പാലക്കാട് ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാണ് ശിവരാജൻ ആവശ്യപ്പെട്ടിരുന്നത്
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ലെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ. ആര് സ്ഥാനാർഥിയായാലും ജയിക്കും. സിപിഎമ്മിന് കെട്ടിവെച്ച കാശ് കിട്ടില്ലെന്നും ശിവരാജൻ പറഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാണ് ശിവരാജൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്ന തീരുമാനം പുറത്തുവന്നതോടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ALSO READ: EXCLUSIVE| സി. കൃഷ്ണകുമാർ പാലക്കാട് ബിജെപി സ്ഥാനാർഥി; പ്രഖ്യാപനം ഇന്നുണ്ടായേക്കും
പാലക്കാട് ബിജെപി ആരെ സ്ഥാനാർഥിയാക്കുമെന്നതിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. തുടക്കത്തിൽ സി കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യം ഉയർന്നുവന്നെങ്കിലും സുരേന്ദ്രനെ ഒരു വിഭാഗം പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയിലേക്കാണ് ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാവശ്യവുമായി മറ്റൊരു വിഭാഗം എത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ശോഭ സുരേന്ദ്രൻ്റെ പേരാണ് നിർദേശിച്ചിരുന്നത്. പാലക്കാട് നഗരത്തില്‍ ശോഭ സുരേന്ദ്രനായി ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കടുത്ത പോരാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പാലക്കാട് ജനപ്രീതിയുള്ള സ്ഥാനാർഥിയെ നിർത്തണമെന്നാണ് ബിജെപിയുടെ തീരുമാനം. കെ. സുരേന്ദ്രനെയാണ് കേന്ദ്ര നേതൃത്വം പരിഗണിച്ചതെങ്കിലും അദ്ദേഹം വിസമ്മതിച്ചതോടെ സി. കൃഷ്ണകുമാറിനെ തന്നെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ.പി സരിനുമാണ് രംഗത്തുള്ളത്.