്രസ്താവനകൾ ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രേംചന്ദിനെതിരെ നടപടി സ്വീകരിക്കാത്തതിൽ ബിജെപി വലിയ തോതിൽ പ്രതിപക്ഷ പ്രതിഷേധങ്ങളാണ് നേരിട്ടത്. പ്രതിഷേധം കനത്തതോടെ പ്രേംചന്ദ് വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.