മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് വഖഫ് ബോർഡിൽ ഹർജി നൽകിയ സുബൈദയുടെ മക്കളാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്.
മുനമ്പത്തെ ഭൂമി വഖഫാണെന്ന നിലപാടിൽ മലക്കം മറിഞ്ഞ് സിദ്ദിഖ് സേഠിന്‍റെ പേരമക്കൾ. ഭൂമി വഖഫല്ലെന്ന് സിദ്ദിഖ് സേഠിന്‍റെ മകള്‍ സുബൈദയുടെ മക്കളുടെ അഭിഭാഷകന്‍ വഖഫ് ട്രൈബ്യൂണലില്‍ വാദിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും ആയിരുന്നു ഹർജി. കേസിലെ വാദം ഇന്നും തുടരും.
മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് വഖഫ് ബോർഡിൽ ഹർജി നൽകിയ സുബൈദയുടെ മക്കളാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. കോഴിക്കോട് ട്രൈബ്യൂണലിൽ പ്രാഥമിക വാദം ആരംഭിച്ചതിന് പിന്നാലെയാണ് അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. വഖഫ് ബോർഡ്, ഫാറൂഖ് കോളജ്, മുനമ്പം നിവാസികൾ എന്നിവർക്കൊപ്പം സുബൈദയുടെ മക്കളിൽ രണ്ടുപേരും കക്ഷി ചേർന്നിരുന്നു. ഇതോടെ വഖഫ് ഭൂമി വിഷയത്തിൽ സിദ്ദിഖ് സേഠിന്‍റെ പേരമക്കളും മുനമ്പം നിവാസികളുടെ നിലപാട് തന്നെ സ്വീകരിക്കുകയാണ്.
സുബൈദയുടെ മക്കളുടെ നിലപാട് മാറ്റം ഫാറൂഖ് കോളജിനും മുനമ്പം നിവാസികൾക്കും സഹായകമാവും. എന്നാൽ ഈ നിലപാട് മാറ്റം ട്രൈബ്യൂണൽ എങ്ങനെ കാണും എന്നതും പ്രധാനമാണ്. സിദ്ദീഖ് സേഠിന്റെ മറ്റു ബന്ധുക്കള്‍ ഭൂമി വഖഫാണെന്ന നിലപാടാണ് എടുത്തത് എന്നതും പ്രസക്തമാണ്.
അതേസമയം, മുനമ്പത്തെ ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിപ്പിച്ചിരുന്നു. ജുഡീഷ്യൽ കമ്മീഷന്‍ നിയമനം റദ്ദാക്കികൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
നേരത്തെ വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജിയിൽ ജുഡീഷ്യൽ കമ്മീഷന്‍ നിയമനം റദ്ദാക്കി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അർഹരായവരോ അല്ല ഹർജിക്കാർ എന്നതിനാൽ ഹർജി തന്നെ നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. കോടതിയുടെ ഉത്തരവില്ലാതെ കമ്മീഷന്‍ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സർക്കാർ വ്യക്തമാക്കി.
വഖഫ് സ്വത്തുമായി ബന്ധപ്പെട്ട തർക്കമുണ്ടായാൽ വഖഫ് ബോർഡാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഹർജിക്കാരായ വഖഫ് സംരക്ഷണ സമിതിയുടെ പക്ഷം. നിലവിൽ വിഷയം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലിരിക്കുകയാണ്. പ്രസക്തമായ വസ്തുതകൾ പരിഗണിക്കാതെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ നിയമന ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിരീക്ഷണം. അന്വേഷണ കമ്മീഷനെ നിയമിച്ച സർക്കാർ തീരുമാനം നിലനിൽക്കില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. അന്വേഷണ കമ്മീഷനായ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ പ്രവർത്തനം സ്വമേധയാ നിർത്തിവെച്ചതാണ്.