കമന്റ് സെക്ഷനില്‍ സിപിഎം നേതാവ് മേഴ്സിക്കുട്ടിയമ്മയേയും പ്രശാന്ത് അധിക്ഷേപിച്ചു
സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പരാമർശങ്ങള്‍ തുടർന്ന് കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക്, മാതൃഭൂമി ദിനപത്രം എന്നിവരെ അധിക്ഷേപിച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് പ്രശാന്ത്. കമന്റ് സെക്ഷനില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ മെഴ്സിക്കുട്ടിയമ്മയേയും പ്രശാന്ത് അധിക്ഷേപിച്ചു. 'മെഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ ബ്രോ? എന്ന കമന്റിനു 'ആരാണത്' എന്നായിരുന്നു എന്‍. പ്രശാന്തിന്റെ മറുപടി. യുഡിഎഫിനു വേണ്ടി വിടുപണി ചെയ്തയാളാണ് പ്രശാന്തെന്നായിരുന്നു മെഴ്സിക്കുട്ടിയമ്മയുടെ വിമർശനം.
രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിച്ചെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മെഴ്സിക്കുട്ടിയമ്മ വിമര്‍ശിച്ചത്. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച എന്‍. പ്രശാന്ത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനെന്നും മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനു വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അതിന്റെ ഭാഗമായിരുന്നുവെന്നും മെഴ്സിക്കുട്ടിയമ്മ ആരോപിച്ചു.
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിന് പിന്നാലെ ഐഎഎസ് തലപ്പത്ത് പോര് ശക്തമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു മെഴ്സിക്കുട്ടിയമ്മയുടെ വിമർശനം. എസ്സി, എസ്ടി ഉന്നമനത്തിനായി തുടങ്ങിയ 'ഉന്നതി'യുടെ സിഇഒ ആയിരുന്ന കാലത്തെ എൻ. പ്രശാന്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രശാന്ത് ഫേസ്ബുക്ക് പോര് ആരംഭിച്ചത്. തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്നാണ് പ്രശാന്തിൻ്റെ ആരോപണം. 'സ്പെഷൽ റിപ്പോർട്ടർ' എന്നാണ് ജയതിലകിനെ പ്രശാന്ത് വിശേഷിപ്പിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. സ്വയം കുസൃതി ഒപ്പിച്ചിട്ട് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നെന്നായിരുന്നു കെ.ഗോപാലകൃഷ്ണന് നേരെയുള്ള പ്രശാന്തിൻ്റെ പരിഹാസം. പോസ്റ്റില്‍ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി ജയതിലക് എന്ന വ്യക്തി തന്നെയാണെന്നും പ്രശാന്ത് അധിക്ഷേപിച്ചു. ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പ്രശാന്തിനോട് വിശദീകരണം തേടി.
ചീഫ് സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടിടും പ്രശാന്ത് പിന്നോട്ടില്ലെന്നാണ് ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. പോസ്റ്റില്‍ 'വിസില്‍ ബ്ലോവർ' എന്നാണ് എന്‍. പ്രശാന്ത് സ്വയം വിശേഷിപ്പിച്ചത്. 'പബ്ലിക് സ്ക്രൂട്ടണി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്ക് എടുത്ത് ഒരാൾ 'വിസിൽ ബ്ലോവർ' ആവുന്നത് എന്നത് ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു ഐഎഎസുകാരനെങ്കിലും ധൈര്യപൂർവ്വം ഒരു 'വിസിൽ ബ്ലോവർ' ആയേ പറ്റൂ. തൽക്കാലം ഞാനല്ലാതെ ആര്?', പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതി.
മെഴ്സിക്കുട്ടിയമ്മയെ കൂടാതെ മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദനും എന്‍. പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാർ വാങ്ങിയെന്നും റിപ്പോർട്ട് തയ്യാറാക്കിയ അഡീഷണൽ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് ഗോപകുമാർ മുകുന്ദന്റെ ആരോപണം.
എന്‍. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
താഴെക്കാണുന്ന വാർത്തയിലെ ഡോ. ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോർട്ടിന്റെ കോപ്പിയിൽ ഡോ.ജയതിലക് "വട്ടം വരച്ച്" ഡോ.ജയതിലക് തന്നെ എഴുതിയ വാർത്ത ഇന്നും മാതൃഭൂമി ഒന്നാം പേജ് ലീഡാക്കിയെന്ന് അറിഞ്ഞു. വ്യാജ രേഖ ചമക്കൽ തൊട്ട് ഗൂഡാലോചന വരെ! തേങ്ക്സ് 😝
പല സുഹൃത്തുക്കളും ചോദിക്കുന്നു, അദ്ദേഹത്തിന്റെയും ഗോപാലകൃഷ്ണന്റെയും പേര് പറയാതെ പോസ്റ്റ് ചെയ്താൽ പോരെ എന്ന്. അല്ലെങ്കിൽ മറ്റൊരു മാധ്യമം വഴി അവർ ചെയ്യുന്ന അതേ പരിപാടി ചെയ്താൽ പോരേ എന്ന്. അതിലൊരു ചറിയ പ്രശ്നമുണ്ട് വർമ്മ സാറേ... 😈😋😜
സർക്കാർ ഫയലിൽ കാര്യങ്ങൾ എഴുതിത്തീർത്താൽ പോരെ എന്ന് മറ്റ് ചിലർക്കെങ്കിലും സംശയം തോന്നാം. അനവധി അഴിമതിക്കേസുകളിൽ ആരോപിതനായാലും, CBI അന്വേഷണം വരെ എത്തിയാലും, മാധ്യമ-കച്ചവട-മാഫിയ സംഘത്താൽ സംരക്ഷിക്കപ്പെടുന്നവരെ കുറിച്ചുള്ള ഫയലുകളിൽ സ്വാഭാവികമായും നടപടിയാവുമെന്ന് ചിന്തിക്കുന്നത് അതിരുകടന്ന നിഷ്കളങ്കതയാണ്.
താഴെക്കാണുന്ന CBI അന്വേഷണത്തെക്കുറിച്ച് മാതൃഭൂമിയിലെ നട്ടെല്ലുള്ള ഒരു ലേഖകൻ ആദ്യം ചെയ്ത വാർത്ത യൂട്യൂബിൽ കിടപ്പുണ്ട്. മാതൃഭൂമി ആ വിഷയം പിന്നീട് മുക്കാൻ കാരണമെന്തായിരിക്കും? മിക്ക മാധ്യമങ്ങളിലും ഡോ.ജയതിലകിനെതിരെ വാർത്ത ചെയ്യാൻ വിലക്കുണ്ട്. എന്ത് കൊണ്ടായിരിക്കും?
18 വർഷം സർവ്വീസായ IAS ഉദ്യോഗ്സ്ഥനോട് മാതൃഭൂമിയെപ്പോലൊരു മഞ്ഞപ്പത്രത്തെ കൂട്ട് പിടിച്ച് ബാലിശമായ വ്യാജ നരേറ്റീവ് സൃഷ്ടിക്കാൻ ധൈര്യപ്പെടുന്ന വ്യക്തി മറ്റ് കീഴുദ്യോഗ്സ്ഥരോട് എന്തൊക്കെ ചെയ്ത് കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ? അദ്ദേഹം കൽപ്പിക്കുന്ന രീതിയിൽ ഫയൽ/റിപ്പോർട്ട്/നോട്ടെഴുതാൻ വിസമ്മതിച്ച എത്ര സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് ഇടനാഴിയിൽ വെറുതേ നടന്നാൽ കേൾക്കാം. അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ. Public scrutiny ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്ക് എടുത്ത് ഒരാൾ 'വിസിൽ ബ്ലോവർ' ആവുന്നത് എന്നത് ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു IAS കാരനെങ്കിലും ധൈര്യപൂർവ്വം ഒരു 'വിസിൽ ബ്ലോവർ' ആയേ പറ്റൂ. തൽക്കാലം ഞാനല്ലാതെ ആര്?
IAS കാരുടെ സർവ്വീസ് ചട്ടപ്രകാരം സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്. മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമർശിക്കരുതെന്നല്ല. അഞ്ച് കൊല്ലം നിയമം പഠിച്ച എനിക്ക് സർവ്വീസ് ചട്ടങ്ങളെക്കുറിച്ച് മഞ്ഞപ്പത്രത്തിന്റെ എഡിറ്റോറിയൽ ഉപദേശം വേണ്ട. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണ്.
ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാൻ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ. He picked on the wrong person at the end of that long list of his. 😀
പൊതുജനമധ്യത്തിൽ സിവിൽ സർവ്വീസിന്റെ 'വില' കളയാതിരിക്കാൻ മൗനം പാലിക്കാനും ചിലർ ഉപദേശിക്കുന്നു. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവിൽ സർവ്വീസിൽ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടത്? പിന്തിരിപ്പൻ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളിൽ 'പീഡോഫീലിയ' പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ രഹസ്യമായി വെക്കാൻ ഉപദേശിക്കുന്ന അതേ ലോജിക്!
വിവരങ്ങൾ പുറത്ത് വരുന്നതിൽ എന്തിനാണ് ഭയം? ഇതേ പേജിൽ എല്ലാ വിവരങ്ങളും വരും. ചില്ല്! ഒരു വിസിൽ ബ്ലോവർക്ക് Indian Whistle Blowers’ Protection Act, 2011 പ്രകാരം കിട്ടേണ്ടുന്ന എല്ലാ സംരക്ഷണവും സുരക്ഷയും ഞാൻ പ്രതീക്ഷിക്കുന്നു. Competent Authority യെ നോട്ടിഫൈ ചെയ്തതായി അറിവില്ലാത്തതിനാൽ ഇവിടെ പറയാനല്ലേ പറ്റൂ!
Let me assure you, my dear concerned friends & well-wishers, I clearly know what I’m doing. And I’ve decided to blow the whistle ❤️