ഇ ഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കരുവന്നൂര്‍ കേസില്‍ ഇ ഡി നടപടി തോന്നിവാസമാണെന്നും, ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തെളിവൊന്നും ഇല്ലാതിരിക്കുമ്പോള്‍ തെളിവ് എന്ന് പറഞ്ഞിട്ട് തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഇ ഡി ചെയ്യുന്നത്. പുകമറ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാണിത്. കരുവന്നൂര്‍ കേസില്‍ നിലവില്‍ ഇഡിയുടെ ഒരു നോട്ടീസും അറിയിപ്പും ലഭിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സിപിഎമ്മിനെ ഇഡി പ്രതി ചേര്‍ത്തിരുന്നു. സിപിഎമ്മിന്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന്റെ പേരിലുള്ള പൊറത്തുശ്ശേരി പാര്‍ട്ടി കമ്മിറ്റി ഓഫിസിന്റെ സ്ഥലം കണ്ടുകെട്ടുകയും പാര്‍ട്ടിയുടെ 60 ലക്ഷം രൂപ ഉള്‍ക്കൊള്ളുന്ന 8 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. മൊത്തം 29 കോടിയുടെ സ്വത്തുക്കളാണ് ഇഡി അറ്റാച്ച് ചെയ്തിരിക്കുന്നത്.