മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രാദേശിക നേതാവായ ഫാഹിം ഷമീം ഖാനാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് ഭാഷ്യം.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിന് നേതൃത്വം നൽകിയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയെന്ന് പറയപ്പെടുന്ന പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാനാണ് അറസ്റ്റിലായത്. മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രാദേശിക നേതാവായ ഫാഹിം ഷമീം ഖാനാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് ഭാഷ്യം. അക്രമത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങൾക്ക് തീയിടുകയും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു.
ഒരു വ്യക്തിയുടെയോ സംഘടനയുടെയോ പ്രവൃത്തിയാണോ അക്രമത്തിന് പിന്നിലെന്നത് പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,200 പേർക്കെതിരെ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. അതിൽ 200ഓളം പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നഗരത്തിൽ സംഘർഷമുണ്ടായത്. വിശ്വ ഹിന്ദു പരിഷത്തും, ബജ്റങ് ദളും നടത്തിയ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം. നാഗ്പൂരിലെ മഹൽ എന്ന പ്രദേശത്താണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. സംഘർഷത്തിൽ പൊലീസുകാരുൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും, നിരവധി വീടുകളും വാഹനങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കുകും ചെയ്തു.
അഗ്നിശമന സേനയുടെ ഉൾപ്പെടെ വാഹനങ്ങൾക്കാണ് പ്രതിഷേധക്കാർ തീയിട്ടത്. അക്രമത്തിൽ നിരവധി ഫയർമാൻമാർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. ശിവജി ചൗക്കിൽ മറാത്ത ചക്രവർത്തി ശിവജിയുടെ ജന്മദിനം ആഘോഷിക്കാൻ വിശ്വാസികൾ എത്തിയിരുന്നു. ഇതിനിടെയാണ് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ഹിന്ദു സംഘടനകളായ ബജ്റംഗ് ദളും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടത്. തുടർന്ന് ഇരുസംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. പിന്നാലെയാണ് സംഘർഷം ഉണ്ടായത്. തങ്ങളുടെ വിശുദ്ധ ഗ്രന്ഥം പ്രതിഷേധക്കാർ കത്തിച്ചുവെന്നാണ് മുസ്ലീം സമൂഹം ആരോപിക്കുന്നത്.