ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൻമേൽ മുഖ്യമന്ത്രിയാണ് നടപടിക്ക് ഉത്തരവിട്ടത്
ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലും മല്ലു ഹിന്ദു വാട്ട്സ്ആപ്പ് വിവാദത്തിലും സർക്കാർ നടപടി. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനെയും കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെയും സസ്പെൻഡ് ചെയ്തു. മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ. ഗോപാലകൃഷ്ണനെതിരെ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എ. പ്രശാന്തിനെതിരായ അച്ചടക്ക നടപടിയെടുത്തത്.
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയാണ് നടപടിക്ക് ഉത്തരവിട്ടത്. ഫെയ്സ് ബുക്ക് പോസ്റ്റിൽ സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും, ചട്ടലംഘനമില്ലെന്നും എൻ. പ്രശാന്ത് പ്രതികരിച്ചു. ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തതെന്നും, വിശദീകരണം ചോദിക്കാതെയാണ് നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. ഗോപാലകൃഷ്ണനേയും അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനേയും ഉന്നമിട്ടാണ് എൻ. പ്രശാന്ത് ഫെയ്‌സ്‌സ്ബുക്കിൽ വിമർശനം ഉന്നയിച്ചത്. ജയതിലകിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിലുണ്ടാകുമെന്നും പ്രശാന്ത് ഫെയ്സ്‌ബുക്കിലൂടെ വെളിപ്പെടുത്തി. ജയതിലകിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പോസ്റ്റ് ചെയ്യും. വിവരാവകാശ പ്രകാരം പൊതുജനത്തിന് അറിയാൻ കഴിയുന്ന കാര്യങ്ങൾ മാത്രമായിരിക്കും ഇപ്പോൾ വെളിപ്പെടുത്തുക. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവാഹമില്ലെന്നും പ്രശാന്ത് പറയുന്നു.
എന്‍.പ്രശാന്ത് ഐഎഎസിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ജെ.മെഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിച്ചെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മെഴ്‌സിക്കുട്ടിയമ്മ വിമര്‍ശിച്ചിരുന്നു.ഇതിനു പിന്നാലെ 'മെഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ ബ്രോ? എന്ന കമന്‍റിനു 'ആരാണത്' എന്നായിരുന്നു എന്‍. പ്രശാന്തിന്‍റെ മറുപടി. യുഡിഎഫിനു വേണ്ടി വിടുപണി ചെയ്തയാളാണ് പ്രശാന്തെന്നായിരുന്നു മെഴ്സിക്കുട്ടിയമ്മയുടെ വിമർശനം.
സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പരാമർശങ്ങള്‍ കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്ത് തുടർന്നിരുന്നു.അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക്, മാതൃഭൂമി ദിനപത്രം എന്നിവരെ അധിക്ഷേപിച്ച് പ്രശാന്ത് വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിന്നു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിച്ചെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മെഴ്‌സിക്കുട്ടിയമ്മ വിമര്‍ശിച്ചത്. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച എന്‍. പ്രശാന്ത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനു വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അതിന്‍റെ ഭാഗമായിരുന്നുവെന്നും മെഴ്സിക്കുട്ടിയമ്മ ആരോപിച്ചു.
ALSO READ: ഞാന്‍ 'വിസിൽ ബ്ലോവർ', തല്‍ക്കാലം ഞാനല്ലാതെ ആര്? ഫേസ്ബുക്ക് പോര് തുടർന്ന് എന്‍. പ്രശാന്ത്
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിന് പിന്നാലെ ഐഎഎസ് തലപ്പത്ത് പോര് ശക്തമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു മെഴ്സിക്കുട്ടിയമ്മയുടെ വിമർശനം. എസ്‌സി, എസ്‌ടി ഉന്നമനത്തിനായി തുടങ്ങിയ 'ഉന്നതി'യുടെ സിഇഒ ആയിരുന്ന കാലത്തെ എൻ. പ്രശാന്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രശാന്ത് ഫേസ്ബുക്ക് പോര് ആരംഭിച്ചത്. തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്നാണ് പ്രശാന്തിൻ്റെ ആരോപണം.
'സ്പെഷൽ റിപ്പോർട്ടർ' എന്നാണ് ജയതിലകിനെ പ്രശാന്ത് വിശേഷിപ്പിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. സ്വയം കുസൃതി ഒപ്പിച്ചിട്ട് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നെന്നായിരുന്നു കെ.ഗോപാലകൃഷ്ണന് നേരെയുള്ള പ്രശാന്തിൻ്റെ പരിഹാസം. പോസ്റ്റില്‍ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി ജയതിലക് എന്ന വ്യക്തി തന്നെയാണെന്നും പ്രശാന്ത് അധിക്ഷേപിച്ചു. ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പ്രശാന്തിനോട് വിശദീകരണം തേടി.
ചീഫ് സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടിടും പ്രശാന്ത് പിന്നോട്ടില്ലെന്നാണ് ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. പോസ്റ്റില്‍ 'വിസില്‍ ബ്ലോവർ' എന്നാണ് എന്‍. പ്രശാന്ത് സ്വയം വിശേഷിപ്പിച്ചത്. 'പബ്ലിക് സ്ക്രൂട്ടണി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂവെന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് ഒരാൾ 'വിസിൽ ബ്ലോവർ' ആവുന്നത് എന്നത് ദയവായി മനസിലാക്കുക. ഭരണഘടനയുടെ 311ാം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു ഐഎഎസുകാരനെങ്കിലും ധൈര്യപൂർവം ഒരു 'വിസിൽ ബ്ലോവർ' ആയേ പറ്റൂ. തൽക്കാലം ഞാനല്ലാതെ ആര്?', പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതി.
മേഴ്സിക്കുട്ടിയമ്മയെ കൂടാതെ മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദനും എന്‍. പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാർ വാങ്ങിയെന്നും റിപ്പോർട്ട് തയ്യാറാക്കിയ അഡീഷണൽ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് ഗോപകുമാർ മുകുന്ദന്‍റെ ആരോപണം. ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് ഇടയിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.