ചുരാചന്ദ്പൂർ പട്ടണത്തിലും പരിസരത്തും ശാന്തത പുനഃസ്ഥാപിക്കാൻ സുരക്ഷാ സേന ഫ്ലാഗ് മാർച്ചുകൾ നടത്തി
മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി മേഖലയായ ചുരാചന്ദ്പൂർ ജില്ലയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 53കാരനായ ലാൽറോപുയി പഖുമതേയാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഹമർ ട്രൈബൽ ഗ്രൂപ്പും സോമി വിഭാഗവും തമ്മിൽ സംഘർഷം ആരംഭിച്ചത്. സോമി വിഭാഗം തങ്ങളുടെ പതാക ഉയർത്തുന്നതിനെ ഹമർ വിഭാഗം എതിർത്തതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. രണ്ട് ഗോത്രങ്ങളും തമ്മിൽ സമാധാനക്കരാർ ഉണ്ടാക്കിയതിന് പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്. മാർച്ച് 16 ന് രാത്രി സെൻഹാങ്ങിൽ ഒരു ഹമർ നേതാവിനെ ആക്രമിച്ചതിനെ തുടർന്ന് സംഘർഷങ്ങൾ ആരംഭിച്ചതിനെ തുടർന്ന് ജില്ലയിൽ ഇതിനകം തന്നെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
അക്രമം രൂക്ഷമാവുകയും ജനക്കൂട്ടം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതോടെ, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാസേന കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ഉണ്ടായി. ചിലർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.
സംഘർഷം രൂക്ഷമായതോടെ സോമി സ്റ്റുഡൻ്സ് ഫെഡറേഷൻ അനിസ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാനും ഇവർ ആഹ്വാനം ചെയ്തു. പൊതുജനങ്ങൾ സമാധാനവും ക്രമസമാധാനവും നിലനിർത്തണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ധരുൺ കുമാർ എസ്. അഭ്യർഥിച്ചു. ചുരാചന്ദ്പൂർ പട്ടണത്തിലും പരിസരത്തും ശാന്തത പുനഃസ്ഥാപിക്കാൻ സുരക്ഷാ സേന ഫ്ലാഗ് മാർച്ചുകൾ നടത്തി.
ALSO READ: നാഗ്‌പൂർ സംഘർഷം: പ്രധാന സൂത്രധാരനായ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമായി തുടരുകയാണ്. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന് ചർച്ചകളിൽ ഏർപ്പെടാൻ ജില്ലാ അധികാരികൾ സമുദായ നേതാക്കളോട് അഭ്യർഥിച്ചു. ചുരാചന്ദ്പൂർ, ഫെർസാൾ ജില്ലകളിലെ ആറ് എംഎൽഎമാർ സമാധാനവും സർക്കാർ ഇടപെടലും ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറക്കി.