നിസ്കാരത്തിന് അനുമതി നൽകിയതിന് സ്‌കൂൾ അധികൃതരെ താക്കീത് ചെയ്തതായും പരാതിയിൽ പറയുന്നു
പ്രതീകാത്മക ചിത്രം
തെലങ്കാനയില്‍ സ്‌കൂളിനുള്ളിൽ പ്രാർത്ഥന നടത്തിയ മുസ്ലിം വിദ്യാർഥിനികളെ ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതായി പരാതി. തെലങ്കാന വനപർത്തി ടൗണിലെ ചാണക്യ ഹൈസ്കൂളിലാണ് സംഭവം. സ്കൂൾ അധികൃതരുടെ അനുമതിയോടെ നിസ്‌കരിക്കുകയായിരുന്ന വിദ്യാർഥിനികളെയാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചത്. മുറിക്കുള്ളിൽ അതിക്രമിച്ച് കയറിയ
അക്രമികൾ പെൺകുട്ടികളെ മർദിക്കുകയും ഭീഷണിപ്പെടുകയും ചെയ്തെന്നാണ് പരാതി. നിസ്കാരത്തിന് അനുമതി നൽകിയതിന് സ്‌കൂൾ അധികൃതരെ താക്കീത് ചെയ്തതായും പരാതിയിൽ പറയുന്നു.
നിസ്‌കരിച്ച വിദ്യാർഥികളെ ചോദ്യം ചെയ്യുന്ന ബജ്റംഗ്‌ദൾ പ്രവർത്തകരുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ആക്രമണം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും പരാതിയിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
സംഭവത്തിൽ ഉൾപ്പെട്ട ബജ്റംഗ്‌ദളിൻ്റെ എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യാൻ വനപർത്തി ജില്ലാ എസ്.പിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് മജ്‍ലിസ് ബച്ചാവോ തഹ്‍രീക് സംഘടന കത്ത് നൽകി.