fbwpx
ചർച്ച പരാജയം ; ഓണറേറിയം കൂട്ടണമെന്നാണ് സർക്കാരിനും ആഗ്രഹമെന്ന് വീണാ ജോർജ്, നാളെ മുതൽ ആശമാരുടെ നിരാഹാര സമരം
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Mar, 2025 07:45 PM

സമരത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി

KERALA


ആശാ വർക്കേഴ്സ് അസോസിയേഷനും ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയും പരാജയം. സമരം നിർത്തി പോകണമെന്ന് മന്ത്രി പറഞ്ഞുവെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദേശങ്ങളോ പരിഗണനകളോ ചർച്ചയിൽ ഉണ്ടായില്ല. ഓണറേറിയം കൂട്ടണം എന്നാണ് സർക്കാരിനും ആഗ്രഹമെന്ന് വീണാ ജോർജ് അറിയിച്ചു. ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറും നടത്തിയ ചർച്ചകൾ തീരുമാനമാകാതെയാണ് പിരിഞ്ഞത്. നാളെ മുതൽ നിരാഹാരസമരം തുടങ്ങാനാണ് ആശമാരുടെ തീരുമാനം. സമരത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. അനിശ്ചിതകാല നിരാഹാര സമരം രാവിലെ 11 മണിക്കാകും ആരംഭിക്കുക. സമരസമിതി ജനറൽ സെക്രട്ടറി എം.എ. ബിന്ദു , ആശാ പ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് ആദ്യം നിരാഹാരം അനുഷ്ഠിക്കുന്ന മൂന്ന് പേർ.


രണ്ട് ആവശ്യങ്ങളാണ് ചർച്ചയിൽ ആശാ ഫെഡറേഷൻ ഉന്നയിച്ചതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഓണറേറിയം 21,000 ആക്കി ഉയർത്തണം. എക്സിറ്റ് ആകുമ്പോൾ ബെനിഫിറ്റായി അഞ്ച് ലക്ഷം രൂപ നൽകണം. 2016ൽ മുൻ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ കൊടുത്താണ് പുതിയ സർക്കാർ തുടങ്ങിയത്. 7000 രൂപയാണ് ഇപ്പോൾ കൊടുക്കുന്നത്. ഓണറേറിയം വർധിപ്പിക്കണമെന്ന നിലപാട് തന്നെയാണ് സംസ്ഥാനത്തിനുള്ളത്", മന്ത്രി പറഞ്ഞു. ഇപ്പോൾ അത് മൂന്നിരട്ടിയായി വർധിപ്പിക്കണമെന്നത് ജനാധിപത്യപരമായി ചർച്ച ചെയ്തേ ആലോചിക്കാൻ പോലും കഴിയൂ. രണ്ടാഴ്ച കഴിയുമ്പോൾ കേന്ദ്രത്തോട് വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. ആശമാരോട് സർക്കാരിന് അനുകൂല നിലപാടാണ്. കേന്ദ്ര ആരോഗ്യ മന്ത്രിയെ ഈ ആഴ്ച കാണുമെന്നും ഇൻസെൻ്റീവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും വീണാ ജോർജ് അറിയിച്ചു. സന്നദ്ധ പ്രവർത്തകർ എന്ന നിർവചനമടക്കം മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Also Read: ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയം; കയ്യിൽ പണമില്ലെന്ന് NHM ഡയറക്ടർ


ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർഥിച്ചതായി മന്ത്രിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. "ഓണറേറിയം രണ്ട് രീതിയിലാണ് നൽകുന്നത്. ഒന്ന് സംസ്ഥാനം മാത്രമായി നൽകുന്നു. ഇൻസെന്റീവ് സംസ്ഥാനവും കേന്ദ്രവും ചേർന്ന് നൽകുന്നു. സംസ്ഥാന സർക്കാർ ആശമാർക്ക് നൽകുന്ന ഓണറേറിയം 7000 രൂപയാണ്. കേന്ദ്രവും സംസ്ഥാനവും നൽകുന്ന ഫിക്സ്ഡ് ഇൻസെന്റീവ് 3000 രൂപയാണ്. ആ ഫിക്സ്ഡ് ഇൻസെന്റീവിൽ 1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. അതു കൂടാതെ ഒരോ സേവനങ്ങൾക്കുമുള്ള ഇൻസെന്റീവ് ലഭിക്കുമെന്നും അതിലും 60-40 ശതമാനം എന്ന നിലയ്ക്കാണ് സംസ്ഥാനവും കേന്ദ്രവും പണം നൽകുന്നത്. 2006ൽ കേന്ദ്രമാണ് ഇൻസെന്റീവ് നിശ്ചയിച്ചിട്ടുള്ളത്. അത് പിന്നീട് കൂട്ടിയിട്ടില്ല. 2017ലെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ടെക്നിക്കൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായി",  മന്ത്രി പറഞ്ഞു.


ആശമാർക്ക് നല്ല രീതിയിലുള്ള ഒരു പ്രവർത്തന സാഹചര്യമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. 26,125 ആശമാരാണ് സംസ്ഥാനത്തുള്ളത്. സമരത്തിലുള്ളത് 400-450 ആശമാരാണ്. ആശമാർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിരുന്നു. അതിൽ 13,000 പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഒന്നരവർഷം മുൻപാണ് അതെന്നും അതിനു ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. ഇൻഷുറൻസിൽ ഉൾപ്പെട്ടാൽ അത് സംസ്ഥാനമാണ് കൊടുക്കുന്നത്. ആശമാരോട് ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രം ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.


Also Read: പിണറായി സർക്കാരിൻ്റെ നാലാം വാർഷികം: ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍


തെറ്റായ ചില പ്രചരണങ്ങളും ഇതിനൊക്കെ ഒപ്പം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലാണ് ആശമാർ ഏറ്റവും കൂടുതൽ പണിയെടുക്കുന്നതെന്നായിരുന്നു ഒന്ന്. ഇക്കാര്യം ചർച്ചയിൽ ഉന്നയിച്ചു. കേരളത്തിൽ ദേശീയ ​ഗൈഡ്‌ലൈനിൽ കൂടുതൽ ജോലി ചെയ്യേണ്ട സാഹചര്യമില്ല. ആശമാർക്ക് മറ്റ് തൊഴിലുകൾ ചെയ്യാൻ പറ്റില്ലെന്നായിരുന്നു രണ്ടാമത്തെ കാര്യം. കോവിഡ് കാലത്ത് അത്തരമൊരു നിബന്ധന വെച്ചിരുന്നു. 17-11- 2021ൽ സ്റ്റേറ്റ് മിഷൻ പുറത്തിറക്കിയ സർക്കുലറിൽ ഇത് ഒഴിവാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.


അതേസമയം, ആശാ പ്രവർത്തകരുടെ ഇൻസെൻ്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ജെ.പി.  നഡ്ഡ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതല സമിതി ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ആയുഷ്മാൻ ഭാരത് അടക്കമുള്ള പദ്ധതികളുമായി ആശാപ്രവർത്തകരെ ബന്ധിപ്പിച്ചിട്ടുണ്ട് എന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നഡ്ഡ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമാണെന്നും സാമ്പത്തിക സാങ്കേതിക സഹായം ഉറപ്പാക്കുകയും നയ രൂപീകരണവും ആണ് കേന്ദ്രത്തിന്റെ ചുമതല എന്നും നഡ്ഡ പറഞ്ഞു. പലതും ഇല്ലെന്നു പരാതിപ്പെടുമ്പോൾ അത് ആരു ചെയ്യേണ്ടതാണെന്ന് കൂടി പരിശോധിക്കണമെന്നായിരുന്നു കേന്ദ്ര മന്ത്രി മറുപടി. 

KERALA
ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ്, ശരീരത്തിൽ ആകെ 11 മുറിവുകൾ, കൊല നടത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്
Also Read
user
Share This

Popular

KERALA
KERALA
"വിഭജനത്തിന്‍റെ പാത പ്രോത്സാഹിപ്പിക്കരുത്"; യാക്കോബായ സഭയുടെ കാതോലിക്ക വാഴ്ചയെ എതിർത്ത് പാത്രിയർക്കീസ് ബാവയ്ക്ക് ഓർത്തഡോക്സ് സഭയുടെ കത്ത്